വളരെ കാലത്തെ ആലോചനയ്ക്ക് ശേഷം ടാറ്റൂ ചെയ്യാൻ തീരുമാനിച്ചവരാണോ നിങ്ങൾ ? സ്ഥിരമായി ഒരു ഓർമ്മ ശരീരത്തിൽ സൂക്ഷിക്കാൻ തീരുമാനിക്കുമ്പോൾ അതിന്റെ അപകടസാധ്യതകളെക്കുറിച്ചും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
പെർമന്റ് ടാറ്റൂ സ്കിൻ കാൻസർ, സംബന്ധമായ അസുഖങ്ങൾ, അസ്ഥി രോഗങ്ങൾ തുടങ്ങി നിരവധി പ്രതികൂല ആരോഗ്യഅവസ്ഥകൾക്ക് കാരണമായേക്കാം. “ടാറ്റൂകൾ ചെയ്യുന്നത് ഇപ്പോൾ വളരെ സാധാരണമായ ഒന്നു മാത്രമാണ്. അപ്പോൾ അവയുടെ അപകടസാധ്യതകളും ആളുകൾ മനസ്സിലാക്കേണ്ടതുണ്ട്. ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മഷി വിഷാംശമുള്ളതാണെന്ന് മിക്ക ആളുകൾക്കും അറിയില്ല. അത് ഹാനികരമാണെന്ന് അറിഞ്ഞാൽ അവർ അത് ചെയ്യില്ല,” പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.
ആർസെനിക്, ബെറിലിയം, കാഡ്മിയം, ലെഡ്, മെർക്കുറി തുടങ്ങിയ ഘനലോഹങ്ങൾ ഉൾപ്പെടുന്ന ഒരുപാട് ചേരുവകളിലേക്ക് ടാറ്റൂവിലൂടെ ആളുകൾ എത്തിപ്പെടുന്നു. ഇത് ഹൃദ്രോഗം, കാൻസർ തുടങ്ങിയ ഡീജനറേറ്റീവ് രോഗങ്ങളിലേക്കും ചർമ്മരോഗങ്ങൾ, അസ്ഥി രോഗങ്ങൾ, കരൾ, ശ്വാസകോശം, വൃക്ക രോഗങ്ങൾ എന്നിവയിലേക്കും നയിക്കുന്നതായി വിദഗ്ധ പറയുന്നു.
ടാറ്റൂ മഷി നിങ്ങളുടെ ചർമ്മത്തിന്റെ ഉപരിതലത്തിനുള്ളിലെത്തുമ്പോൾ അത് ശരീരവുമായി പ്രതിപ്രവർത്തിച്ച് പിഎഎച്ച്, പിഎഎഎസ് പോലുള്ള വിഷവസ്തുക്കളെ ഉത്പാദിപ്പിക്കാൻ തുടങ്ങും. “അവ നിങ്ങളുടെ ശരീരത്തിനുള്ളിൽ ധാരാളം അലർജികൾ ഉണ്ടാക്കുന്നു,” ടാറ്റൂ ചെയ്യുന്നത് എങ്ങനെ ഇത്തരം മാരക രോഗങ്ങൾക്ക് അടിമപ്പെടുത്തുമെന്ന് അഞ്ജലി വിശദീകരിക്കുന്നു.
ടാറ്റൂവിന്റെ മഷിയിൽ ശരീരത്തിൽ വിഷാംശം ഉണ്ടാക്കുന്ന ലെഡ്, കാഡ്മിയം, മെർക്കുറി തുടങ്ങിയ ഘന ലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ബാംഗ്ലൂർ മണിപ്പാൽ ഹോസ്പിറ്റൽ കൺസൾട്ടന്റ് – ഡെർമറ്റോളജിസ്റ്റ് ഡോ. ദീപ കൃഷ്ണമൂർത്തി പറയുന്നു. മഷിയിൽ പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളും (പിഎഎച്ച്) ഫത്താലേറ്റുകളും പോലുള്ള മറ്റ് ദോഷകരമായ വസ്തുക്കളും അടങ്ങിയിരിക്കാമെന്ന് ചില പഠനങ്ങളിൽ സൂചിപ്പിക്കുന്നതായി,” ഡോ.ദീപ പറയുന്നു.
ടാറ്റൂ മഷിയിൽ ഹെവി മെറ്റൽ അടങ്ങിയിട്ടുണ്ടോ?
ഉണ്ട്. ടാറ്റൂ മഷിയിൽ ലെഡ്, കാഡ്മിയം, ആർസെനിക്, മെർക്കുറി തുടങ്ങിയ ഘന ലോഹങ്ങൾ അടങ്ങിയിരിക്കാം. ടാറ്റൂ മഷിയിൽ വിവിധ നിറങ്ങൾ സൃഷ്ടിക്കാൻ ഈ ഹെവി ലോഹങ്ങളെ പലപ്പോഴും പിഗ്മെന്റുകളായി ഉപയോഗിക്കുന്നു,” ഡോ.ദീപ പറഞ്ഞു.
ടാറ്റൂ ചെയ്യുന്നതിലെ അപകടസാധ്യതകൾ ഡോ.ദീപ പങ്കുവയ്ക്കുന്നു.
അലർജി പ്രതിപ്രവർത്തനങ്ങൾ: ചില ആളുകൾക്ക് ടാറ്റൂ മഷിയോട് അലർജി ഉണ്ടാകാം. ഇത് ചൊറിച്ചിൽ, വീക്കം, ചുവപ്പ് എന്നിവയ്ക്ക് കാരണമാകും.
അണുബാധ: സൂചി ഉപയോഗിച്ചാണ് ചർമ്മത്തിൽ ടാറ്റൂ ചെയ്യുന്നത്. ഇത് ബാക്ടീരിയകളെയും മറ്റ് അണുക്കളും ശരീരത്തിൽ എത്തുന്നതിന് കാരണമായേക്കാം. ശരിയായ സുരക്ഷാ മുൻകരുതലുകൾ പാലിച്ചില്ലെങ്കിൽ, ഇത് അണുബാധയ്ക്കും കാരണമാകാം.
രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ: ടാറ്റൂ ഉപകരണങ്ങൾ ശരിയായി അണുവിമുക്തമാക്കിയില്ലെങ്കിൽ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി തുടങ്ങിയ രക്തത്തിലൂടെ പകരുന്ന രോഗങ്ങളും അത് പകരും.
പാടുകൾ: ടാറ്റൂ പാടുകൾ അല്ലെങ്കിൽ കെലോയ്ഡ് രൂപീകരണത്തിന് കാരണമാകും.
ഗ്രാനുലോമസ്: ഗ്രാനുലോമ എന്നത് ടാറ്റൂ മഷിക്ക് ചുറ്റും രൂപം കൊള്ളുന്ന ഒരു ചെറിയ നോഡ്യൂളാണ്.
എംആർഐ സങ്കീർണതകൾ: ചില ടാറ്റൂ മഷിയിൽ, മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എംആർഐ) സ്കാനിംഗ് സമയത്ത് സങ്കീർണതകൾ ഉണ്ടാക്കുന്ന ലോഹ കണങ്ങൾ അടങ്ങിയിരിക്കുന്നു.
ടാറ്റൂ കലാകാരൻ: അനുഭവപരിചയമുള്ള ഒരു കലാകാരനെ തിരയുക. ഉയർന്ന നിലവാരമുള്ള മഷിയും ഉപകരണങ്ങളും ഉപയോഗിക്കുന്നവരുടെ പക്കൽ മാത്രം ടാറ്റൂ ചെയ്യാനായി പോകുക.
ടാറ്റൂ സ്റ്റുഡിയോയുടെ ശുചിത്വം: ടാറ്റൂ സ്റ്റുഡിയോ വൃത്തിയുള്ളതാണെന്നും ആർട്ടിസ്റ്റ് ശരിയായ ശുചിത്വവും സുരക്ഷാ നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. സ്റ്റുഡിയോയിൽ അണുവിമുക്തമാക്കുന്നതിനുള്ള ഒരു ഓട്ടോക്ലേവ് ഉണ്ടായിരിക്കണം. കൂടാതെ ഓരോ ടാറ്റൂ ചെയ്യുമ്പോളും ആർട്ടിസ്റ്റ് പുതിയ സൂചികളും കയ്യുറകളും ഉപയോഗിക്കണം.
അപകടസാധ്യതകളെക്കുറിച്ച് ബോധവാനായിരിക്കുക: ടാറ്റൂ ചെയ്യുന്നത് അണുബാധ, അലർജി പ്രതിപ്രവർത്തനങ്ങൾ, രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ എന്നിവ പോലുള്ള ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ആഫ്റ്റർകെയർ നിർദ്ദേശങ്ങൾ പാലിക്കുക: ടാറ്റൂ ചെയ്ത ശേഷം, അണുബാധ തടയുന്നതിന് ശരിയായ ആഫ്റ്റർ കെയർ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് പ്രധാനമാണ്.
നിങ്ങൾക്ക് സോറിയാസിസ്, എക്സിമ തുടങ്ങിയ ത്വക്ക് രോഗങ്ങളുണ്ടെങ്കിൽ, ടാറ്റൂ ചെയ്യുന്നതിനുമുൻപ് ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക.
ടാറ്റൂകൾ അലർജിക്ക് കാരണമാകുമോ?
ടാറ്റൂകൾ ചിലരിൽ അലർജി ഉണ്ടാക്കും. ടാറ്റൂ മഷിയോടുള്ള അലർജി പ്രതിപ്രവർത്തനങ്ങൾ ചൊറിച്ചിൽ, ചുവപ്പ്, വീക്കം, തിണർപ്പ്, മുഴകൾ എന്നിവയുൾപ്പെടെ വിവിധ രീതികളിൽ പ്രകടമാകും. ടാറ്റൂ ചെയ്തതിനു, തൊട്ടുപിന്നാലെ ഈ ലക്ഷണങ്ങൾ ഉണ്ടാകാം അല്ലെങ്കിൽ ദിവസങ്ങൾ, ആഴ്ചകൾ അല്ലെങ്കിൽ വർഷങ്ങൾക്ക് ശേഷം പോലും ഉണ്ടാകാം. ഇത്തരം അലർജി പ്രതിപ്രവർത്തനങ്ങളുടെ ഏറ്റവും സാധാരണ കാരണം നിക്കലിന്റെ സാന്നിധ്യമാണ്. ഇത് ചില ടാറ്റൂ മഷികളിൽ കളറിംഗ് ഏജന്റായി ഉപയോഗിക്കുന്നു. കൊബാൾട്ട്, ക്രോമിയം, വിവിധ ചായങ്ങൾ, പിഗ്മെന്റുകൾ എന്നിവയാണ് ടാറ്റൂ മഷിയിലെ മറ്റ് അലർജികൾ,” വിദഗ്ധ പറയുന്നു.