/indian-express-malayalam/media/media_files/uploads/2023/06/diabetes-3.jpg)
കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം വിവിധ ലക്ഷണങ്ങൾ പ്രകടിപ്പിക്കും.(Pic source: Pixabay)
മൂന്ന് വർഷങ്ങൾക്കു മുൻപാണ് 45 കാരിയായ സുഖ്‌വിന്ദർ കൗറിന്റെ ജീവിതം തീർത്തും അപ്രതീക്ഷിതമായി മാറിമറിഞ്ഞത്. അവളുടെ കോവിഡ് പരിശോധന നെഗറ്റീവ് ആയെങ്കിലും രക്തത്തിലെ പഞ്ചസാര പരിശോധന ഫലം അങ്ങനെയായിരുന്നില്ല. 250 mg/dL എന്ന ഭയപ്പെടുത്തുന്ന അളവിലായിരുന്നു. ലാബിലെ ജീവനക്കാർ അവളോട് ഡോക്ടറെ കാണാൻ ആവശ്യപ്പെട്ടു. തനിക്ക് ടൈപ്പ് 2 ഡയബറ്റിസ് ആണെന്ന് കണ്ടെത്തിയപ്പോൾ അവൾ തളർന്നുപോയി.
കുടുംബ പാരമ്പര്യമായി ആർക്കും പ്രമേഹം ഇല്ലാതിരുന്നിട്ടും തനിക്ക് വന്നത് മാനസികമായി അവളെ തളർത്തി. തന്റെ ജീവിതശൈലിയെക്കുറിച്ചും ഭക്ഷണരീതിയെക്കുറിച്ചും ഡോക്ടറുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയപ്പോഴാണ് വിധിയെ കുറ്റപ്പെടുത്തിയതുകൊണ്ട് കാര്യമില്ലെന്ന് അവൾക്ക് ബോധ്യമായത്. തനിക്ക് പ്രമേഹം വന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ അല്ലെന്നും വർഷങ്ങളായി തന്റെ തെറ്റായ ജീവിതശൈലിമൂലം ക്ഷണിച്ചു വരുത്തിയതുമാണെന്ന് അവൾ തിരിച്ചറിഞ്ഞു.
''എനിക്ക് 85 കിലോയിൽ കൂടുതൽ ഭാരമുണ്ടായിരുന്നു. വീട്ടുജോലികൾ ഒഴികെ മറ്റൊന്നും വ്യായാമമെന്ന മുറയ്ക്ക് ഞാൻ ചെയ്തിരുന്നില്ല. ബിസിനസും കുടുംബവും നോക്കിയശേഷം ഒന്നു നടക്കാൻ പോകാനോ, യോഗ ചെയ്യാനോ, വീടിനകത്ത് തന്നെ ചെയ്യാവുന്ന ചെറിയ എന്തെങ്കിലും വ്യായാമം ചെയ്യാനോ സമയമില്ലായിരുന്നു. പക്ഷേ, ഏറ്റവും വലിയ പ്രശ്നം എന്റെ ഭക്ഷണക്രമമായിരുന്നു. പല പഞ്ചാബി കുടുംബങ്ങളെയും പോലെ, ആലു പറാത്ത, നെയ്യ് കൊണ്ടുള്ള ചപ്പാത്തി, മൂന്ന് പ്രധാന ഭക്ഷണത്തിനും ചോറ് തുടങ്ങി ഞങ്ങളുടെ ഭക്ഷണത്തിൽ പ്രാഥമികമായി കാർബോഹൈഡ്രേറ്റുകൾ കൂടുതലായിരുന്നു. നെയ്യ് അല്ലെങ്കിൽ ബട്ടർ ഉപയോഗിച്ചാണ് എല്ലാ ഭക്ഷണവും പാചകം ചെയ്തിരുന്നത്. മാത്രമല്ല, അവയിലൊക്കെ മസാല നല്ല അളവിൽ ചേർക്കുമായിരുന്നു. ഞങ്ങൾ പുറത്തുപോയി ഭക്ഷണം കഴിച്ചിരുന്നില്ല, പക്ഷേ വീട്ടിലെ ഭക്ഷണത്തിൽതന്നെ വലിയ അളവിൽ കലോറി ഉണ്ടായിരുന്നു. ഓരോ നേരത്തെ ഭക്ഷണത്തോടൊപ്പവും മധുരം നിർബന്ധമായിരുന്നു,'' സുഖ്‌വിന്ദർ തന്റെ ജീവിതശൈലിയെക്കുറിച്ച് ഓർത്തെടുത്തു.
മോശം ജീവിതശൈലി, ഭക്ഷണക്രമം, വ്യായാമക്കുറവ് എന്നിവ മൂലം ഇന്ത്യയിൽ വർധിച്ചുവരുന്ന പ്രമേഹരോഗികളുടെ പ്രതിനിധിയാണ് അവർ. സുഖ്‌വിന്ദറിന് പ്രമേഹം ബാധിച്ചതിൽ ഛണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (പിജിഐഎംഇആർ) എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം വകുപ്പിലെ ഡയബറ്റിസ് ക്ലിനിക്കിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.ആഷു റസ്തോഗിക്ക് അതിശയമില്ല. 2019-ൽ അദ്ദേഹം ഒരു പഠനത്തിന് നേതൃത്വം നൽകി. അതിൽ പങ്കെടുത്ത ഒരു കൂട്ടം ആളുകളെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ചു, അവരിൽ പലർക്കും സാധാരണ പരിധിയാണ് ഉണ്ടായിരുന്നത്. “വർഷങ്ങൾ ഞങ്ങൾ അവരെ നിരീക്ഷിച്ചു, സാധാരണ ഗ്രൂപ്പിൽ നിന്നുള്ള പലരും മോശം ജീവിതശൈലി കാരണം പ്രമേഹരോഗികളായി മാറിയതായി കണ്ടെത്തി,'' അദ്ദേഹം പറഞ്ഞു.
രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് കാരണം, സുഖ്‌വീന്ദറിന് ഉത്കണ്ഠ, അമിത വിയർപ്പ്, കാലുകളിൽ പറഞ്ഞറിയിക്കാനാകാത്ത വേദന, വിശപ്പില്ലായ്മ, കടുത്ത ദാഹം, ക്ഷീണം, ശ്വാസതടസം, പാദങ്ങളിൽ നീർവീക്കം, ചൊറിച്ചിൽ, കാഴ്ചശക്തി കുറവ് എന്നിവ അനുഭവപ്പെടാൻ തുടങ്ങി. ശാരീരിക മാറ്റങ്ങളും അസ്വസ്ഥതകളും കൂടാതെ, സുഖ്‌വീന്ദറിന് സമ്മർദവും നിയന്ത്രം നഷ്ടപ്പെടാനും തുടങ്ങി. ''ഞാൻ എത്ര തവണ ബാത്ത്‌റൂമിലേക്ക് പോയെന്നത് എണ്ണിയില്ല. ചിലപ്പോൾ ജോലിക്കിടയിൽനിന്നും പെട്ടെന്ന് ഓടിപ്പോകും. ഇതെന്റെ അവസാനത്തിന്റെ തുടക്കമാണോ എന്ന് ഞാൻ നിരന്തരം ആശങ്കാകുലയായിരുന്നു,'' അവർ പറഞ്ഞു.
സുഖ്‌വിന്ദർ ഡോക്ടറെ സന്ദർശിച്ച് മരുന്നുകൾ കഴിക്കാൻ തുടങ്ങി. മരുന്നിനു പുറമേ, ഡോക്ടർമാർ കർശനമായ കലോറി നിയന്ത്രിത ഭക്ഷണക്രമവും വ്യായാമവും അവൾക്ക് നിർദേശിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ അവളുടെ ഷുഗർനിലയും ശരീര ഭാരവും കുറഞ്ഞു. അവളുടെ ഇതുവരെയുള്ള ശീലങ്ങളെല്ലാം മാറ്റി. അതത്ര എളുപ്പമായിരുന്നില്ല, പക്ഷേ അവളുടെ പരിശ്രമം ഒടുവിൽ ഫലം കണ്ടു.
''എന്റെ കലോറി ഉപഭോഗം നിയന്ത്രിക്കാനും കാർബോഹൈഡ്രേറ്റുകളും മധുരപലഹാരങ്ങളും കുറയ്ക്കാനും എന്റെ ദൈനംദിന കാർബോഹൈഡ്രേറ്റ് അലവൻസ് അനുസരിച്ച് ഓരോ ഭക്ഷണവും അളക്കാനും കൂടുതൽ മണിക്കൂർ ഇരിക്കരുതെന്നും എന്നോട് പറഞ്ഞു. ചപ്പാത്തിക്കും ചോറിനും പകരം ഞാൻ ഇപ്പോൾ ബേസൻ റൊട്ടിയാണ് കഴിക്കുന്നത്. ഭക്ഷണത്തിന്റെ അളവ് കുറച്ചു, നാല് ചപ്പാത്തിക്ക് പകരം രണ്ട് ചപ്പാത്തിയാക്കി. കൊഴുപ്പ് അടങ്ങിയ ഭക്ഷണവും വറുത്ത ഭക്ഷണവും മധുരപലഹാരങ്ങളും പൂർണമായും കുറച്ചു. ഭക്ഷണത്തിന്റെ വലിയ ഭാഗം പച്ചക്കറികൾ, മുളപ്പിച്ച പയർവർഗങ്ങൾ, പ്രോട്ടീൻ, കലോറി കുറഞ്ഞ, പപ്പായ, പേരക്ക തുടങ്ങിയ ഉയർന്ന നാരുകളുള്ള പഴങ്ങൾ ഉൾപ്പെടുത്തി. കുറഞ്ഞത് 40 മിനിറ്റെങ്കിലും പതിവായി നടക്കാൻ പോയി. എന്റെ സമ്മർദ്ദം നിയന്ത്രിക്കാൻ ശ്വസന വ്യായാമങ്ങൾ ചെയ്തു, ഡോക്ടർമാരുടെ എല്ലാ നിർദേശങ്ങളും പാലിച്ചു, പ്രത്യേകിച്ച് മരുന്ന് കൃത്യസമയത്ത് കഴിക്കുകയും ഒരു ദിവസം പോലും കഴിക്കാതിരിക്കുകയോ ചെയ്തില്ല. എനിക്ക് ഇപ്പോൾ കൂടുതൽ പോസിറ്റീവ് തോന്നുന്നു, എന്റെ മുഴുവൻ കുടുംബവും നല്ല ഭക്ഷണം കഴിക്കുന്നുവെന്നും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും ആരോഗ്യത്തെ അവഗണിക്കുന്നില്ലെന്നും ഞാൻ ഉറപ്പാക്കുന്നു,'' അവൾ അഭിപ്രായപ്പെട്ടു.
''2010 ൽ 150 മുതൽ 200 പേരായിരുന്നു പുതുതായി രോഗബാധിതരായി എത്തിയത്. എന്നാൽ ഇന്ന് 500 മുതൽ 600 പേർവരെ എത്തുന്നു. ഇന്ത്യയിൽ ഏകദേശം 101 ദശലക്ഷം ആളുകൾ പ്രമേഹബാധിതരാണെന്നും 136 ദശലക്ഷം ആളുകൾ പ്രീ ഡയബറ്റിസ് ഘട്ടങ്ങളിലാണെന്നും ഐസിഎംആറിന്റെ ഏറ്റവും പുതിയ പഠനം പറയുന്നു. പ്രമേഹം കൂടാതെ, അമിതവണ്ണം, രക്തസമ്മർദം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയ ഉപാപചയ വൈകല്യങ്ങളും കൂടുതലായി കാണപ്പെടുന്നു. കുടുംബപരമായി ആർക്കും പ്രമേഹം ഇല്ലെങ്കിലും 40 വയസിനു ശേഷം പ്രമേഹ പരിശോധന ഉറപ്പായും വേണമെന്ന് ഇത് കാണിക്കുന്നു,'' ഡോ.റാസ്‌തോഹി പറഞ്ഞു.
ഉപാപചയ വൈകല്യങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായ പൊണ്ണത്തടിക്ക് എല്ലാ പ്രായത്തിലുമുള്ളവരും ഇരയാകുന്നു. രക്തത്തിലെ ഗ്ലൂക്കോസ് 140 mg/dL-ൽ കൂടുതലാണെങ്കിൽ പ്രീ-ഡയബറ്റിസിനെ സൂചിപ്പിക്കുന്നു, 200-ൽ കൂടുതലാണെങ്കിൽ പ്രമേഹരോഗിയാകാൻ സാധ്യതയുണ്ട്. HbA1c ടെസ്റ്റ് 5.7 മുതൽ 6.4 വരെയുള്ളത് പ്രീ ഡയബറ്റിസ് ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശരീരഭാരം അഞ്ച് ശതമാനം കുറയ്ക്കുന്നതുപോലുള്ള ജീവിതശൈലി മാറ്റങ്ങൾ പ്രമേഹസാധ്യത 60 ശതമാനം കുറയ്ക്കുമെന്ന് ഡോക്ടർ ഉറപ്പുനൽകുന്നു. ''സാധാരണ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയിലാകുന്നതുവരെ കാണിക്കുന്നത് വരെ ഒരു വർഷത്തേക്ക് പരിശോധനകൾ നിർത്തരുത്. ഫാസ്റ്റിങ് ഷുഗർ ഭക്ഷണത്തിന് ശേഷം 100mg/dL-ൽ താഴെയും 140 mg/dL-ൽ താഴെയും ആയിരിക്കണം. സ്ത്രീകൾക്ക് പ്രമേഹം, പൊണ്ണത്തടി എന്നിവയ്ക്കുള്ള സാധ്യത 1.5 മടങ്ങ് കൂടുതലാണ്, കാരണം അവർ വീട്ടുജോലികളെ ഒരു വ്യായാമമായി കണക്കാക്കുന്നു. ആഴ്ചയിൽ 150 മിനിറ്റ് ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങളിൽ ഏർപ്പെടുക. ജീവിതശൈലിയിലെ ലളിതമായ മാറ്റങ്ങൾ, പതിവ് പരിശോധന, ഡോക്ടറുടെ നിർദേശം പിന്തുടരുക എന്നിവയാണ് പ്രമേഹം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഏറ്റവും നല്ല മാർഗങ്ങൾ,'' ഡോ.റാസ്‌തോഹി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.