ആരോഗ്യ ഗുണങ്ങളേറെയുള്ള പഴമാണ് പപ്പായ. ചർമ്മത്തിനും മുടിക്കും പപ്പായ നല്ലതാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നാരുകളും ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. രോഗങ്ങളെയും മറ്റ് ആരോഗ്യ അവസ്ഥകളെയും ചെറുക്കാൻ പപ്പായ സഹായിക്കുന്നു. ശരീര ഭാരം കുറയ്ക്കാനും പപ്പായ മികച്ചതാണ്.
പപ്പായയുടെ പഴം മാത്രമല്ല, അതിന്റെ ഇലകളും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ്. പപ്പായ ഇലകൾ കൊണ്ടുള്ള ജ്യൂസ് ആരോഗ്യത്തിനു നല്ലതാണ്. പപ്പായ ഇലയുടെ മറ്റു ഗുണങ്ങൾ നോക്കാം.
- ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ പപ്പായ ഇല സഹായിക്കുന്നു. ഡെങ്കിപ്പനി ബാധിച്ച് ഒരു വ്യക്തി പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ നേടിയില്ലെങ്കിൽ അവസ്ഥ വഷളായേക്കാം. ഇത് പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയാൻ ഇടയാക്കും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് മെച്ചപ്പെടുത്താൻ പപ്പായ ഇല സഹായിക്കുന്നു. എന്നിരുന്നാലും, ഇത് രോഗാവസ്ഥയ്ക്കുള്ള പരിഹാരമല്ല, രോഗലക്ഷണങ്ങൾ കുറയ്ക്കാനേ സഹായിക്കൂ.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പപ്പായ ഇല സഹായിക്കും. ഇലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെ സംരക്ഷിക്കാനും ഇതിന് കഴിയും.
- ദഹനപ്രശ്‌നങ്ങളുണ്ടെങ്കിൽ നീക്കാൻ പപ്പായ ഇല സഹായിക്കും. ഗ്യാസ്, മലബന്ധം അല്ലെങ്കിൽ വയറുവേദന എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, പപ്പായ ഇല സഹായിക്കും. മാത്രമല്ല, ഇലയിൽ ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന പപ്പെയ്ൻ എന്ന സംയുക്തത്തിന്റെ സാന്നിധ്യമുണ്ട്. ഇതിലെ നാരുകളുടെ സാന്നിധ്യവും ദഹന പ്രശ്‌നങ്ങൾ കുറയ്ക്കും.
- ആരോഗ്യമുള്ള ചർമ്മം വേണോ, പപ്പായ ഇല സഹായിക്കും. ഇലയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ ചർമ്മത്തെ ശുദ്ധീകരിക്കാൻ സഹായിക്കും. ചർമ്മത്തിലെ അഴുക്കുകളെ പുറംതള്ളാനും സുഷിരങ്ങളിൽ നിന്ന് എണ്ണയും അഴുക്കും നീക്കം ചെയ്യാനും ചർമ്മത്തെ ആരോഗ്യകരവും തിളക്കവുമാക്കാൻ ഇത് സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.