ശരിയായ ഭക്ഷണക്രമവും വ്യായാമവും ഒരാളുടെ ആരോഗ്യപൂർണമായ ജീവിതത്തിന് വളരെ ആവശ്യമാണ്. ഇതൊരാളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ശരീരഭാരം നിലനിർത്തുന്നതിനും സഹായിക്കുന്നു. ഒരു ദിവസം കുറഞ്ഞത് 40 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്ന് വിദഗ്ധർ പറയുന്നു. വേഗതയേറിയ നടത്തമോ അല്ലെങ്കിൽ ജിമ്മിൽ ഒരു സെഷനോ ആകാം. വ്യായാമത്തിന്റെ നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും നമ്മളിൽ പലരും അലസത കാട്ടുന്നു. പ്രത്യേകിച്ച് ശൈത്യകാലത്ത്, പുതപ്പിനുളളിൽനിന്നും പുറത്തു കടക്കാൻ നമ്മൾ മടികാട്ടാറുണ്ട്. അവസാനം അതൊരു ടോസ് ഇടലായി മാറുന്നു. പക്ഷേ വ്യായാമം നിർത്തുമ്പോൾ ശരീരത്തിന് സംഭവിക്കുന്നതെന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.
”ശീതകാലം ഇന്ത്യയിൽ ഏകദേശം രണ്ട് മാസം നീണ്ടുനിൽക്കും, ഈ സമയത്ത് ഒരാൾ വ്യായാമ സമയത്തിന്റെ അളവ് കുറയ്ക്കുകയാണെങ്കിൽ, അതൊരു മാറ്റവും വരുത്തുന്നില്ല. എന്നാൽ വ്യായാമം പൂർണ്ണമായും നിർത്തി ദിനചര്യ ലംഘിക്കുകയാണെങ്കിൽ അത് ശരീരത്തെ ബാധിക്കും. പതിവായി വ്യായാമം ചെയ്യുന്നത് പല സാംക്രമികേതര രോഗങ്ങളെയും അകറ്റി നിർത്തുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്” കൊളംബിയ ഏഷ്യ ഹോസ്പിറ്റൽ ഫിസിയോതെറാപ്പിസ്റ്റ് ഇസ്മിത് ത്യാഗി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
Read Also: പാൽ കുടിക്കാൻ ഇഷ്ടമില്ലേ? അസ്ഥികളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കൂ
വ്യായാമത്തിന്റെ അഭാവം ഒരാളുടെ ആരോഗ്യത്തെ പല തരത്തിൽ ബാധിക്കും, ഒരാൾ പെട്ടെന്ന് ഇത് തിരിച്ചറിഞ്ഞേക്കില്ലെന്ന് വിദഗ്ധർ പറയുന്നു. വ്യായാമം ഉപേക്ഷിക്കുന്നത് പേശികളുടെ ഉയർന്ന അപകടസാധ്യത, ശരീരഭാരം, വിഷാദം, രക്തത്തിലെ പഞ്ചസാര, അസ്ഥികൾ ദുർബലമാകുന്നതിനൊപ്പം ചില സാഹചര്യങ്ങളിൽ ഉറക്കമില്ലായ്മ എന്നിവയ്ക്കും കാരണമാകുമെന്ന് ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫിസിയോതെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ സയൻസ് ഡിപ്പാർട്മെന്റ് എച്ച്ഒഡി ഡോ.ബി.എം.ഝാ പറഞ്ഞു. കൂടാതെ, രക്തസമ്മർദത്തിലും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലും കുത്തനെ ഉയർച്ച അനുഭവപ്പെടാം. ഇത് പ്രമേഹമോ ഉയർന്ന രക്തസമ്മർദമോ ഉള്ളവരിൽ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വ്യക്തി മൂന്ന് ദിവസം വ്യായാമം ചെയ്യുന്നില്ലെങ്കിൽ, അവർ ഏഴു ദിവസം പുറകിലേക്ക് പോകുമെന്ന് ഗുഡ്ഗാവിലെ പരസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പി എച്ച്ഒഡി ഡോ.പർമിള ശർമ പറഞ്ഞു. പേശികൾ ബലഹീനമാവുകയും അവ അലസമാവുകയും സന്ധികൾ പരുക്കമായി മാറുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.
ഒരു വ്യക്തി വ്യായാമം നിർത്തുമ്പോൾ, ശരീരത്തിലെ പേശികളുടെ ശക്തി കുറയാൻ തുടങ്ങുകയും മൂന്നാഴ്ചയ്ക്കുളളിൽ നഷ്ടപ്പെടുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.
Read Also: കൊറോണ വൈറസ്; സുരക്ഷിതരായിരിക്കാൻ ചില വഴികൾ ഇതാ
”ഇതിന് ശേഷം ശരീരത്തിന്റെ കൊഴുപ്പ് ശതമാനം വർധിക്കുന്നു. കലോറി ഉപഭോഗം മുമ്പത്തെപ്പോലെ തന്നെ തുടരുകയാണെങ്കിൽ, ശരീരഭാരം കൂടുന്നതും കാണാം. നിങ്ങൾ ഒരു ദിവസത്തിൽ കൂടുതൽനേരവും ഇരിക്കുകയാണെങ്കിൽ, നിങ്ങളുടെ അസ്ഥികളുടെ സാന്ദ്രത വേഗത്തിൽ കുറയും. വ്യായാമമില്ലാതെയായാൽ ഒരാൾക്ക് രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നഷ്ടപ്പെടും. വ്യായാമം നിർത്തിയ ശേഷം, തലച്ചോറിന്റെ പ്രവർത്തനം മാറാൻ തുടങ്ങും, കൂടാതെ അയാൾക്ക് സന്തോഷമില്ലെന്ന് അനുഭവപ്പെടാം,” വസന്ത് കുഞ്ചിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് ചീഫ് സീമ സിങ് പറഞ്ഞു.
വേനൽക്കാലത്ത് രാവിലെ 10 മണിക്ക് ശേഷം ഒരാൾ വ്യായാമം ചെയ്യരുതെന്നും മാത്രമല്ല ശരീരത്തിൽ എല്ലായ്പ്പോഴും ജലാംശം നിലനിർത്തുകയും വേണമെന്നും ഇസ്മിത് ത്യാഗി നിർദേശിക്കുന്നു. ശൈത്യകാലത്ത്, മലിനീകരണ തോത് ഉയർന്നതിനാൽ, ഒരാൾ വീടിനുള്ളിൽ വ്യായാമം ചെയ്യണം. എന്നാൽ ഔട്ഡോർ തിരഞ്ഞെടുക്കുകയാണെങ്കിൽ, അതിരാവിലെ അല്ലെങ്കിൽ വൈകുന്നേരമാകരുതെന്ന് അദ്ദേഹം പറഞ്ഞു.