വാഴപ്പഴത്തിൽ ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുണ്ട്. പൊട്ടാസ്യം, വിറ്റാമിനുകൾ തുടങ്ങിയ പ്രധാന പോഷകങ്ങളാൽ സമ്പുഷ്ടമായ വാഴപ്പഴം വളരുന്ന കുട്ടികൾക്ക് ഏറ്റവും മികച്ച പഴമാണ്. വാഴപ്പഴം ഉടനടി ഊർജം നൽകുന്ന ഒന്നാണ്. ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു, ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു, വൃക്കയിലെ കല്ലുകൾ തടയുന്നു തുടങ്ങി വാഴപ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
മാംഗനീസ്, പൊട്ടാസ്യം, വിറ്റാമിനുകൾ സി, ബി 6 എന്നിവയുൾപ്പെടെ നിരവധി അവശ്യ പോഷകങ്ങളുടെ നല്ല ഉറവിടമാണ് വാഴപ്പഴം. എന്നാൽ അമിതമായി കഴിച്ചാൽ അപകടകരമാണ്. വാഴപ്പഴം ഇഷ്ടപ്പെടുന്നെങ്കിൽ, അവ ധാരാളം കഴിച്ചാൽ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ കൂടി അറിഞ്ഞിരിക്കണം.
മലബന്ധത്തിന് കാരണമാകും
വാഴപ്പഴം നാരുകളാൽ സമ്പുഷ്ടവും അന്നജം നിറഞ്ഞതുമാണ്. ഇത് ദഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്. കൂടാതെ ധാരാളം വാഴപ്പഴം കഴിക്കുന്നത് മലബന്ധത്തിന് കാരണമാകും. പഴത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ പെക്റ്റിൻ കുടലിൽ നിന്ന് വെള്ളം വലിച്ചെടുക്കുന്നു, ഇത് നിർജ്ജലീകരണമുണ്ടാക്കും.
ദഹനക്കേടിന് ഇടയാക്കും
നാരുകൾ ധാരാളം അടങ്ങിയ വാഴപ്പഴം അമിതമായി കഴിക്കുന്നത് മലബന്ധം, വയറുവേദന, അസ്വസ്ഥത, ഗ്യാസ്, വയർവീർക്കൽ എന്നിവ പോലും ഉണ്ടാക്കുന്നു. നാരുകൾ അമിതമാകുന്നത് കാൽസ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളുടെ ആഗിരണത്തെ തടസപ്പെടുത്തും.
പോഷക അസന്തുലിതാവസ്ഥ ഉണ്ടാക്കും
ശരീരത്തിന് എല്ലാ പോഷകങ്ങളുടെയും സന്തുലിതാവസ്ഥ ആവശ്യമാണ്. വാഴപ്പഴം അമിതമായി കഴിച്ചാൽ, മറ്റ് ഭക്ഷണങ്ങൾക്കായി ഇടം ലഭിക്കില്ല.
ശരീരഭാരം വർധിപ്പിക്കുന്നു
വാഴപ്പഴത്തിൽ കലോറി വളരെ കൂടുതലാണ്. ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. എന്നാൽ വളരെയധികം വാഴപ്പഴം കഴിക്കുകയാണെങ്കിൽ ശരീരഭാരം വർധിപ്പിക്കും.
ഉറക്കത്തിനും അലസതയ്ക്കും കാരണമാകും
നന്നായി ഉറങ്ങാൻ സഹായിക്കുന്ന അമിനോ ആസിഡായ ട്രിപ്റ്റോഫാൻ വാഴപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മിതമായി വാഴപ്പഴം കഴിക്കുകയാണെങ്കിൽ ആരോഗ്യത്തിന് നല്ലതാണ്. അമിതമായി കഴിക്കുന്നത് സെറോടോണിന്റെ ഉത്പാദനം വർധിപ്പിക്കും, ഇത് ഉറക്കവും അലസതയും ഉണ്ടാക്കും.
ഗുരുതരമായ ദന്തപ്രശ്നങ്ങൾക്ക് കാരണമാകുന്നു
വാഴപ്പഴത്തിൽ പഞ്ചസാര കൂടുതലായതിനാൽ ദന്തക്ഷയം, മോണയിലെ വീക്കം എന്നിവ പോലുള്ള നിരവധി ദന്ത പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ധാരാളം ഏത്തപ്പഴം കഴിക്കുമ്പോൾ ഉണ്ടാകുന്ന ആസിഡ് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും ചെയ്യും.
ഒരു ദിവസം എത്ര പഴം കഴിക്കാം
വാഴപ്പഴം എത്ര എണ്ണം കഴിക്കാമെന്നതിന് പ്രത്യേക നമ്പരുകളില്ല. ഇത് കലോറിയും പോഷക ആവശ്യങ്ങളും ആശ്രയിച്ചിരിക്കുന്നു. ആരോഗ്യമുള്ള മിക്ക ആളുകൾക്കും പ്രതിദിനം ഒന്നോ രണ്ടോ വാഴപ്പഴം മിതമായ അളവിൽ കഴിക്കാം. മറ്റ് പലതരം പോഷകങ്ങൾ അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുത്താൻ മറക്കരുത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.