scorecardresearch
Latest News

പ്രമേഹം വൃക്കയെ ബാധിക്കുന്നുണ്ടോയെന്ന് എങ്ങനെ അറിയാം? ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത്?

പാലുൽപ്പന്നങ്ങൾ, ബീൻസ്, നട്‌സ്, കോളകൾ, പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ എന്നിവയിൽ ഫോസ്ഫറസ് കൂടുതലായതിനാൽ അവ കഴിക്കാൻ പാടില്ല

kidney, health, ie malayalam

പ്രമേഹം ദീർഘകാലാടിസ്ഥാനത്തിൽ മറ്റു വിവിധ അവയവങ്ങളെയും അപകടത്തിലാക്കിയേക്കാം. പ്രമേഹ രോഗികൾ ഏറെ ആശങ്കപ്പെടുന്നത് വൃക്കകളുമായി ബന്ധപ്പെട്ട തകരാറുകളാണ്. പ്രമേഹമുള്ളവരിൽ മൂന്നിലൊന്നിൽ കൂടുതൽ ആളുകൾ വൃക്കസംബന്ധമായ സങ്കീർണതകൾ നേരിടുന്നുവെന്ന് മാക്സ്‌ ഹെൽത്ത്കെയറിലെ ഡോ.അംബ്രിഷ് മിത്തൽ പറയുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമാണെങ്കിലും രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ, ആദ്യഘട്ടങ്ങളിൽ അവർക്ക് അസാധാരണമായി ഒന്നും അനുഭവപ്പെടില്ല. എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ വർധനവ് നീണ്ടുനിൽക്കുന്നത്, പ്രത്യേകിച്ച് ഉയർന്ന രക്തസമ്മർദത്തോടൊപ്പമുണ്ടെങ്കിൽ വൃക്കകളെ ബാധിക്കും. കിഡ്‌നി രോഗവുമായി ബന്ധപ്പെട്ട ജലാംശം/വീക്കം പോലുള്ളവ തിരിച്ചറിയുമ്പോഴേക്കും വൃക്കകളെ സാരമായി ബാധിച്ചിട്ടുണ്ടാകും.

രക്തത്തിന്റെയും മൂത്രത്തിന്റെയും പരിശോധനയിലൂടെ രോഗനിർണയം നേരത്തെ തന്നെ നടത്താം. മൂത്രത്തിൽ പ്രോട്ടീൻ വർധിക്കുന്നതാണ് ആദ്യ ലക്ഷണം, വർഷത്തിൽ ഒരിക്കലെങ്കിലും ഇത് പരിശോധിക്കേണ്ടതുണ്ടെന്ന് ഡോ.അബ്രിംഷ് അഭിപ്രായപ്പെട്ടു.

പ്രമേഹമുള്ളവർ വൃക്കകളെ സംരക്ഷിക്കാൻ ചെയ്യേണ്ടത് എന്ത്?

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയാണ് പ്രധാനം. സാധാരണഗതിയിൽ, ഒരു HbA1c (മുമ്പത്തെ മൂന്ന് മാസത്തെ പ്രമേഹ നിയന്ത്രണത്തിന്റെ അളവ്) 7 ശതമാനത്തിലോ അതിൽ താഴെയോ ആയിരിക്കണം. പ്രമേഹത്തിന്റെ പ്രായം, ദൈർഘ്യം, സങ്കീർണതകൾ എന്നിവയെ അടിസ്ഥാനമാക്കി ഇവ വ്യത്യാസപ്പെടാം. പ്രമേഹമുള്ളവർ മൂന്ന് മാസത്തിലൊരിക്കൽ HbA1c ടെസ്റ്റ് ചെയ്യണം. രക്തസമ്മർദം 130/80 ന് താഴെയായിരിക്കണം, ഒരു സാഹചര്യത്തിലും 140/90 ന് മുകളിലാവരുത്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനു പുറമേ, മൂത്രനാളിയിലെ ഇടയ്ക്കിടെയുള്ള അണുബാധകൾ ചികിത്സിക്കേണ്ടതുണ്ട്. കാരണം അണുബാധകൾ വൃക്കകളുടെ പ്രവർത്തനം കുറയുന്നതിന് വിപരീത കാരണമായേക്കാം.

വേദനസംഹാരികളുടെ അനിയന്ത്രിതമായ ഉപയോഗമാണ് ഇന്ത്യയിൽ കിഡ്നി തകരാറുകൾക്ക് കാരണമാകുന്ന പ്രധാന കാരണം. ഇവ വൃക്കകൾക്ക് വിഷമാണ്. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രം അവ കഴിക്കുക. പുകവലിയും നിർബന്ധമായും ഉപേക്ഷിക്കണം. എസിഇ ഇൻഹിബിറ്ററുകൾ, എആർബികൾ തുടങ്ങിയ വൃക്കകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന രക്തസമ്മർദം കുറയ്ക്കുന്ന മരുന്നുകളും എംപാഡാപ്പ- അല്ലെങ്കിൽ കാനാഗ്ലിഫ്ലോസിൻ പോലുള്ള പുതിയ പ്രമേഹ വിരുദ്ധ മരുന്നുകളും വൃക്കകളെ മാത്രമല്ല, ഹൃദയത്തെയും സംരക്ഷിക്കുന്നു. ഇവ പ്രമേഹത്തെ തുടർന്നുണ്ടാകുന്ന വൃക്കരോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സമീപനത്തെ മാറ്റിമറിച്ചിട്ടുണ്ട്.

ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

പ്രമേഹരോഗികൾക്കും വൃക്കരോഗങ്ങൾക്കുമുള്ള ഭക്ഷണക്രമം ന്യൂട്രീഷ്യനിസ്റ്റുമായി സംസാരിച്ചശേഷം തീരുമാനിക്കുക. വീട്ടിൽ തയ്യാറാക്കിയ ശുദ്ധമായ ഭക്ഷണം കഴിക്കുക. പ്രോസസ് ചെയ്തതോ റസ്റ്ററന്റ് ഭക്ഷണങ്ങളോ പരമാവധി ഒഴിവാക്കുക. പ്രോട്ടീൻ ഉപഭോഗം കുറവായതിനാൽ മിക്ക ഇന്ത്യൻ രോഗികൾക്കും പ്രോട്ടീൻ നിയന്ത്രണം ആവശ്യമില്ല. ഉപ്പിന്റെ ഉപഭോഗം കുറയ്ക്കണം. പഴച്ചാറുകൾ, തേങ്ങ വെള്ളം, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടി വന്നേക്കാം. പാലുൽപ്പന്നങ്ങൾ, ബീൻസ്, നട്‌സ്, കോളകൾ, പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ എന്നിവയിൽ ഫോസ്ഫറസ് കൂടുതലായതിനാൽ അവ കഴിക്കാൻ പാടില്ല. വ്യായാമവും മതിയായ ഉറക്കവും പ്രമേഹത്തെ നിയന്ത്രിക്കുന്നതിലും അതിന്റെ ദോഷകരമായ സങ്കീർണതകൾ തടയുന്നതിലും വളരെയധികം സഹായിക്കും.

തുടക്കം മുതൽ ഈ അടിസ്ഥാനകാര്യങ്ങൾ പാലിക്കുകയാണെങ്കിൽ പ്രമേഹരോഗികളിലെ വൃക്ക സംബന്ധമായ തകരാറുകൾ തടയുകയോ കാലതാമസം വരുത്തുകയോ ചെയ്യാമെന്ന് ഡോ.അംബ്രിഷ് പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: How do you know if diabetes is affecting your kidney