ഈ വർഷം രാജ്യം മില്ലറ്റുകളുടെ(തിന) അന്താരാഷ്ട്ര വർഷം ആഘോഷിക്കുമ്പോൾ ഇവ എങ്ങനെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താമെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഒന്നാണ്, റാഗി അഥവാ ഫിംഗർ മില്ലറ്റ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) റാഗിയുടെ പോഷക ഗുണങ്ങളെക്കുറിച്ച് അടുത്തിടെ അതിന്റെ ഔദ്യോഗിക പേജിൽ ട്വീറ്റ് ചെയ്തിരുന്നു.
“ഫിംഗർ മില്ലറ്റ് (റാഗി) വളരെ പോഷകഗുണമുള്ളതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുക, എല്ലുകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുക, ആന്റിമൈക്രോബയൽ ഗുണങ്ങൾ ഉൾപ്പെടെ വിവിധ പല ആരോഗ്യ ആനുകൂല്യങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു,” ട്വീറ്റിൽ പറയുന്നു.
റാഗിയുടെ വിവിധ ഗുണങ്ങൾ
- രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുന്നു
- ആന്റി-മൈക്രോബയൽ ഗുണങ്ങൾ
- എല്ലുകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു
- ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം പുനരുജ്ജീവിപ്പിക്കുന്നു
- പേശിയിലെ കോശങ്ങളെ നന്നാക്കുന്നു
രാഗി ഉപയോഗിക്കേണ്ടതെങ്ങനെ?
റൊട്ടികൾ, ദോശകൾ, കുക്കികൾ, കേക്കുകൾ എന്നിവ റാഗി ഉപയോഗിച്ച് ഉണ്ടാക്കാമെന്ന് എഫ്എസ്എസ്എഐ പറയുന്നു.
വേനൽക്കാലത്ത് എന്തിന് റാഗി കഴിക്കണം?
റാഗി ഇന്ത്യക്കാരുടെ ഏറ്റവും മികച്ച ധാന്യ ഓപ്ഷനുകളിലൊന്നാണെന്ന് ദി ഹെൽത്ത് പാൻട്രിയുടെ സ്ഥാപകയും പോഷകാഹാര വിദഗ്ധയുമായ ഖുശ്ബു ജെയിൻ തിബ്രേവാല പറയുന്നു. “ഇത് മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് കൂടുതൽ ആൽക്കലൈനാണ്. അതുകൊണ്ട് ഇതിന് ഒരു തണുപ്പുണ്ടാകും. അങ്ങനെ അത് വേനൽക്കാലത്തിന് അനുയോജ്യമാകുന്നു,,”ഖുശ്ബു ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
കാൽസ്യത്താൽ സമ്പന്നമായതിനാൽ, രണ്ട് റാഗി റൊട്ടികളിൽ ഒരു ഗ്ലാസ് പാലിന്റെ അതേ അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ടെന്ന് ഖുശ്ബു പറയുന്നു. “റാഗി ഒരു ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഭക്ഷണമാണ്. പ്രമേഹരോഗികളിൽ ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കഴിയുന്ന ആന്റിഓക്‌സിഡന്റ് സംയുക്തങ്ങളും ഇതിലുണ്ട്, ”ഖുശ്ബു പറഞ്ഞു.
തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിൽ, വേനൽ മാസങ്ങളിൽ പുളിപ്പിച്ച റാഗി ഉപയോഗിച്ച് നിർമ്മിക്കുന്ന “റാഗി കൂജ്” എന്ന പാനീയം എളുപ്പത്തിൽ ലഭിക്കും. “ഇത് കുടലിനെ തണുപ്പിക്കുകയും ഊർജ്ജം നൽകുകയും ചെയ്യുന്നു. ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സമാനമായവ കാണാം , ”ഖുശ്ബു കൂട്ടിച്ചേർത്തു.
ഒരു മധുരപലഹാരം ഉണ്ടാകാനും റാഗി ഉപയോഗിക്കാം. റാഗി ഈന്തപ്പഴം ലഡൂ, റാഗി-കൊക്കോ കേക്കുകൾ എന്നി മധുരപലഹാരങ്ങൾ ആരോഗ്യത്തിനും നല്ലതാണെന്ന് സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ പ്രിയങ്ക ലുല്ല പറയുന്നു.