വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയാൽ സമ്പന്നമായതും ഉയർന്ന പോഷകസമൃദ്ധവുമായ ഭക്ഷണമാണ് മുട്ട. മുട്ട പതിവായി അല്ലെങ്കിൽ ദിവസവും കഴിക്കുന്ന നിരവധി പേരുണ്ട്.
മുട്ടയിൽ കാണപ്പെടുന്ന കൊളസ്ട്രോൾ ഹൃദ്രോഗത്തിന് കാരണമാകാറുണ്ട്. മറ്റ് പല ഭക്ഷണങ്ങളേക്കാളും മുട്ടയിൽ കൊളസ്ട്രോൾ കൂടുതലാണ്. എന്നിരുന്നാലും, അവ പ്രയോജനകരമായ ബയോ ആക്റ്റീവ് സംയുക്തങ്ങളും മറ്റ് രോഗങ്ങളെ ചെറുക്കുന്ന പോഷകങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.
എന്നാൽ, ഒരു ദിവസം എത്ര മുട്ട കഴിക്കാമെന്ന സംശയവും ഇപ്പോഴും പലർക്കുമുണ്ട്. മുട്ടകൾ കഴിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യത പലർക്കും വ്യത്യസ്തമാണ്. ഭക്ഷണത്തിൽ കൊളസ്ട്രോൾ കൂടുതലാണെങ്കിൽ മുട്ട കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതാണ് നല്ലത്. കൊളസ്ട്രോളിന്റെ അളവ് സാധാരണവും ഹൃദ്രോഗ സാധ്യതാ ഘടകങ്ങളും ഇല്ലാത്ത ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിക്ക്, പ്രതിദിനം 1-2 മുട്ടകൾ സുരക്ഷിതമാണെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ആരോഗ്യമുള്ള 38 മുതിർന്നവരിൽ നടത്തിയ ഒരു ചെറിയ പഠനത്തിൽ പ്രതിദിനം 3 മുട്ടകൾ കഴിക്കുന്നത് എൽഡിഎൽ, എച്ച്ഡിഎൽ എന്നിവയുടെ അളവും എൽഡിഎൽ-എച്ച്ഡിഎൽ അനുപാതവും മെച്ചപ്പെടുത്തി. എങ്കിലും ആരോഗ്യ വിദഗ്ധർ പ്രതിദിനം 2 മുട്ടയിൽ കൂടുതൽ നിർദേശിക്കുന്നില്ല. പലരും ഒരു മുട്ട കഴിക്കാനും നിർദേശിക്കുന്നു.
മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ
- വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് കോളിൻ, സെലിനിയം, ബി വിറ്റാമിനുകൾ
- ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്നും ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും ശരീരകോശങ്ങളെ സംരക്ഷിക്കാൻ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു.
- ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. മുട്ട കഴിക്കുന്നതിലൂടെ കൂടുതൽ നേരം വയർനിറഞ്ഞതായി തോന്നാനും അങ്ങനെ ദിവസം മുഴുവൻ കലോറി കുറച്ച് കഴിക്കാനും സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.