രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉഷ്ണ തരംഗം മൂലം ജനങ്ങൾ വലയുകയാണ്. ഈ സമയത്ത് പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണം ആരോഗ്യം നിലനിർത്തുന്നതിന് വളരെ പ്രധാനമാണ്. ജലാംശം നൽകുന്ന ഭക്ഷണങ്ങൾ ശരീരത്തിലെ ഇലക്‌ട്രോലൈറ്റിന്റെ അളവ് നിയന്ത്രിക്കാനും ചൂടിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കും.
തണ്ണിമത്തൻ, മാമ്പഴം തുടങ്ങിയ സീസണൽ പഴങ്ങൾ കഴിക്കുന്നത് ദഹനത്തിനും നിർജലീകരണം ഇല്ലാതാക്കാനും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. മാമ്പഴത്തെക്കുറിച്ച് പറയുമ്പോൾ അത് കഴിക്കേണ്ട സമയത്തെയും അളവിനെയും കുറിച്ച് എപ്പോഴും സംശയം ഉണ്ടാകും.
ഭക്ഷണശേഷം മാമ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ ഏറെയാണ്. ഉച്ചഭക്ഷണശേഷം മാമ്പഴം കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഡയറ്റീഷ്യൻ മൻപ്രീത് കൽറ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ അത് വയറ്റിൽ എത്തുകയും ദഹനപ്രക്രിയ തുടങ്ങുകയും ചെയ്യുന്നു. പിത്തരസം (കരൾ സ്രവിക്കുന്ന ദ്രാവകം), ദഹന എൻസൈമുകൾ, ആമാശയത്തിലെ ആസിഡ് എന്നിവയാൽ ഭക്ഷണം വിഘടിക്കപ്പെടുന്നത് ഇവിടെയാണ്. ചിലപ്പോൾ, ഈ ദഹന എൻസൈമുകൾ ശരിയായി സ്രവിക്കുന്നില്ല. അതിനാൽ ശരീരത്തിന് ഭക്ഷണം നന്നായി ദഹിപ്പിക്കാൻ കഴിയില്ല. ഇത് വയറിളക്കത്തിനും ഗ്യാസിനും കാരണമാകുന്നുവെന്ന് അവർ വിശദീകരിച്ചു.
മാമ്പഴത്തിൽ അമൈലേസ്, പ്രോട്ടീസ്, ലിപേസ് തുടങ്ങിയ ദഹന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, കൊഴുപ്പുകൾ എന്നിവയെ വിഘടിപ്പിക്കാനും വയറുവേദന, ഗ്യാസ് തുടങ്ങിയ ദഹനസംബന്ധമായ അസ്വസ്ഥതകൾ തടയാനും സഹായിക്കുന്നുവെന്ന് അവർ പറഞ്ഞു. മാത്രമല്ല, മാമ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലവിസർജനം ക്രമീകരിക്കുകയും മലബന്ധം തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.