പനി, ജലദോഷം, ചുമ ഉൾപ്പെടെയുള്ള സമയങ്ങളിൽ ആശ്വാസമേകാൻ ഇഞ്ചി സഹായിക്കും. ആന്റി വൈറൽ, ആന്റി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകളുള്ള ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയ സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചി രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം
വിട്ടുമാറാത്ത വീക്കം ഹൃദയധമനികളിൽ തടസം സൃഷ്ടിക്കുന്നു, ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇഞ്ചിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വീക്കം ലഘൂകരിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തക്കുഴലുകൾ വിശാലമാക്കുകയും ചെയ്യുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു. ഇതിന് കൊളസ്ട്രോൾ കുറയ്ക്കാനും രക്തം നേർപ്പിക്കാനും കഴിവുണ്ട്. ജിഞ്ചറോളുകൾ രക്തം കട്ടപിടിക്കുന്നത് തടയുന്നതായി കോർണൽ യൂണിവേഴ്സിറ്റിയിലെ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
പ്രമേഹവും വൃക്കകളുടെ ആരോഗ്യവും
ഇഞ്ചിയുടെ ആന്റി ഓക്‌സിഡേറ്റീവ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പ്രമേഹം, വൃക്കരോഗം എന്നിവയുടെ സാധ്യത ഒരു പരിധിവരെ തടയും. ഇഞ്ചിയുടെ സജീവ ഘടകമായ ജിഞ്ചറോളുകൾക്ക് ഇൻസുലിൻ ഉപയോഗിക്കാതെ തന്നെ പേശികളിലെ കോശങ്ങളിലേക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയുമെന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ കണ്ടെത്തി.
കുടലിന്റെ ആരോഗ്യം
ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയുൾപ്പെടെയുള്ള ദഹന ലക്ഷണങ്ങളെ പരിഹരിക്കാൻ ഇഞ്ചിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് കഴിയും. ദഹനരസങ്ങളുടെയും എൻസൈമുകളുടെയും ഉത്പാദനം വർധിപ്പിക്കാനും ഇഞ്ചിക്ക് കഴിയും. ഇത് മികച്ച ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു.