വേനൽക്കാല പഴങ്ങളിൽ മികച്ചതാണ് തണ്ണിമത്തൻ. ദാഹമകറ്റാനും ശരീരത്തിൽ ജലാംശം നിലനിർത്താനും തണ്ണിമത്തൻ ഏറെ സഹായിക്കും. തണ്ണിമത്തനിൽ അതിശയിപ്പിക്കുന്ന നിരവധി ഗുണങ്ങളുണ്ട്. തണ്ണിമത്തനിൽ 94 ശതമാനവും വെള്ളമാണ്. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ സി എന്നിവയെല്ലാം തണ്ണിമത്തനില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബറും ഇതില്‍ അടങ്ങിയിട്ടുണ്ട്.
തണ്ണിമത്തൻ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ഇവയാണ്.
- നല്ല ചർമ്മം നൽകും
തണ്ണിമത്തൻ ശരീരത്തിനു മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഇതിലെ ജലാംശം ചർമ്മത്തെ മൃദുലവും ശക്തവുമാക്കുന്നു. തണ്ണിമത്തനിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. യുഎസ്‌ഡിഎ ഡാറ്റ പ്രകാരം, 100-ഗ്രാം തണ്ണിമത്തൻ പ്രതിദിന വിറ്റാമിൻ സി ആവശ്യകതയുടെ 13% വരെ നിറവേറ്റുന്നു. വിറ്റാമിൻ സി കൊളാജൻ ഉൽപാദനം വർധിപ്പിക്കുകയും ചർമ്മത്തിൽ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തടയുകയും ചെയ്യുന്നു.
- ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും
100 ഗ്രാം തണ്ണിമത്തനിൽ 30 കലോറി മാത്രമേയുള്ളൂ. തണ്ണിമത്തൻ കലോറി കുറഞ്ഞ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ദഹനം പ്രോത്സാഹിപ്പിക്കുകയും സംതൃപ്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണങ്ങളുടെ കൂട്ടത്തിൽ മികച്ച ഒന്നായി കണക്കാക്കപ്പെടുന്നു.
- ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ഹൃദയാരോഗ്യത്തിനുള്ള ഭക്ഷണത്തിൽ ഒരു മികച്ച കൂട്ടിച്ചേർക്കലാണ്. തണ്ണിമത്തനിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ നിയന്ത്രിക്കാൻ സഹായിക്കും. തണ്ണിമത്തനിൽ കാണപ്പെടുന്ന ഒരു പ്രധാന അമിനോ ആസിഡായ സിട്രുലിൻ, രക്തസമ്മർദ്ദം നിയന്ത്രിക്കുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യുന്ന നൈട്രിക് ഓക്സൈഡിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു.
- പേശി വേദന തടയുന്നു
തണ്ണിമത്തനിലെ സിട്രുലിൻ ഉള്ളടക്കം രക്തയോട്ടം മെച്ചപ്പെടുത്തുന്നു. വ്യായാമത്തിന് ശേഷമുള്ള പേശിവേദന തടയാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു. തണ്ണിമത്തൻ വ്യായാമത്തിന് ശേഷമുള്ള ഒരു മികച്ച ലഘുഭക്ഷണമാണ്.
- നല്ല കാഴ്ച ശക്തിക്ക്
തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന സംയുക്തം കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തടയാൻ ഇത് സഹായിച്ചേക്കാം. തണ്ണിമത്തനിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനാണ്.
തണ്ണിമത്തൻ എല്ലാ ദിവസവും കഴിക്കാമോ?
എല്ലാ ദിവസവും തണ്ണിമത്തൻ കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും, വേനൽക്കാലത്താണ് ആരോഗ്യ വിദഗ്ധർ കൂടുതൽ ശുപാർശ ചെയ്യുന്നത്. തണ്ണിമത്തൻ ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നതിനാൽ ദിവസവും കഴിക്കാവുന്നതാണ്. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഡോക്ടറുമായി സംസാരിച്ചശേഷം മാത്രം കഴിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.