ഇടയ്ക്കിടെ മുഖത്ത് സ്‌പർശിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ടാകും? അതൊരു മോശം ശീലമാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. ദിവസം മുഴുവൻ നമ്മൾ പലവിധ വസ്തുക്കളിൽ സ്പർശിക്കാറുണ്ട്. ഉദാഹരണത്തിന് വാതിൽപ്പിടി, ലിഫ്റ്റ് ബട്ടൺ തുടങ്ങിയവ. അവിടെയൊക്കെ കൊറോണ വൈറസ് അടക്കമുളള നിരവധി വൈറസുകൾ ദിവസങ്ങളോളം തങ്ങി നിൽക്കും. അവിടെ നിന്നും നിങ്ങളുടെ വിരൽത്തുമ്പിലൂടെ നിങ്ങളുടെ മൂക്കിലേക്കോ വായിലേക്കോ കണ്ണിലേക്കോ അവയ്ക്കെത്താനാവും. ഇവയെല്ലാം കൊറോണ വൈറസ്, മറ്റ് വൈറസുകൾ, അണുക്കൾ എന്നിവയ്ക്കുളള പ്രവേശന കവാടങ്ങളാണ്.

ഒരു പഠനം പറയുന്നത് നമ്മള്‍ മണിക്കൂറില്‍ 23 തവണ മുഖത്ത് സ്പര്‍ശിക്കുന്നുണ്ടെന്നാണ്. അതായത് നമ്മള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ വൈറസിനെ നമ്മുടെ ശരീരത്തിലേക്ക് കടത്തിവിടാന്‍ ഏകദേശം 400 അവസരങ്ങള്‍ ഉണ്ടെന്നാണ്. അതിനാല്‍ മുഖത്ത് സ്പര്‍ശിക്കരുത്.

കൊറോണ വൈറസുകൾ നമ്മുടെ മുഖത്തേക്ക് എത്തുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് പലർക്കും അറിയില്ല. വൈറസ് സാന്നിധ്യമുളള എന്തിലെങ്കിലും നമ്മുടെ കൈ തൊടുകയും, ആ കൈ ഉപയോഗിച്ച് മുഖം സ്പർശിക്കുകയും ചെയ്യുന്നത് വൈറസ് പടരാനുളള സാധ്യതയ്ക്കിടയാക്കും.

Read Also: വിരൽ ഞൊടിക്കാറുണ്ടോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

”പെട്ടെന്ന് ഉപേക്ഷിക്കാൻ കഴിയാത്തൊരു മോശം ശീലമാണിത്. കാരണം നമ്മളെല്ലാം ഇത് ചെയ്യുന്നവരാണ്. ചില സമയങ്ങളിൽ നമ്മൾ അറിയാതെ തന്നെ ചെയ്തുപോകാറുണ്ട്,” എൻവൈയു ലാംഗോൺ ഹെൽത്തിലെ ഡിപ്പാർട്മെന്റ് ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.വനേസ റാബെ പറയുന്നു.

മുഖത്ത് സ്പർശിക്കുന്ന ശീലം മാറ്റാനുളള ചില എളുപ്പ വഴികൾ

കയ്യിൽ എപ്പോഴും ടിഷ്യു കരുതുക

മുഖത്ത് ചൊറിയാനോ മൂക്ക് തടവാനോ ഗ്ലാസുകൾ ശരിയാക്കാനോ തോന്നുന്നെങ്കിൽ വിരലുകൾക്ക് പകരം ടിഷ്യു ഉപയോഗിക്കുക. നിങ്ങൾക്ക് തുമ്മാൻ തോന്നുകയാണെങ്കിൽ, ആ സമയം ടിഷ്യു കയ്യിൽ ഇല്ലെങ്കിൽ കൈയ്യിനെക്കാൾ കൈമുട്ടിലേക്ക് തുമ്മാൻ ആരോഗ്യ വിദഗ്ധർ പറയുന്നു. കയ്യിൽ തുമ്മുന്നത് നിങ്ങളിലുളള അണുക്കളെ മറ്റ് ആളുകൾക്കോ നിങ്ങളുടെ ചുറ്റുമുള്ള വസ്തുക്കളിലേക്കോ പകരാനുളള സാധ്യത വർധിപ്പിക്കുന്നു.

പ്രേരണയെ തിരിച്ചറിയുക

നിങ്ങൾ മുഖത്ത് തൊടാനുണ്ടാകുന്ന പ്രേരണയെന്താണെന്നാണ് ആദ്യം തിരിച്ചറിയേണ്ടതെന്ന് റാബെ പറയുന്നു. ”ദിവസം മുഴുവൻ നിങ്ങളെ ശ്രദ്ധിക്കുക. മുഖത്ത് നിങ്ങൾ എപ്പോൾ, എന്തിനാണ് സ്പർശിക്കുന്നതെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടുകഴിഞ്ഞാൽ അതിനുളള പരിഹാരം നിങ്ങൾക്കു തന്നെ കണ്ടെത്താനാകും. കണ്ണുകൾ വരണ്ടതിനാലാണ് നിങ്ങൾ തടവുന്നതെന്നു മനസിലാക്കിയാൽ മോയ്സ്ചറൈസിങ് തുള്ളികൾ ഉപയോഗിക്കുക. താടിക്ക് കൈ കൊടുക്കുന്നുവെങ്കിൽ അല്ലെങ്കിൽ മുടി ഒതുക്കാനാണ് കൈ ഉപയോഗിക്കുന്നതെങ്കിൽ അത് തിരിച്ചറിയുക,” റാബെ പറഞ്ഞു.

കോൺടാക്ട് ലെൻസുകൾ ഉപയോഗിക്കുന്ന രോഗികൾ പകരം ഗ്ലാസ് ധരിക്കുന്നത് പരിഗണിക്കണമെന്ന് സ്റ്റാൻഫോർഡ് ഹെൽത്തിലെ ഡെർമറ്റോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജസ്റ്റിൻ കോ പറയുന്നു. വൈറസ് പകരുന്നത് തടയാൻ മാസ്കുകൾ വളരെ ഫലപ്രദമല്ലെങ്കിലും, മൂക്കിലോ വായിലോ സ്പർശിക്കുന്നത് തടയാൻ അവ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. വീടിനുളളിൽ അല്ലെങ്കിൽ നിങ്ങളുടെ ഡെസ്ക്ടോപ്പിൽ ഇതു സംബന്ധിച്ച് കുറിപ്പുകൾ എഴുതി വയ്ക്കുന്നത് ഓർമപ്പെടുത്താൻ സഹായിക്കും.

കൈകൾ എപ്പോഴും ബിസിയാക്കുക

കയ്യിൽ സ്ട്രെസ് ബോൾ പിടിക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യുന്നതിലൂടെ മുഖത്ത് സ്പർശിക്കാനുളള പ്രേരണ കുറയുമെന്ന് ഡോട്കർമാർ പറയുന്നു. നിങ്ങൾ ഉപയോഗിക്കുന്ന ആ വസ്‌തു പതിവായി വൃത്തിയാക്കാനും ശുദ്ധിയാക്കാനും മറക്കരുത്. നിങ്ങളുടെ പക്കൽ സ്ട്രെസ് ബോൾ ഇല്ലെങ്കിൽ കൈകൾ നിങ്ങൾക്ക് മടിയിൽ ചേർത്ത് വയ്ക്കാം അല്ലെങ്കിൽ അവ സജീവമായി ഇടപഴകുന്നതിനുള്ള മറ്റൊരു മാർഗം കണ്ടെത്താം, അതിലൂടെ അവയെ നിങ്ങളുടെ മുഖത്തേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കാം.

സുഗന്ധമുള്ള സോപ്പ് അല്ലെങ്കിൽ ലോഷൻ ഉപയോഗിക്കുന്നത് സഹായകമാകുമെന്ന് ചിക്കാഗോയിലെ നോർത്ത് വെസ്റ്റേൺ മെഡിസിൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സാച്ച് സിക്കോറ പറഞ്ഞു. കൈകൾ നിങ്ങളുടെ മുഖത്തോട് അടുക്കുമ്പോൾ, ആ മണം നിങ്ങളെ കൂടുതൽ ബോധവാന്മാരാക്കും.

ഇത് ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാം. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പോലും അതിനോട് പോരടിച്ചിട്ടുണ്ട്. ”ആഴ്ചകളായി ഞാൻ എന്റെ മുഖത്ത് സ്പർശിച്ചിട്ടില്ല! ആഴ്ചകളായി,”എയർലൈൻ ചീഫ് എക്സിക്യൂട്ടീവുകളുടെ യോഗത്തിൽ ട്രംപ് പറഞ്ഞു.

എപ്പോഴും ഊർജസ്വലരായിക്കുക

”മുഖം സ്പർശിക്കുന്നതിനെക്കുറിച്ച് ആശങ്കാകുലരാകുന്നതിനുപകരം ആളുകൾ അവരുടെ സമ്മർദം കുറയ്ക്കാൻ ശ്രമിക്കണമെന്നാണ് എന്റെ പൊതുവായ ഉപദേശം,” നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ സൈക്യാട്രി, ബിഹേവിയറൽ സയൻസസ് പ്രൊഫസർ സ്റ്റീഫ് ശങ്ക്മാൻ പറഞ്ഞു. ”സമ്മർദം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു, മാത്രമല്ല നിങ്ങൾ കൂടുതൽ സമ്മർദം അനുഭവിക്കുന്തോറും അണുബാധകൾക്കെതിരെ പോരാടാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവ് കുറയുന്നു.”

ഈ നിമിഷത്തിൽ ആയിരിക്കാൻ ശ്രമിക്കുക, ധ്യാനവും മനസിന് ഉന്മേഷം പകരുന്ന വ്യായാമങ്ങൾ പരിശീലിക്കുകയും നിങ്ങളുടെ ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. ഇതൊക്കെ നിങ്ങളുടെ മോശം ശീലത്തെ മാറ്റാൻ സഹായിക്കും. നിങ്ങളുടെ കൈകൾ വൃത്തിയായിരിക്കുന്നിടത്തോളം നിങ്ങളുടെ മുഖത്ത് സ്പർശിക്കുന്നതു കൊണ്ട് കുഴപ്പമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook