ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മികച്ച ഭക്ഷണമാണ് ഈന്തപ്പഴം. അവ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. മാത്രമല്ല, ഈ പഴങ്ങളിലെ നാരുകളും കൊഴുപ്പുകളും ആരോഗ്യം മെച്ചപ്പെടുത്തും. ശരീരത്തിൽനിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
മധുരം കഴിക്കാൻ തോന്നുമ്പോൾ, കലോറി കൂട്ടാതെ സംതൃപ്തി നൽകാൻ ഈന്തപ്പഴം സഹായിക്കും. മധുരവും കാർബോഹൈഡ്രേറ്റ് അടങ്ങിയതുമാണെങ്കിലും, താഴെ പറയുന്ന കാരണങ്ങളാൽ ശരീരഭാരം കുറയ്ക്കാനും ഈന്തപ്പഴം സഹായിക്കും.
- ഉയർന്ന ഫൈബർ ഉള്ളടക്കം
ഈന്തപ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകൾ മൂന്ന് തരത്തിൽ പ്രവർത്തിച്ച് ശരീരഭാരം കുറയ്ക്കുന്നു. ആദ്യത്തേത്, നാരുകൾ വൻകുടലിൽ ഭക്ഷണം ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കുന്നു, അതുവഴി ദീർഘനേരം വയർ നിറഞ്ഞതായി തോന്നുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ പെട്ടെന്നുള്ള വർധനവും തടയുന്നു. രണ്ടാമതായി, കൊഴുപ്പ് ആഗിരണം ചെയ്യുന്നത് തടയുന്നു. മൂന്നാമതായി, നാരുകൾ കുടലിൽ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകളുടെ ഉൽപാദനത്തിന് സഹായിക്കുന്നു, ഇത് നല്ല കുടൽ ബാക്ടീരിയയ്ക്കുള്ള ഭക്ഷണമാണ്. ഈ കുടൽ ബാക്ടീരിയകൾ ദഹനത്തെ സഹായിക്കുന്നു.
- അപൂരിത ഫാറ്റി ആസിഡിന്റെ ഉയർന്ന ഉള്ളടക്കം
എല്ലാ കൊഴുപ്പുകളും മോശമല്ല. ഈന്തപ്പഴത്തിൽ കാണപ്പെടുന്ന അപൂരിത ഫാറ്റി ആസിഡുകൾ പോലെ. ഈ അപൂരിത ഫാറ്റി ആസിഡുകൾ വീക്കം കുറയ്ക്കാൻ സഹായിക്കും. ഈന്തപ്പഴത്തിൽ നല്ല അളവിൽ അപൂരിത ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അവ കഴിക്കുന്നതിലൂടെ വീക്കം കുറയ്ക്കാനും അതുവഴി ശരീരഭാരം വർധിക്കാനുള്ള സാധ്യത കുറയ്ക്കാനും കഴിയും.
- പ്രോട്ടീന്റെ നല്ല ഉറവിടം
ഈന്തപ്പഴം പ്രോട്ടീനാൽ സമ്പുഷ്ടമാണ്. പ്രോട്ടീനുകൾ ദഹിപ്പിക്കാൻ പ്രയാസമാണ്. ഇതിലൂടെ ദീർഘനേരം വയർ നിറഞ്ഞ പ്രതീതി അനുഭവപ്പെടുന്നു. കൂടാതെ, പ്രോട്ടീനുകൾ പേശികളുടെ നിർമ്മാണത്തിനും കേടുപാടുകൾ തീർക്കുന്നതിനും സഹായിക്കും.
- ആന്റിഓക്‌സിഡന്റ് സമ്പുഷ്ടം
ഡ്രൈ ഫ്രൂട്ട്‌സ് ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഈന്തപ്പഴത്തിൽ ആന്തോസയാനിൻ, ഫിനോളിക്സ്, കരോട്ടിനോയിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ വിഷവസ്തുക്കളെ പുറന്തള്ളാനും മെറ്റബോളിസവും ദഹനവും മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് ഇടയാക്കുന്നു.
- മധുരം കഴിക്കാനുള്ള ആഗ്രഹം നിറവേറ്റുന്നു
ഈന്തപ്പഴം മധുരം നിറഞ്ഞതാണ്. ഭക്ഷണം കഴിച്ചശേഷം മധുരം കഴിക്കാൻ തോന്നുന്നുവെങ്കിൽ രണ്ടു ഈന്തപ്പഴം കഴിക്കുക. ഇതിലൂടെ ശരീരഭാരം കൂടുമെന്ന ഭയമില്ലാതെ ശരീരത്തിന് പോഷകങ്ങൾ ലഭ്യമാക്കാൻ സാധിക്കും.
ശരീര ഭാരം കുറയ്ക്കാൻ എത്ര എണ്ണം കഴിക്കണം?
ശരീര ഭാരം കുറയ്ക്കാൻ ഈന്തപ്പഴം സഹായിക്കും. അതുപോലെ, അമിതമായി കഴിച്ചാൽ ശരീര ഭാരം കൂട്ടാനും ഇടയാക്കും. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ദിവസം 4-6 ഈന്തപ്പഴം കഴിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.