/indian-express-malayalam/media/media_files/2025/03/03/UL4ody11J8feUU3ubI2e.jpg)
Source: Freepik
യുവാക്കളിൽ പെട്ടെന്നുള്ള മരണങ്ങൾക്കുള്ള കാരണം ഹൃദ്രോഗമാണെന്ന് പഠനം. മരണങ്ങളിൽ ഏകദേശം 42.6 ശതമാനവും ഹൃദ്രോഗങ്ങളാണ്. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നടത്തിയ പോസ്റ്റ്‌മോർട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. കോവിഡ് മഹാമാരിക്ക് ശേഷം പെട്ടെന്നുള്ള മരണങ്ങളുടെ വർധനവിന് കാരണം വാക്സിൻ ആണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മരണകാരണം കണ്ടെത്താനായി ഈ പഠനം നടത്തിയത്.
പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ
പെട്ടെന്നുള്ള മരണങ്ങളിൽ അഞ്ചിലൊന്ന് ശ്വസന സംബന്ധമായ രോഗങ്ങൾ മൂലമാണ്. മറ്റൊരു അഞ്ചിലൊന്ന് കേസുകളിൽ മരണകാരണം കണ്ടെത്താനായില്ല. വയറ്റിലെയും കുടലിലെയും അസുഖങ്ങൾ 6.4% മരണങ്ങൾക്ക് കാരണമായിട്ടുണ്ട്. ജനനേന്ദ്രിയ, മൂത്രസംബന്ധമായ രോഗങ്ങൾ 4.3% മരണങ്ങൾക്കും, മസ്തിഷ്ക-കേന്ദ്ര നാഡീവ്യൂഹ പ്രശ്നങ്ങൾ 3.2% മരണങ്ങൾക്കും കാരണമായി.
Also Read: വൻകുടൽ കാൻസർ തടയാം, കരളിനും ഉത്തമം; ഈ 'ഒറ്റ' ഭക്ഷണം മാത്രം മതി
കോവിഡ്-19 രോഗബാധിതരായവരിലോ വൈറസിനെതിരെ വാക്സിൻ എടുത്തവരിലോ പെട്ടെന്നുള്ള മരണങ്ങൾ വർധിച്ചതായി ഗവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. പെട്ടെന്ന് മരണമടഞ്ഞ യുവജനങ്ങളിൽ 4.3% പേർക്ക് കോവിഡ് മുൻപ് ബാധിച്ചിരുന്നു. ഇവരിൽ 82.8% പേർ വാക്സിൻ സ്വീകരിച്ചവരാണ്. നിലവിലെ പഠനത്തിൽ ഹൃദ്രോഗത്തിന്റെ പ്രധാന കാരണത്തിന് കോവിഡ് വാക്സിനുമായി കാര്യമായ ബന്ധമൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
“ഒരു വർഷത്തിനിടെ യുവജനങ്ങളിൽ സംഭവിച്ച നൂറോളം പെട്ടെന്നുള്ള മരണങ്ങളാണ് ഞങ്ങൾ പഠനവിധേയമാക്കിയത്. ഈ മരണങ്ങൾക്ക് കോവിഡ്-19 വാക്സിനുമായി ബന്ധമില്ലെന്ന് ഞങ്ങൾ കണ്ടെത്തി. വാക്സിൻ സംബന്ധമായ സങ്കീർണ്ണതകൾക്ക് കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. ഹൃദയപേശികളിലെ വീക്കമായ മയോകാർഡൈറ്റിസിന്റെ ഒരൊറ്റ കേസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ,” എയിംസിലെ പത്തോളജി പ്രൊഫസറായ ഡോ.സുധീർ അരവ പറഞ്ഞു.
Also Read: ചർമ്മം മുതൽ ഹൃദയം വരെ സംരക്ഷിക്കാം; ഒരു കപ്പ് മാതളനാരങ്ങ നൽകുന്ന ആരോഗ്യ രഹസ്യങ്ങൾ
ഈ പഠനം പ്രാധാന്യമാകുന്നത് എന്തുകൊണ്ട്?
യുവജനങ്ങളിലെ പെട്ടെന്നുള്ള മരണങ്ങളുടെ വർധനവിന് വാക്സിനുകൾ കാരണമാകുന്നുവെന്ന് ആരോപിക്കപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ കണ്ടെത്തലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഈ വർഷം ആദ്യം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്തെ ഹാസൻ ജില്ലയിൽ ഹൃദയാഘാതം മൂലമുണ്ടായ മരണങ്ങൾക്ക് വാക്സിനുകളുടെ തിടുക്കത്തിലുള്ള അംഗീകാരത്തെയും വിതരണത്തെയും കുറ്റപ്പെടുത്തിയിരുന്നു.
യുവജനങ്ങളിലെ ഹൃദ്രോഗങ്ങൾ: ഹൃദയാഘാതം മുഖ്യ വില്ലൻ
പഠനവിധേയമാക്കിയ 94 യുവജനങ്ങളിലെ (18നും 45നും ഇടയിൽ പ്രായമുള്ളവർ) പെട്ടെന്നുള്ള മരണങ്ങളിൽ, 40 പേർ മരിച്ചത് ഹൃദ്രോഗം മൂലമാണ്. ഈ വിഭാഗത്തിലെ മരണങ്ങളിൽ 85%-ത്തിനും കാരണം ഹൃദയാഘാതമാണ്. ഘടനപരമായ അപാകതകളും ജന്മനായുള്ള പ്രശ്നങ്ങളും 5% വീതം മരണങ്ങൾക്ക് കാരണമായി. ഹൃദയത്തിലെ വീക്കം മറ്റൊരു 5% ഹൃദ്രോഗ മരണങ്ങൾക്ക് കാരണമായി. 30% മരണങ്ങൾക്ക് ന്യൂമോണിയയും 20% മരണങ്ങൾക്ക് ക്ഷയരോഗവും കാരണമായി. “മിക്ക മരണങ്ങളും ഹൃദയാഘാതം മൂലമായിരുന്നു, ഇത് ജീവിതശൈലിയുമായും വ്യക്തിപരമായ ശീലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു,” ഡോ.അരവ വ്യക്തമാക്കി.
Also Read: ബാഹുബലിക്കായി ശരീര ഭാരം കൂട്ടി, എൻടിആറിനായി 25 കിലോ കുറച്ചു; റാണ ദഗ്ഗുബാട്ടിയുടെ ഡയറ്റ് രഹസ്യം
യുവജനങ്ങളിലെ പെട്ടെന്നുള്ള മരണങ്ങളുടെ ഈ രീതി 46 നും 65 നും ഇടയിൽ പ്രായമുള്ളവരുടെ മരണരീതിയിൽ നിന്ന് വളരെ വ്യത്യസ്തമാണ്. മുതിർന്ന വ്യക്തികളിലെ പെട്ടെന്നുള്ള മരണങ്ങളിൽ ഏകദേശം മുക്കാൽ ഭാഗവും ഹൃദ്രോഗം മൂലമാണ് സംഭവിച്ചത്. 14.1% മരണങ്ങൾക്ക് കാരണം വ്യക്തമല്ലാത്ത അവസ്ഥകളായിരുന്നു. ശ്വസന സംബന്ധമായ രോഗങ്ങൾ പ്രായമായവരിൽ വളരെ കുറച്ച് (4.4%) പെട്ടെന്നുള്ള മരണങ്ങൾക്കാണ് കാരണമായത്.
സ്ത്രീകളിലെ വർധനവ്
മുതിർന്ന വ്യക്തികളിലെ പെട്ടെന്നുള്ള മരണങ്ങളെ അപേക്ഷിച്ച് യുവജനങ്ങളിലെ പെട്ടെന്നുള്ള മരണങ്ങളിൽ സ്ത്രീകളുടെ അനുപാതം കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി. യുവജനങ്ങളിൽ പെട്ടെന്ന് മരിച്ചവരിൽ 18% പേർ സ്ത്രീകളായിരുന്നപ്പോൾ, മുതിർന്ന വ്യക്തികളിൽ ഇത് 5.8% മാത്രമായിരുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഇഷ്ട ഭക്ഷണം ഒഴിവാക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം; കഴിക്കുന്ന രീതി ഒന്നു മാറ്റിപ്പിടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us