ഭക്ഷണം പാകം ചെയ്യുന്നതിനും സൂക്ഷിച്ചുവയ്ക്കാനുമൊക്കെ ചെമ്പ് പാത്രങ്ങളും പിച്ചള പാത്രങ്ങളുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ അത്തരം പാത്രങ്ങൾ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ അപകടസാധ്യതകളും പതിയിരിപ്പുണ്ട്. ചെമ്പ്, പിച്ചള പാത്രങ്ങളിൽ പാകം ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് വിദഗ്ധർ.
“ചെമ്പ്, പിച്ചള പാത്രങ്ങളിൽ ഉപ്പോ അസിഡിക് ഭക്ഷണങ്ങളോ ചൂടാക്കുമ്പോൾ വളരെ എളുപ്പത്തിൽ പ്രതിപ്രവർത്തനം നടക്കാനുള്ള സാധ്യതയേറെയാണ്. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ പാചകം ചെയ്യുന്നത് ഒഴിവാക്കുക. ചെമ്പ്, പിച്ചള പാത്രങ്ങളിൽ അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ തയ്യാറാക്കുമ്പോൾ ഉയർന്ന അളവിലുള്ള ലീച്ചിംഗ് സംഭവിക്കാം, ഇത് രാസ വിഷാംശത്തിനും അസുഖങ്ങൾക്കും കാരണമാകും,” മുംബൈ ഭാട്ടിയ ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ഐശ്വര്യ വിചാരെ indianexpress.comനോട് പറഞ്ഞു.
മോര്, ലസ്സി, ജാം, സോസ്, അച്ചാറുകൾ, പാൽ, ചീസ്, തൈര് തുടങ്ങിയ ഭക്ഷണപാനീയങ്ങൾ പിച്ചള, ചെമ്പ് പാത്രങ്ങളിൽ സൂക്ഷിക്കാൻ പാടില്ല. കാരണം അവ രാസപ്രവർത്തനങ്ങൾക്ക് കാരണമാകുമെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. “ഇത്തരം ഭക്ഷണങ്ങൾ ചെമ്പ്- പിച്ചള പാത്രങ്ങളിൽ സൂക്ഷിക്കുമ്പോൾ പ്രതിപ്രവർത്തനം നടക്കുകയും വിഷ സംയുക്തങ്ങളുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്യും, ഇത് ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും.”
“ചില ഭക്ഷണങ്ങൾ ഇത്തരം പാത്രങ്ങളിൽ ദീർഘകാലത്തേക്ക് സൂക്ഷിക്കാൻ പാടില്ല, കാരണം ലോഹത്തിന്റെ പാളി ഭക്ഷണവുമായി പ്രതിപ്രവർത്തിക്കുകയും വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ചില പഴങ്ങളും സലാഡുകളും ഈ ലോഹങ്ങളുമായി സമ്പർക്കം പുലർത്തുമ്പോൾ ഓക്സിഡേഷൻ ഇഫക്റ്റുകൾ കാരണം തവിട്ടുനിറമോ പച്ചകലർന്ന നിറമോ ആയി മാറാം. ഭക്ഷണം പുളിച്ചതോ ലോഹത്തിന്റെ രുചി തോന്നിപ്പിക്കുന്നതോ ആയി അനുഭവപ്പെടാം,” സമാനമായ അഭിപ്രായമാണ് GOQiയിലെ ലൈഫ്‌സ്റ്റൈൽ വിദഗ്ധൻ അരൂഷി ഗാർഗിനുമുള്ളത്.
പാചകം ചെയ്യുമ്പോൾ മറ്റ് ഭക്ഷണങ്ങൾ ലോഹവുമായി പ്രതിപ്രവർത്തിക്കാൻ ഉപ്പു പോലും കാരണമാവുമെന്നും അരൂഷി പറയുന്നു. അതിനാൽ ഇത്തരം പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ ഏറ്റവും അവസാനം മാത്രം ഉപ്പു ചേർക്കാൻ പാടുള്ളുവെന്നും അരൂഷി നിർദ്ദേശിക്കുന്നു. ലോഹത്തിനു കോട്ടിംഗ് നൽകിയിട്ടുള്ള പാത്രങ്ങളിൽ മാത്രമേ പാൽ തിളപ്പിക്കാൻ പാടുള്ളൂ എന്നും അല്ലാത്തപക്ഷം ഭക്ഷണം ചീത്തയായി പോവുമെന്നും മുന്നറിയിപ്പു തരുന്നു.
“കാലക്രമേണ, ഈ പാത്രങ്ങളുടെ ലോഹ പാളി മങ്ങിപ്പോകും. അത്തരം സന്ദർഭങ്ങളിൽ, തുടർച്ചയായ ഉപയോഗത്തിനായി വീണ്ടും കോട്ടിംഗ് ചെയ്യേണ്ടതുണ്ട്. സാധാരണയായി 6 മുതൽ 8 മാസം കഴിയുമ്പോൾ കോട്ടിംഗ് ചെയ്യണം. ഉയർന്ന ഊഷ്മാവിൽ ഈ പാത്രങ്ങളിൽ വറുക്കാനോ വേവിക്കാനോ പാടില്ല. ചെമ്പിന്റെയോ പിച്ചളയുടെയോ പാളികൾ നേരിട്ട് എണ്ണയിലേക്കോ ഭക്ഷണത്തിലോ ഉരുകിചേരാൻ കാരണമാവുന്നതിനാൽ ഇതൊഴിവാക്കണം,” അരൂഷി ഗാർഗി കൂട്ടിച്ചേർത്തു.