വിശപ്പ് തോന്നുമ്പോൾ ആദ്യം നമ്മൾ കഴിക്കാൻ എടുക്കുക ഒരു പാക്കറ്റ് ചിപ്സോ, പഞ്ചസാര ഒരുപാട് നിറഞ്ഞ മിൽക്ക് ഷേയ്ക്കോ, ബിസ്‌ക്കറ്റോ പോലുള്ള ലഘുഭക്ഷണങ്ങളാകാം. ഇവ വിശപ്പ് കുറച്ചേക്കാം എന്നാൽ കലോറി വർധിപ്പിക്കുന്നു. അപ്പോൾ ലഘുഭക്ഷണമായി കലോറി വർധിക്കാതെ എന്താണ് കഴിക്കാൻ കഴിയുന്നത്? അതിനുള്ള ഉത്തരമാണ് സാലഡ് വെള്ളരിക്ക. ഇത് ലഘുഭക്ഷണമായോ ഭക്ഷണത്തിനുശേഷമോ കഴിക്കാം.
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ ഒരു വെള്ളരിക്ക തിരഞ്ഞെടുക്കേണ്ടതിനെപ്പറ്റി പോഷകാഹാര വിദഗ്ധയായ മോഹിത മസ്‌കരേനസ് പറയുന്നു.
“നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ വെള്ളരിക്കയും നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. കലോറി കുറച്ചുകൊണ്ട് തന്നെ വെള്ളരിക്ക വിശപ്പ് നിയന്ത്രിക്കുന്നു. ഭക്ഷണം കഴിച്ചതിന് ശേഷവും നിങ്ങൾക്ക് വിശപ്പ് തോന്നുന്ന സമയങ്ങളിൽ, ആകെ മടുപ്പ് തോന്നുമ്പോൾ എന്തെങ്കിലും കഴിക്കാൻ തോന്നുമ്പോൾ കുക്കുമ്പർ ഒരു തികഞ്ഞ കുറഞ്ഞ കലോറി ലഘുഭക്ഷണമാകുന്നു,” മോഹിത പറഞ്ഞു.
മോഹിതയുടെ അഭിപ്രായത്തിൽ ഒരു വലിയ വെള്ളരിക്കയിൽ കലോറി 20ൽ താഴെയാണ്. “കഴുകി കഷ്ണങ്ങളാക്കി കഴിക്കാം. ഇത് മുകളിൽ മസാല വിതറിയും കഴിക്കാം. ഹൈഡ്രേറ്റിംഗ് ആയിരിക്കുമ്പോൾ തന്നെ വെള്ളരിക്ക വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ഇത് ചർമ്മത്തിനും കുടലിനും ഹൃദയത്തിനും എല്ലുകൾക്കും നല്ലതാണ്,”മോഹിത പറയുന്നു.
“പോഷകങ്ങൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ഒരു നിധിപെട്ടിയാണ് വെള്ളരിക്കയെന്നും അത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായും ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു.
“ഇത് രണ്ട് സവിശേഷതകൾ മൂലമാണ്. ഈ പച്ചക്കറിയിൽ 90 ശതമാനത്തിലധികം വെള്ളമുള്ളതും വളരെ ജലാംശം നൽകുന്നതുമാണ്. ജലാംശം കൂടുതൽ ഉള്ളതിനാൽ നിങ്ങൾക്ക് പെട്ടെന്ന് വിശപ്പ് അനുഭവപ്പെടുന്നില്ല. രണ്ടാമതായി, ഇതിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലവിസർജ്ജനം സുഗമമാക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു,” ഗരിമ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
100 ഗ്രാം വെള്ളരിക്കയിലെ പോഷകഗുണങ്ങൾ
കലോറി – 82 kJ അല്ലെങ്കിൽ 19.59 kcal
ഈർപ്പം – 92.96 ഗ്രാം
പ്രോട്ടീൻ – 0.71 ഗ്രാം
കൊഴുപ്പ് – 0.16 ഗ്രാം
ഫൈബർ – 2.14 ഗ്രാം
കാർബോഹൈഡ്രേറ്റ്സ് – 3.48 ഗ്രാം
വെള്ളിരിക്കയുടെ ആരോഗ്യഗുണങ്ങൾ:
വിട്ടുമാറാത്ത രോഗങ്ങളെ തടയുക
ഫ്രീ റാഡിക്കൽ രൂപീകരണം സംഭവിക്കാത്തതിനാൽ, കാൻസർ, ഹൃദയ രോഗങ്ങൾ അല്ലെങ്കിൽ സ്വയം രോഗപ്രതിരോധ രോഗങ്ങൾ പോലുള്ള വിവിധ വിട്ടുമാറാത്ത രോഗങ്ങളെ തടയാൻ ഇത് സഹായിക്കുന്നു.
പ്രമേഹം
പ്രമേഹരോഗികളിൽ ഇത് മാറ്റം വരുത്തുന്നുണ്ടോ എന്നതിന് കൂടുതൽ ഗവേഷണം ആവശ്യമാണെങ്കിലും മൃഗങ്ങളുടെ പരീക്ഷണങ്ങളും ടെസ്റ്റ് ട്യൂബ് പഠനങ്ങളും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹ സങ്കീർണതകൾ തടയുന്നു, ഗരിമ പറഞ്ഞു.
ഭക്ഷണത്തിൽ വെള്ളരിക്ക ചേർക്കാനുള്ള വഴികൾ
കുക്കുമ്പറുകൾക്ക് വ്യക്തമായ ഉന്മേഷദായകമായ സ്വാദുണ്ട്.
“അവ നിങ്ങളുടെ സാലഡിലോ സാൻഡ്‌വിച്ചുകളിലോ ചേർക്കുക. ഇതിൽ ഉപ്പ്, കുരുമുളക്, ഒലിവ് ഓയിൽ, മറ്റേതെങ്കിലും സാലഡ് ഡ്രെസ്സിംഗുകൾ എന്നിവ ഉപയോഗിക്കുക. ഉന്മേഷദായകമായ പാനീയം ഉണ്ടാക്കാൻ, വെള്ളരിക്ക അരിഞ്ഞത്, പുതിനയില, തുളസി ഇലകൾ, കുറച്ച് നാരങ്ങ എന്നിവ ചേർക്കുക. ഇത് കൂടുതൽ ആരോഗ്യകരമാക്കാൻ നിങ്ങൾക്ക് കുറച്ച് ചീരയോ സെലറിയോ ചേർക്കാം. കുക്കുമ്പർ നൂഡിൽസ് സ്‌പൈറൽ കട്ടർ ഉപയോഗിച്ച് മുറിച്ച് ആസ്വദിക്കാം,” ഗരിമ നിർദ്ദേശിച്ചു.
കുക്കുമ്പർ തൊലി കളയാതെ കഴിക്കുക, കാരണം അത് നാരുകളുടെ ഉള്ളടക്കം വർദ്ധിപ്പിക്കുകയും കൂടുതൽ വിറ്റാമിനുകളും ധാതുക്കളും നൽകുകയും ചെയ്യും. ജൈവ ഇനങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.