പല സ്ത്രീകളും നേരിടുന്നൊരു പ്രശ്നമാണ് ക്രമരഹിതമായ ആർത്തവം. പലർക്കും ഇതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് അറിവില്ല. 50 ശതമാനം പെൺകുട്ടികൾക്കും ഇത് ഹോർമോൺ അസന്തുലിതാവസ്ഥ മൂലമാണെന്ന് പോലും അറിയില്ല. എന്നാൽ ജീവിതശൈലിയിലെ ചില മാറ്റങ്ങൾ കൊണ്ട് എളുപ്പത്തിൽ ഇവ ചികിത്സിക്കാമെന്ന് ആയുർവേദ ഡോ.ദിക്സ ഭാവ്സർ പറയുന്നു.
ആരോഗ്യകരമായ ഭക്ഷണം, പതിവായി വ്യായാമം ചെയ്യുക, യോഗയും പ്രാണായാമവും ഉപയോഗിച്ച് സമ്മർദ്ദം നിയന്ത്രിക്കുക, നല്ല ഉറക്കം എന്നിവയൊക്കെ ക്രമരഹിതമായ ആർത്തവത്തിനുള്ള പരിഹാര മാർഗങ്ങളാണ്. ആർത്തവം വൈകിയാണ് വരുന്നതെങ്കിൽ ഹെർബൽ പാനീയം കുടിക്കാൻ നിർദേശിക്കുകയാണ് ഡോ.ഭാവ്സർ. പിസിഒഎസ്, പൊണ്ണത്തടി, അണ്ഡാശയ/ഗർഭാശയ സിസ്റ്റ്, ഹൈപ്പോതൈറോയിഡ്, ഡിസ്മനോറിയ (വേദനാജനകമായ ആർത്തവം) എന്നിവയുള്ള പലരിലും ഈ പാനീയം അദ്ഭുതകരമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു.
എള്ളും ശർക്കരയുമാണ് ഈ പാനീയം തയ്യാറാക്കാൻ പ്രധാനമായും വേണ്ടത്. ഒരു ടേബിൾസ്പൂൺ എള്ള്, അര ടീസ്പൂൺ മഞ്ഞൾ, ഒരു ടീസ്പൂൺ ഉണങ്ങിയ ഇഞ്ചി പൊടിച്ചത് എന്നിവ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക. നന്നായി തിളച്ച് വെള്ളം പകുതിയാകുമ്പോൾ ഒരു ടീസ്പൂൺ ശർക്കര ചേർക്കുക. ചെറുചൂടോടെ കുടിക്കുക.
എല്ലാ മാസവും ആർത്തവം തുടങ്ങുന്നതിനു ഒരാഴ്ച മുൻപായി ഈ പാനീയം കുടിക്കുക. ക്രമരഹിതമായ ആർത്തവത്തിന് ഗുളികകൾ കഴിക്കേണ്ട ആവശ്യമില്ല. ജീവിതശൈലിയിൽ അത്യാവശ്യമായ മാറ്റങ്ങൾ വരുത്തി അൽപ്പം ക്ഷമയും പരിശ്രമവും അർപ്പണബോധവും ഉണ്ടെങ്കിൽ ആർത്തവം സാധാരണ നിലയിലാകുമെന്നും ഡോ.ഭാവ്സർ അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ആർത്തവ ശുചിത്വം, ഒഴിവാക്കേണ്ട ചില തെറ്റുകൾ