ദഹനക്കേടും മലബന്ധപ്രശ്നങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. അനാരോഗ്യകരമായ ജീവിതശൈലിയും ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്നതും ഇവയ്ക്ക് കാരണമാകാറുണ്ട്. മലബന്ധപ്രശ്നവും ദഹന സംബന്ധവുമായ പ്രശ്നവുമുള്ളവർ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ഏറെ ഗുണം ചെയ്യും. നല്ല ദഹനം ശരീര ആരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
മലബന്ധമോ മറ്റ് ദഹനപ്രശ്നങ്ങളോ അനുഭവപ്പെടുന്ന എല്ലാവരും അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 3 ഭക്ഷണങ്ങളെക്കുറിച്ച് പറയുകയാണ് ന്യൂട്പീഷ്യനിസ്റ്റ് നമി അഗർവാൾ. തൈര്, പെരുംജീരകം, പപ്പായ എന്നീ മൂന്നു ഭക്ഷണങ്ങൾ ഉൾപ്പെടുത്താനാണ് ന്യൂട്രീഷ്യനിസ്റ്റ് നിർദേശിച്ചിട്ടുള്ളത്.
- തൈര്
ദഹനത്തെ സഹായിക്കുന്ന പ്രോബയോട്ടിക് തൈരിൽ അടങ്ങിയിട്ടുണ്ട്. ചില തൈര് ഇനങ്ങളിൽ ലൈവ് ബാക്ടീരിയകൾ അല്ലെങ്കിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതിലൂടെ ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതുകൂടാതെ, തൈരിൽ ഒരുതരം ബാക്ടീരിയയായ ബിഫിഡോബാക്ടീരിയ (Bifidobacteria) അടങ്ങിയിട്ടുണ്ട്. ഇത് ചെറിയ രീതിയിലുള്ള ദഹന പ്രശ്നങ്ങൾ കുറയ്ക്കുകയും സ്ത്രീകളുടെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു.
- പെരുംജീരകം
പെരുംജീരകം വിത്തുകൾ നാരുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തുന്നതിലൂടെ, മലബന്ധം, ഗ്യാസ്, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്താനും സാധിച്ചേക്കും. കൂടാതെ പെരുംജീരകം വീക്കം കുറയ്ക്കുന്നു. ഇത് ദഹനത്തെ സുഗമമാക്കും. “ഇതിൽ ഉയർന്ന ഫൈബർ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിസ്പാസ്മോഡിക് ഏജന്റ് ദഹനം മെച്ചപ്പെടുത്തും”, അവർ പറഞ്ഞു.
- പപ്പായ
ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുന്ന ശക്തമായ ദഹന എൻസൈമായ പപ്പെയ്ൻ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഗ്യാസ്, അസിഡിറ്റി, വയറുവേദന തുടങ്ങിയ ഐബിഎസ് ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കും. പപ്പായയിൽ ധാരാളം വെള്ളവും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ക്രമവും ആരോഗ്യകരമായ ദഹനവ്യവസ്ഥയും നിലനിർത്താൻ സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.