/indian-express-malayalam/media/media_files/2024/12/10/fnHiv6Vn1wKWS5q46lpr.jpg)
Source: Freepik
പ്രമേഹമുള്ളവർ ഭക്ഷണക്രമത്തിൽനിന്ന് മധുരം ഒഴിവാക്കുകയാണ് ആദ്യം ചെയ്യാറുള്ളത്. പഞ്ചസാരയ്ക്കുപകരം മറ്റു ബദൽ മാർഗങ്ങളാണ് ഇക്കൂട്ടർ തേടാറുള്ളത്. എന്നാൽ, പ്രമേഹക്കാർക്കും നിയന്ത്രിതമായ അളവിൽ മധുരം കഴിക്കാം. മധുരത്തോടുള്ള ആസക്തികളെ ശമിപ്പിക്കാൻ കഴിയുന്ന പോഷകങ്ങൾ നിറഞ്ഞതുമായ ഓപ്ഷനാണ് ഈന്തപ്പഴം.
ഈന്തപ്പഴം നാരുകളാൽ നിറഞ്ഞതാണ്. ദഹനപ്രക്രിയയെ സഹായിക്കുകയും വയർവീർക്കൽ അല്ലെങ്കിൽ മലബന്ധം തടയുകയും ചെയ്യുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അവയിൽ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം പെട്ടെന്നുള്ള ഊർജം നൽകുന്നു. വൈറ്റമിനുകളായ സി, ഡി എന്നിവ ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയ ഈന്തപ്പഴം എല്ലുകളെ ബലപ്പെടുത്താനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
പ്രമേഹക്കാർക്ക് ഈന്തപ്പഴം കഴിക്കാമോ?
എല്ലാവർക്കും ഈത്തപ്പഴം കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് അനുസരിച്ച് ഒന്നല്ല, കുറഞ്ഞത് രണ്ട് മൂന്ന് എണ്ണം കഴിക്കാം. പ്രമേഹരോഗികൾ ഉയർന്ന പഞ്ചസാരയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെടുന്നതിന്റെ കാരണം അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും എന്നതിനാലാണ്. വാസ്തവത്തിൽ, പ്രമേഹരോഗികൾക്ക് ഈന്തപ്പഴം ഗുണം ചെയ്യും, കാരണം അവയിൽ നാരുകൾ കൂടുതലാണ്. എന്നിരുന്നാലും, മിതമായ അളവിൽ കഴിക്കുന്നുവെന്ന് ഉറപ്പാക്കുക.
ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും: ആരോഗ്യമുള്ള വ്യക്തികൾ പോലും ഈന്തപ്പഴം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവിലും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിലും ഗുണം ചെയ്‌തേക്കുമെന്ന് ഒരു ഇസ്രായേലി പഠനം പറയുന്നു. ഈന്തപ്പഴത്തിൽ കൊളസ്ട്രോൾ അടങ്ങിയിട്ടില്ല. ഇരുമ്പ് കൊണ്ട് സമ്പുഷ്ടമായ ഇവയിൽ വാഴപ്പഴത്തേക്കാൾ കൂടുതൽ നാരുകളുമുണ്ട്.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും: ചെമ്പ്, മഗ്നീഷ്യം, സെലിനിയം, മാംഗനീസ് എന്നിവയുടെ സമ്പന്നമായ ഉറവിടങ്ങളാണ് ഈന്തപ്പഴം. എല്ലുകളെ ആരോഗ്യകരമായി നിലനിർത്തുന്നതിനും അസ്ഥി സംബന്ധമായ അവസ്ഥകൾ തടയുന്നതിനും ഈ പോഷകങ്ങളെല്ലാം പ്രധാനമാണ്.
മലബന്ധം അകറ്റും: ദിവസവും കുറഞ്ഞത് 20 മുതൽ 35 ഗ്രാം വരെ ഫൈബർ കഴിക്കുന്നത് ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് മലം മൃദുവാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
മസ്തിഷ്ക ആരോഗ്യത്തിന്: തലച്ചോറിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് ഈന്തപ്പഴം സംരക്ഷണം നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈന്തപ്പഴം പതിവായി കഴിക്കുന്നത് ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.
രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും: ഈന്തപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രക്താതിമർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു. ഇത് രക്തസമ്മർദം കുറയ്ക്കാൻ സഹായിച്ചേക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.