ആരോഗ്യകരമായ ഭക്ഷണക്രമമാണ് ആരോഗ്യകരമായ ജീവിതത്തിന് പ്രധാനമെന്ന് ആരോഗ്യ വിദഗ്ധർ ഊന്നിപ്പറയാറുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് ഈന്തപ്പഴം. ഇതിൽ ഉയർന്ന അളവിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഉണക്കിയ ഈന്തപ്പഴത്തിൽ കലോറി കൂടുതലാണ്. ഈന്തപ്പഴത്തിലെ ഉയർന്ന കലോറി ഉള്ളടക്കം ദിവസം മുഴുവൻ ഊർജം നൽകും.
പാലിനൊപ്പം ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഈന്തപ്പഴത്തിൽ ശരീരത്തിന് ഉപയോഗപ്രദമായ സൂക്ഷ്മ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പോഷകസമൃദ്ധമായ പാലിനൊപ്പം ഈന്തപ്പഴം കഴിക്കുന്നത് ശരീര ആരോഗ്യത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും.
ഊർജം നൽകുന്നു
ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ ഘടകങ്ങൾ കൂടുതലായതിനാൽ ഈന്തപ്പഴം ഒരു മികച്ച പ്രഭാതഭക്ഷണമാണ്. പാലിനൊപ്പം ഈന്തപ്പഴം കഴിക്കുന്നത്, പ്രത്യേകിച്ച് പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന വ്യക്തികൾക്ക് മികച്ച ഒന്നാണ്. ഇത് തൃപ്തികരവും കൂടുതൽ സമയം വയർ നിറഞ്ഞ പ്രതീതി അനുഭവപ്പെടുത്തുകയും ചെയ്യും.
വിളർച്ച തടയുന്നു
ഈന്തപ്പഴത്തിലുള്ള നിരവധി ഘടകങ്ങളിൽ ഒന്നാണ് ഇരുമ്പ്. ശരീരത്തിലേക്ക് വേഗത്തിൽ രക്തം എത്തിക്കുന്നതിന് ഇരുമ്പ് സഹായിക്കുന്നു, ഇത് വിളർച്ച ബാധിച്ച ആർക്കും അത്യന്താപേക്ഷിതമാണ്. ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ മൂന്ന് ഈന്തപ്പഴം യോജിപ്പിച്ച് കഴിക്കുന്നത് നല്ലതാണ്.
ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നു
ചെറുചൂടുള്ള ഒരു ഗ്ലാസ് പാലിനൊപ്പം ഈന്തപ്പഴം കഴിക്കുന്നത് മുഖക്കുരു, തൊലിപ്പുറത്തെ വീക്കം പോലുള്ള ചർമ്മ പ്രശ്നങ്ങളെല്ലാം അകറ്റി നിർത്തും. ഇത് മുഖത്തെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. മാത്രമല്ല, ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
ഈന്തപ്പഴത്തിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ക്രമമായ മലവിസർജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും
ശാരീരിക-മാനസിക ആരോഗ്യത്തെ പോലെ പ്രധാനമാണ് ലൈംഗികാരോഗ്യവും. രണ്ട് ഈത്തപ്പഴം രാത്രി മുഴുവൻ പാലിൽ കുതിർത്ത് രാവിലെ ആ പാൽ കുടിക്കുന്നത് നിങ്ങളുടെ സ്റ്റാമിനയ്ക്ക് ഗുണം ചെയ്യും.
ഓർമ്മ ശക്തി വർധിപ്പിക്കും
ഓർമ്മശക്തി വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് പാലിനൊപ്പം ഈന്തപ്പഴം ചേർക്കുന്നത്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ ബി 6 അടങ്ങിയതാണ് ഇതിനു കാരണം. ഒഴിഞ്ഞ വയറ്റിൽ ഇത് കുടിക്കാനാണ് ശുപാർശ ചെയ്യുന്നത്.
സന്ധി വേദനയിൽ നിന്ന് മോചനം നൽകുന്നു
പാലിൽ നല്ല അളവിൽ കാൽസ്യം ഉണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം, അതിൽ ഈന്തപ്പഴം കൂടി ചേർത്താൽ ഗുണങ്ങൾ ഇരട്ടിയാകും. ഈ പാനീയം കുടിക്കുന്നത് അസ്ഥികളുടെ സാന്ദ്രത വർധിപ്പിക്കുന്നതിലൂടെ സന്ധി വേദന ഒഴിവാക്കാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.