ജീവിതത്തിൽ ഒരിക്കലെങ്കിലും കരയാത്തവരായി ആരുമുണ്ടാകില്ല. ചിലർ സങ്കടം വരുമ്പോൾ മാത്രമല്ല സന്തോഷം വരുമ്പോഴും കരയും. ഒരു വികാരത്തോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് കരച്ചിൽ. ഇത് കണ്ണുകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ”കരച്ചിൽ ആരോഗ്യകരവും സാധാരണവും മാനുഷികവുമായ പ്രവർത്തനമാണ്. മാനസിക വേദന കുറയ്ക്കാനും കണ്ണുകളെ ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നു,” കരയുന്നതിന്റെ ഗുണങ്ങൾ വിശദീകരിച്ചുകൊണ്ട് തെറാപ്പിസ്റ്റ് അന്ന പാപ്പയോന്നൂ ഇൻസ്റ്റഗ്രാം കുറിപ്പിൽ എഴുതി.
കണ്ണുനീരിന്റെ തരത്തെക്കുറിച്ചും കണ്ണുകളെ ആരോഗ്യകരമായി നിലനിർത്താൻ അവ എങ്ങനെ സഹായിക്കുന്നുവെന്നതിനെക്കുറിച്ചും അന്ന വിശദീകരിച്ചിട്ടുണ്ട്.
ബേസൽ കണ്ണുനീർ: ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള ഐസോസൈം എന്ന ദ്രാവകം അടങ്ങിയിരിക്കുന്ന കണ്ണുനീരാണ് ബേസൽ കണ്ണുനീർ. കണ്ണുകളെ ഈർപ്പമുള്ളതാക്കാനും ബേസൽ കണ്ണുനീർ സഹായിക്കുന്നു.
റിഫ്ലെക്സ് കണ്ണുനീർ: കണ്ണുകൾക്ക് അസ്വസ്ഥതയുണ്ടാകുന്നതു മൂലമാണ് ഈ കണ്ണുനീർ ഉണ്ടാകുന്നത്. അത് ചിലപ്പോൾ പൊടി മൂലമോ ഉള്ളി മുറിക്കുന്നതോ ഒക്കെയാകാം.
ഇമോഷണൽ കണ്ണുനീർ: ഇമോഷണൽ കണ്ണുനീർ ശരീരത്തെ ശാന്തമാക്കുന്നതിനും വേദന കുറയ്ക്കുന്നതിനും സഹായിക്കും. ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്ന സ്ട്രെസ് ഹോർമോണുകളും അവയിൽ അടങ്ങിയിട്ടുണ്ട്.
കരച്ചിലിന്റെ ഗുണങ്ങളും കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ അവ എങ്ങനെ സഹായിക്കുന്നുവെന്നും അന്ന പറഞ്ഞിട്ടുണ്ട്.
ആരോഗ്യമുള്ള ഞരമ്പുകൾ: മനുഷ്യന്റെ കണ്ണുനീർ നാഡീ-വളർച്ച ഘടകങ്ങളുടെ ഉറവിടമാണ്. ഇത് നാഡീകോശങ്ങളുടെ വളർച്ചയ്ക്കും നിലനിൽപ്പിനും കൂടുതൽ പിന്തുണ നൽകുന്നു.
മനസിനെ ശാന്തമാക്കും: കരച്ചിൽ സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കാൻ സഹായിക്കുന്നു, അതുവഴി ശരീരത്തെ ശാന്തമാക്കുകയും പാരാസിംപതിറ്റിക് നാഡീവ്യവസ്ഥയെ സജീവമാക്കുകയും ചെയ്യുന്നു.
അനുകമ്പ: കരച്ചിൽ ഒരു വ്യക്തിഗത പ്രക്രിയയാണെങ്കിലും, അത് അനുകമ്പയും സാമൂഹിക സ്വഭാവവും വർധിപ്പിച്ചതായി കാണുന്നു.
വേദന: വേദനയോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് കരച്ചിൽ. എൻഡോർഫിൻ, ഓക്സിടോസിൻ എന്നിവ പുറത്തുവിടുന്നതിലൂടെ വേദന കുറയ്ക്കാൻ സഹായിക്കുന്നു.
കണ്ണുകളെ ശുദ്ധീകരിക്കുന്നു: കണ്ണുകളെ വൃത്തിയും നനവുമുള്ളതാക്കാൻ കണ്ണുനീർ സഹായിക്കുന്നു.
കാഴ്ച: നമ്മൾ കണ്ണടയ്ക്കുമ്പോഴെല്ലാം ഉത്പാദിപ്പിക്കുന്ന ബേസൽ കണ്ണുനീർ, കണ്ണുകളെ ഈർപ്പമുള്ളതാക്കുന്നതിനും സംരക്ഷിക്കുന്നതിനും സഹായിക്കും.
സമ്മർദം: സ്ട്രെസ് ഹോർമോണുകളിൽ നിന്ന് ആശ്വാസം നൽകാനുള്ള ശരീരത്തിന്റെ ഒരു മാർഗമാണ് കരച്ചിൽ. കരച്ചിലിനുശേഷം സമ്മർദം കുറയുന്നതായി കാണുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.