മദ്യത്തിന്റെ ചരിത്രത്തിനു നാഗരികതയുടെ ചരിത്രത്തോളം പഴക്കമുണ്ട്. റഷ്യക്കാര്‍ക്കു വോഡ്കയാണ് ഇഷ്ടമെങ്കില്‍, സ്‌കോട്ടിഷ് ജനത പ്രചരിപ്പിച്ചത് സ്‌കോച്ച് വിസ്‌കിയാണ്. കാനഡക്കാരുടെ ഐസ് വൈന്‍, ഫ്രഞ്ചുകാരുടെ സ്വന്തം റെഡ് വൈന്‍, ബവേറിയക്കാരുടെ ബിയര്‍ അങ്ങിനെ ഓരോ നാട്ടിലും തനതായ മദ്യമുണ്ടാകും.
ഇന്ത്യയിലേക്കു വരുമ്പോള്‍ മുളങ്കൂമ്പിൽനിന്ന് ഉത്പാദിപ്പിക്കുന്ന ‘സുര’ ഉള്‍പ്പെടെയുള്ള മദ്യത്തെക്കുറിച്ച് മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്. വ്യാവസായിക വിപ്ലവത്തിനു മുന്‍പ് മദ്യമെന്നാല്‍ അരിയില്‍നിന്നും പനയിൽനിന്നും ഉണ്ടാക്കുന്ന വീഞ്ഞായിരുന്നു. കേരളത്തിനു സ്വന്തമായുള്ളതു തെങ്ങിന്‍ കള്ളാണ്. എന്നാലിന്ന് കള്ളിന്റെ സ്ഥാനം ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ മദ്യം (ഐഎംഎഫ്എല്‍) സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്.
കേരളത്തിലെ മൊത്തത്തിലുള്ള മദ്യപാനം ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. പ്രതിശീര്‍ഷ ഉപഭോഗം പ്രതിവര്‍ഷം 8-11 ലിറ്റര്‍ വരെയാണ്. 2014 ല്‍ മദ്യം നിരോധിക്കാൻ കേരളം ശ്രമിച്ചെങ്കിലും വെറുതെയായി.
സമൂഹത്തിലുള്ള മദ്യപാന ആസക്തിക്കെതിരെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ടാണ് ‘അബ്കാരി നിയമം’ 2017 ജൂണ്‍ 13 നു നിലവില്‍ വരുന്നത്. മദ്യപാനം തടയാനുള്ള തന്ത്രമായിരുന്നു നികുതി വര്‍ധന. എന്നാല്‍ വിരോധാഭാസമെന്നു പറയട്ടെ, മദ്യവരുമാനം കേരളത്തിന്റെ സമ്പദ്‌വ്യ വസ്ഥയുടെ നട്ടെല്ലായി മാറാന്‍ വഴിയൊരുക്കുകയാണുണ്ടായത്!
2013 ല്‍ 301 കോടി രൂപയുടെ മദ്യവില്‍പ്പനയാണു ബിവറേജസ് കോര്‍പറേഷന്‍ (ബെവ്‌കോ) മുഖേനെ നടന്നത്. ഇത് 2018-19ല്‍ 14,508 കോടി രൂപയായി ഉയര്‍ന്നു! വില്‍പ്പന വര്‍ധിക്കുന്നതു രണ്ടു സീസണുകളിലാണ് – ഓണം, ക്രിസ്മസ്- ന്യൂ ഇയര്‍ കാലയളവ്. ഈ ആഘോഷവേളകളിലുണ്ടാകുന്ന മദ്യപാനവരുമാനത്തെക്കുറിച്ചുള്ള കണക്കുകള്‍ മാധ്യമങ്ങള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതു
മദ്യപാനം മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെയും രോഗങ്ങള്‍ ബാധിക്കുന്നവരുടെയും ആഘോഷവേളകളില്‍ മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മരണങ്ങളുടെയും കണക്കുകളാണ്.
ഉത്സവ മദ്യപാനമെന്നത് കേരളത്തിനോ ഇന്ത്യക്കോ സവിശേഷമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ചില മദ്യ ഫെസ്റ്റിവലുകള്‍ ഇതാ:
• ഹാരോ വൈന്‍ ബാറ്റില്‍ ഫെസ്റ്റിവല്‍- സ്‌പെയിന്‍
• ഒക്‌ടോബര്‍ ഫെസ്റ്റ്- ബിയര്‍ ഫെസ്റ്റിവല്‍ ബവേറിയ
• സ്‌പേസൈഡ് വിസ്‌കി ഫെസ്റ്റിവല്‍- സ്‌കോട്ട്‌ലാന്‍ഡ്
• അബ്‌സിന്ത് ഫെസ്റ്റിവല്‍-സ്വിറ്റ്‌സര്‍ലാന്‍ഡ്
• കെന്റകി ബൂര്‍ബോണ്‍ ഫെസ്റ്റിവല്‍-യുഎസ്എ
• ബോര്‍ഡിയോ വൈന്‍ ഫെസ്റ്റിവല്‍- ഫ്രാന്‍സ്
• മിയാമി റം റിനൈസന്‍സ് ഫെസ്റ്റിവല്‍-യുഎസ്എ
• ടെക്വില എക്‌സ്‌പോ- മെക്‌സിക്കൊ
• വൈന്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍-അര്‍ജന്റീന
• ക്വിങ്ഡാവോ ബിയര്‍ ഫെസ്റ്റ്- ചൈന
മദ്യപാനത്തിന്റെ മനഃശാസ്ത്രം
കുറഞ്ഞ കാലയളവില്‍ വലിയ അളവില്‍ മദ്യം കഴിക്കുന്ന രീതിയാണ് അമിത മദ്യപാനം (Binge Drinking). സാധാരണയായി ഒരു സമയം ഒരു പുരുഷന്‍ അഞ്ചോ അതിലധികമോ പെഗ് കഴിക്കുന്നതും സ്ത്രീകള്‍ക്ക് നാലോ അതിലധികമോ പെഗ് കഴിക്കുന്നതുമാണ് അമിത മദ്യപാനമായി കണക്കാക്കുന്നത്.
ചെറുപ്പക്കാരില്‍ വലിയൊരു പങ്കും അമിതമായി മദ്യപിക്കുന്നവരാണ്, പ്രായം കൂടുന്നതിനനുസരിച്ച് ഈ പ്രവണത കുറഞ്ഞുവരും. ആഘോഷവേളകളിലെ മദ്യപാനവും ഒരുതരം അമിത മദ്യപാനമാണ്. ആഘോഷവേളകളിലെ ഈ അതിരുവിട്ട ഈ മദ്യപാനത്തില്‍ ആള്‍ക്കൂട്ടമനഃശാസ്ത്രത്തിന്റെ പങ്ക് വ്യക്തമാണ് . വിനോദത്തിനോ ആനന്ദത്തിനോ വേണ്ടി മദ്യപിക്കുക എന്നത് സമൂഹം തന്നെ ഊട്ടിഉറപ്പിച്ച ഒരു ആശയമാണ്. നിങ്ങളുടെ കൂട്ടുകാര്‍ ചെയ്യുമ്പോള്‍, നിങ്ങള്‍ക്കും സ്വാഭാവികമായി അത് ചെയ്യാനുള്ള പ്രവണതയുണ്ടാകും. ഈ ആള്‍ക്കൂട്ട മാനസികാവസ്ഥയും അമിത മദ്യപാനവും ചേരുമ്പോളാണ് ആഘോഷത്തിനായുള്ള മദ്യപാനം എന്ന പ്രവണതയുണ്ടാകുന്നത്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുടിക്കുമ്പോള്‍, വിവിധ അവയവവ്യവസ്ഥകള്‍ക്ക്, പ്രത്യേകിച്ച് കരളിനുണ്ടാകുന്ന നാശമാണ് മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളായി എല്ലാവരും മനസിലാക്കിയിയിരിക്കുന്നത്. എന്നാല്‍ ആഘോഷവേളകളില്‍ മദ്യപിക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയില്‍നിന്നു വ്യത്യസ്തമാണ്.
അമിതമായി മദ്യപിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. ഉഷ്ണമേഖലാപ്രദേശങ്ങളിലുള്ള നമുക്ക് ഈ ആഘോഷ-മദ്യപാനം ഗുരുതരമായ ആരോഗ്യ, സാമൂഹിക, നിയമപരമായ പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കുമെന്നത് മറക്കരുത്. ഈ അപകടങ്ങള്‍ മനസിലാക്കി, സ്വയം (നിങ്ങളോടൊപ്പമുള്ളവരെയും) സുരക്ഷിതരായിരിക്കുക.
ശരീരം മദ്യത്തെ കൈകാര്യം ചെയ്യും വിധം
ശരീരത്തില്‍ പ്രവേശിച്ച മദ്യത്തെ ശരീരം ഒരു വിഷ തന്മാത്രയായാണ് കണക്കാക്കുന്നത്. ശരീരത്തിന്റെ സാധാരണ ഉപാപചയ പ്രക്രിയകളില്‍ എത്തനോള്‍ (എഥൈല്‍ ആല്‍ക്കഹോള്‍) ഉള്‍പ്പെടാത്തതിനാല്‍, ശരീരം അതിനെ പുറന്തള്ളാന്‍ ശ്രമിക്കും. മദ്യ തന്മാത്രയുടെ ഘട്ടം ഘട്ടമായുള്ള നശീകരണത്തിന്റെ പാതിമുക്കാലും നടക്കുന്നത് കരളിലാണ്. എഥൈല്‍ തന്മാത്രകളെ താരതമ്യേന വീര്യം കുറഞ്ഞ തന്മാത്രകളായി മാറ്റുന്നു. കരളിലെ എന്‍സൈമുകളാണ് ഈ ജോലി ചെയ്യുന്നത്. അങ്ങനെ ആദ്യം അസെറ്റല്‍ഡിഹൈഡ്രൂപപ്പെടും. ഹാങ്ങ് ഓവേറിന് കാരണക്കാരന്‍ ഈ അസെറ്റല്‍ഡിഹൈഡാണ്. അസെറ്റല്‍ഡിഹൈഡ് പിന്നീട് വിഷാംശം കുറഞ്ഞ അസറ്റിക് ആസിഡായി രൂപാന്തരപ്പെടുന്നു, ഇത് ആത്യന്തികമായി ജല തന്മാത്രകളായും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തന്മാത്രകളായും വിഭജിക്കപ്പെടുന്നു. ഇവ പുറന്തള്ളാന്‍ എളുപ്പമാണ്.
വലിയ അളവില്‍ മദ്യം കുടിക്കുമ്പോള്‍ ഘട്ടം ഘട്ടമായുള്ള ഈ പ്രക്രിയ പൂരിതമാവുകയും കരളിന് ഇനി മദ്യം കൈകാര്യം ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്യും. അങ്ങനെ ഉയര്‍ന്ന തോതിലുള്ള എഥൈല്‍ ആല്‍ക്കഹോള്‍ രക്തപ്രവാഹത്തില്‍ പ്രവേശിച്ച് തലച്ചോറിലും മറ്റു
അവയവവ്യവസ്ഥകളിലും ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കും. ചുരുക്കത്തില്‍ ഇതാണ് ആഘോഷമദ്യപാനം നടത്തുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ സംഭവിക്കുന്നത്.
വിവിധ അവയവവ്യവസ്ഥകളില്‍ മദ്യമുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ ?
മദ്യം ഒരു ഉത്തേജകമാണെന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നാലിത് തെറ്റിദ്ധാരണ മാത്രമാണ്. ഉപയോഗിക്കുന്തോറും മദ്യം തലച്ചോറിലെ (ന്യൂറോണുകള്‍) കോശങ്ങളുടെ വേഗത കുറയ്ക്കുകയും ഒടുവില്‍ വിഷാദത്തിന് കാരണമാവുകയും ചെയ്യുന്നു. വാസ്തവത്തില്‍, അമിതമായ മദ്യം മറ്റു ശരീരവ്യവസ്ഥകളുടെയും പ്രവര്‍ത്തന വേഗത കുറയ്ക്കുന്നു.
നിര്‍ജലീകരണമെന്ന മാരക അപകടം
മദ്യം വൃക്കകളില്‍ പ്രവര്‍ത്തിക്കുകയും നിങ്ങളെ വളരെയധികം മൂത്രമൊഴിപ്പിക്കുകയും ചെയ്യുന്നു (ഇതൊരു ഡൈയൂററ്റിക് – മൂത്രവിസര്‍ജനം ത്വരിതപ്പെടുത്തുന്ന പദാര്‍ഥം ആണ്). ഇന്ത്യ പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളില്‍, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്, മിതമായ മദ്യപാനത്തില്‍ ഏര്‍പ്പെടുമ്പോള്‍, നിര്‍ജലീകരണം അപകടകരമായ അളവില്‍ സംഭവിക്കും. ലഹരി മൂലം പലരും നിര്‍ജലീകരണം അവഗണിക്കുകയും കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയും ചെയ്യുന്നു.
നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ പെട്ടെന്ന് മനസിലായിക്കൊള്ളണമെന്നില്ല. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വിയര്‍പ്പിലൂടെ ജലം നഷ്ടപ്പെടുന്നത് ഇതിന് ആക്കം കൂട്ടുന്നു. ജലനഷ്ടത്തിനൊപ്പം, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടും, ഇത് ഹൃദയത്തിന് തികച്ചും അപകടകരമാണ്. വരണ്ട വായ, വരണ്ട നാവ്, അമിതമായ ദാഹം, തലവേദന, അമിത ക്ഷീണം, ഓക്കാനം, തലവേദന എന്നിവയാണു നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍. ആഘോഷ-മദ്യപാനം നടത്തുമ്പോള്‍ നന്നായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ദക്ഷിണേന്ത്യ പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍, അമിതമായ ശരീര താപം മൂലം ‘ഹൈപ്പര്‍തേര്‍മിയ’ എന്ന രോഗാവസ്ഥ ഉണ്ടാകാം. കൂടാതെ അപകടകരമായ ‘ഹീറ്റ് സ്‌ട്രോക്കി’നും മരണത്തിനും വരെ നിര്‍ജലീകരണം കാരണമാകും എന്നതും ഓര്‍ക്കുക.
കരളിനു സംഭവിക്കുന്നതെന്ത് ?
ആദ്യം, ദീര്‍ഘകാല മദ്യപാനം കരളില്‍ വരുത്തുന്ന മാറ്റങ്ങള്‍ നോക്കാം. മദ്യപാനം മൂലം ഉണ്ടാകുന്ന കരള്‍ തകരാറുകളുടെ രോഗാവസ്ഥയാണ് ആല്‍ക്കഹോള്‍ ലിവര്‍ ഡിസീസ് (എഎല്‍ഡി). കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും കരള്‍ കോശങ്ങള്‍ വീര്‍ക്കുകയും (വീക്കം) തുടര്‍ന്ന് ആരോഗ്യമില്ലാത്ത കരള്‍ കോശങ്ങള്‍ വടുക്കളായി തീരുകയും ചെയ്യുന്നു.
എഎല്‍ഡി മൂന്ന് ഘട്ടങ്ങളായി സംഭവിക്കുന്നു.
1. ആല്‍കഹോളിക് ഫാറ്റി ലിവര്‍
എഎല്‍ഡിയുടെ ആദ്യ ഘട്ടം. പത്തുവര്‍ഷമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന ഒന്നാണ് ഫാറ്റി ലിവര്‍. മദ്യപാനം നിര്‍ത്തിയാല്‍ കരള്‍ പഴയപടി ആരോഗ്യമുള്ളതായി മാറും.
2. ആല്‍കഹോളിക് ഹെപ്പറ്റൈറ്റിസ്
കരള്‍ വീക്കം സംഭവിക്കുന്ന രണ്ടാം ഘട്ടം. ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തിയിട്ടുള്ള ഘട്ടമാണിത്. ഗുരുതരമായ പരിചരണം ആവശ്യമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന അവസ്ഥയാണ് ആല്‍കഹോളിക് ഹെപ്പറ്റൈറ്റിസ്.
ലക്ഷണങ്ങള്‍
• ഓക്കാനം
• ഛര്‍ദി
• വിശപ്പ് കുറവ്
• വയറിനു ശക്തികുറയുന്നത്
• ക്ഷീണവും ബലഹീനതയും
• ശരീരഭാരം കുറയുന്നത്
• രക്തസ്രാവം
• തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നത്
3. ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ്
കരളില്‍ വീക്കം പുരോഗമിക്കുമ്പോള്‍, കാലക്രമേണ കരളില്‍ വടുക്കള്‍ അടിഞ്ഞുകൂടുകയും കരളിന്റെ ഘടനയെത്തന്നെ മാറ്റുകയും കരളില്‍ മര്‍ദം വര്‍ധിക്കുകയും ചെയ്യുന്നു (പോര്‍ട്ടല്‍ ഹൈപ്പര്‍ടെന്‍ഷന്‍). ഇത് ഒടുവില്‍ അടിവയറ്റില്‍ നീര്‍കെട്ടുന്നതിനും കാലുകളില്‍ നീരുവന്നു വീര്‍ക്കുന്നതിനും കാരണമാകുന്നു.
അന്നനാളത്തിലെയും ആമാശയത്തിലെയും സിരകളിലുണ്ടാകുന്ന രക്തസ്രാവം, മസ്തിഷ്‌കപ്രശ്‌നം (ഹെപ്പാറ്റിക് എന്‍സെഫലോപ്പതി), പേശികളുടെ വലിപ്പം കുറയുന്നത് എന്നിവയും ഇതിന്റെ ഫലമായുണ്ടാകും. കരള്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നതുകൊണ്ട് ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയില്‍ പലതരം മാറ്റങ്ങള്‍ ഉണ്ടാകും. കരള്‍ കാന്‍സര്‍ മറ്റൊരു അപകടമാണ്.
സിറോസിസ് ആരംഭിച്ചുകഴിഞ്ഞാല്‍, മദ്യത്തില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുക. ആഘോഷമദ്യപാനത്തിലൂടെ, ധാരാളം മദ്യം കരളില്‍ എത്തുന്നു, ഇത് കരളിന്റെ മദ്യം കൈകാര്യം ചെയ്യാനുള്ള കഴിവിനപ്പുറമാണ്… ഇതിനകം സിറോസിസ് ബാധിച്ചവര്‍, ദഹനനാളത്തിലെ രക്തസ്രാവം, നീര്‍ക്കെട്ട്, മസ്തിഷ്‌കപ്രശ്‌നം, പെട്ടെന്ന് വഷളാകുന്ന മഞ്ഞപ്പിത്തം എന്നിവ പോലുള്ള ഒന്നോ അതിലധികമോ സങ്കീര്‍ണതകള്‍ പ്രതീക്ഷിക്കണം. കരള്‍ പ്രവര്‍ത്തനത്തില്‍ ദ്രുതഗതിയിലുള്ള കുറവുണ്ടാക്കുന്ന (എസിഎല്‍എഫ്-അക്യൂട്ട് ഓണ്‍ ക്രോണിക് ലിവര്‍ ഫെയിലിയര്‍) വളരെ മാരകമായ അവസ്ഥയാണ്.
ഹൃദയത്തിനു സംഭവിക്കുന്നതെന്ത് ?
മുമ്പ് സൂചിപ്പിച്ചതുപോലെ, നിര്‍ജലീകരണം, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ നഷ്ടം, ഹൃദയതാളത്തെ മോശമായി ബാധിക്കുന്നു. ഏരിയല്‍ ഫിബ്രിലേഷന്‍ എന്ന ഹൃദയതാളരോഗം മദ്യപാനികളില്‍ വളരെ കൂടുതലാണ്. ഇത് ഹൃദയാഘാതത്തിന് വരെ കാരണമാകും. ഇതിനെ ‘ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോം’ എന്നു വിളിക്കുന്നു. അമിതമായി മദ്യപിക്കുന്നതു രക്തത്തിലെ ചില കൊഴുപ്പുകളുടെ അളവ് (ട്രൈഗ്ലിസറൈഡുകള്‍) ഉയര്‍ത്തും. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയസ്തംഭനം, എന്നിവയ്ക്കും കാരണമാകും. അമിതമായി മദ്യപിക്കുന്നതും ആഘോഷവേളകളിലുള്ള അമിതമദ്യപാനവും ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയാഘാതം എന്നിവയ്ക്കു കാരണമാകും.
മസ്തിഷ്‌കത്തിന് എന്ത് സംഭവിക്കും?
തുടക്കത്തില്‍ മദ്യം ഒരു ഉത്തേജകമാണെന്ന് തോന്നുമെങ്കിലും, ന്യൂറോണുകള്‍ക്ക് തളര്‍ച്ച ബാധിക്കുകയാണ് ചെയ്യുന്നത്. അമിതമായ ആഘോഷ മദ്യപാനത്തിന്റെ അങ്ങേയറ്റത്തെ അവസ്ഥ രോഗിയെ കോമറ്റോസ് അവസ്ഥയിലെത്തിക്കുന്നു. രക്തസമ്മര്‍ദം വര്‍ധിക്കുകയും ബ്രെയിന്‍ സ്‌ട്രോക്ക്, ബ്രെയിന്‍ ഹെമറേജ് എന്നിവയ്ക്കു കാരണമാവുകയും ചെയ്യും. ഉത്സവകാലങ്ങളിൽ സംഭവിക്കുന്നതുപോലുള്ള കുറച്ചുദിവസത്തെ തുടര്‍ച്ചയായ മദ്യപാനത്തിനുശേഷം, ഒന്നോ രണ്ടോ ദിവസം മദ്യപാനം നിര്‍ത്തുമ്പോള്‍ ചുഴലിയുടെ (ഫിറ്റ്‌സ്) രൂപത്തില്‍ അപകടം പുറത്തുവരുന്നു ‘റം ഫിറ്റ്‌സ്’ അഥവാ ‘വിത്ത്‌ഡ്രോവല്‍ ഫിറ്റ്‌സ്’ എന്നാണിവ അറിയപ്പെടുന്നത്.
ശ്വാസകോശത്തിന് എന്ത് സംഭവിക്കും?
”ആസ്പിരേഷന്‍ ന്യുമോണിയ” എന്നതു ഗുരുതരമായ അനന്തരഫലമാണ്. ലഹരിയില്‍ ബോധമില്ലാത്ത അവസ്ഥയില്‍ ഭക്ഷ്യവസ്തുക്കളും ദഹനരസങ്ങളും ശ്വാസകോശത്തിലേക്കു പ്രവേശിക്കുകയും ശ്വാസകോശത്തില്‍ വീക്കം ഉണ്ടാക്കുകയും ചെയ്യും. ഇത് ഛര്‍ദിച്ചശേഷമോ അല്ലെങ്കില്‍ അമിതമായ മദ്യപാനത്തിനുശേഷം ഗാഢനിദ്രയിലായിരിക്കുമ്പോഴോ സംഭവിക്കാം.
സാധാരണഗതിയില്‍ ഭക്ഷണവും ദഹനരസവും ശ്വാസകോശത്തിലേക്കു പ്രവേശിക്കുന്നതു തടയാന്‍ ശരീരത്തിന് സ്വാഭാവിക സംവിധാനങ്ങളുണ്ട്. അമിതമായ മദ്യപാനവും ലഹരിയില്‍ ബോധം നഷ്ടപ്പെടുന്നതും ഈ സംരക്ഷണ പ്രതികരണങ്ങളെ ദുര്‍ബലപ്പെടുത്തും. അന്തിമഫലം ആസ്പിറേഷന്‍ ന്യുമോണിയയാണ്.
ആഘോഷ മദ്യപാനത്തിന്റെ സാമൂഹിക / നിയമപരമായ പ്രത്യാഘാതങ്ങള്‍
മദ്യം നിങ്ങളെ യാതൊന്നില്‍നിന്നും വിലക്കുന്നില്ല. ഉത്സവ സീസണുകളില്‍, ഹൈവേകളിലെ ഗതാഗതം താറുമാറാകുകയും ഗതാഗത അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു. മസമാധാന പ്രശ്നങ്ങള്‍- കുറ്റകൃത്യങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നു. പരുക്കുകളാകട്ടെ വളരെ
സാധാരണമാണ്- അത് റോഡപകടങ്ങളോ ആക്രമണമോ മൂലമാകാം. മിക്കപ്പോഴും ശരീരത്തിലെ മുറിവുകള്‍ ഉണങ്ങിയാലും മാനസിക മുറിവുകള്‍ ചിലപ്പോള്‍ ജീവിതകാലം മുഴുവനും നീണ്ടുനില്‍ക്കും.
അമിത മദ്യപാനത്തിനുശേഷം യുക്തിസഹമായി തീരുമാനങ്ങള്‍ കൈക്കൊള്ളാനും പ്രതികരിക്കാനുമുള്ള നിങ്ങളുടെ കഴിവുകള്‍ കുറവായിരിക്കും. കൂടാതെ നിങ്ങള്‍ ആക്രമണം, ലൈംഗികാതിക്രമം, നശീകരണ പ്രവണത, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള മദ്യവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യതയും കൂടുതലാണ്. രാജ്യത്ത് അടുത്തിടെ നടന്ന ലെെംഗികാതിക്രമ സംഭവങ്ങളിൽ ചിലതിലെങ്കിലും മദ്യത്തിന്റെ സ്വാധീനമുണ്ടെന്നാണു പൊലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമിത മദ്യപാനവും ആൾക്കൂട്ട മനഃശാസ്ത്രവും മാരകമായ കോമ്പോയാണ്.
മദ്യപാനത്തിന് വളരെയധികം സാമൂഹിക പ്രത്യാഘാതങ്ങളുണ്ട്! ഹാങ് ഓവറുകള്‍ മോശം ജോലി പ്രകടനം, തൊഴിലിടത്തെ അപകടങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാം. ഇതെല്ലാം നിങ്ങളുടെ ജോലിയും ഭാവിയും അപകടത്തിലാക്കാം. അമിതമായി മദ്യപിക്കുന്നതു വ്യക്തിബന്ധങ്ങളെയും ബാധിക്കും.
സുരക്ഷിതരായി, ആരോഗ്യത്തോടെ ആഘോഷിക്കൂ
സര്‍ക്കാര്‍ മദ്യ വില്‍പ്പനയിലൂടെയുള്ള വരുമാനത്തെ വളരെയധികം ആശ്രയിക്കുമ്പോള്‍, അമിത മദ്യപാനത്തിന്റെ ആരോഗ്യപരവും നിയമപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ പൊതുജനം മനസിലാക്കേണ്ടതുണ്ട്. മദ്യനിരോധനം പ്രവര്‍ത്തികമല്ല. അനന്തരഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതും മദ്യപാനരീതിയിലെ ആരോഗ്യപരമായ മാറ്റവുമാണ് ഒരേയൊരു പോംവഴി.
ഈ ക്രിസ്മസ്-പുതുവത്സര സീസണ്‍ കഴിയുമ്പോഴേക്കും ആഘോഷക്കുടിയിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകിയെത്തിയ വരുമാനത്തിന്റെ കണക്കുകള്‍ പതിവുപോലെ മാധ്യമങ്ങള്‍ നിരത്തും. ഈ സീസണില്‍, മദ്യപാനം മൂലമുള്ള മരണങ്ങളുടെയും ആശുപത്രിവാസത്തിന്റെയും റോഡ് അപകടങ്ങളുടെയും സ്ഥിതിവിവര കണക്കുകള്‍ കൂടി പ്രസിദ്ധീകരിക്കുന്നതു നന്നായിരിക്കും.
(ലേഖകൻ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഹെപ്പറ്റോളജിസ്റ്റും ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യനുമാണ്)