ഉരുളക്കിഴങ്ങ് ശരീര ഭാരം വർധിപ്പിക്കുമെന്ന് കരുതി അവയോട് നോ പറയുന്നവർ കുറവല്ല. എന്നാൽ, ഉരുളക്കിഴങ്ങിന് മറ്റു ചില പച്ചക്കറികളെക്കാൾ അധിക ഗുണങ്ങളുണ്ടെന്ന് അറിഞ്ഞാലോ?. ഡയറ്റീഷ്യൻ മാക് സിങ് ഇതിനെക്കുറിച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
”പോഷകാഹാരത്തിന്റെ കാര്യത്തിൽ ഉരുളക്കിഴങ്ങിന് ഒരു ചീത്തപ്പേരുണ്ട്. ജിം പരിശീലകരും പോഷകാഹാര വിദഗ്ധരും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകളോട് ഉരുളക്കിഴങ്ങ് കഴിക്കരുതെന്ന് നിർദേശിക്കാറുണ്ട്. എന്നാൽ, 100 ഗ്രാം ഉരുളക്കിഴങ്ങിൽ 0.1 ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. ഉരുളക്കിഴങ്ങിനെ അപേക്ഷിച്ച് ബ്രോക്കോളിക്കും ചോളത്തിനും 100 ഗ്രാം കൊഴുപ്പ് കൂടുതലാണ്. 100 ഗ്രാം ഉരുളക്കിഴങ്ങിൽ 110 കലോറി മാത്രമാണുള്ളത്, കൂടാതെ ഉരുളക്കിഴങ്ങിൽ കൊഴുപ്പും സോഡിയവും കൊളസ്ട്രോളും ഇല്ല,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ജനപ്രിയമായ ഒരു പ്രധാന ഭക്ഷണമാണ് ഉരുളക്കിഴങ്ങെന്നും നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്നും ഹൈദരാബാദിലെ കെയർ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ കൺസൾട്ടന്റ് ഡോ.ജി.സുഷമ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. വിറ്റാമിൻ സി, ബി6, പൊട്ടാസ്യം, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പന്നമാണ്. കൂടാതെ, പോളിഫെനോൾസ്, കരോട്ടിനോയിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും അവയിൽ അടങ്ങിയിട്ടുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.
വാഴപ്പഴത്തിനെക്കാൾ കൂടുതൽ പൊട്ടാസ്യം ഉരുളക്കിഴങ്ങിലുണ്ട്
ഇക്കാലത്ത് ഭൂരിഭാഗം ആളുകളും പൊട്ടാസ്യത്തിന്റെ കുറവുള്ളവരാണ്, പ്രത്യേകിച്ച് സസ്യാഹാരം കഴിക്കുന്നവരോ അല്ലെങ്കിൽ ദീർഘകാലം ഡയറ്റിൽ ഏർപ്പെടുന്നവരോ. ഉരുളക്കിഴങ്ങിലെ അന്നജം പ്രതിരോധശേഷിയുള്ള അന്നജമായതിനാൽ നല്ലതാണെന്ന് സിങ് പറഞ്ഞു. ”ഉരുളക്കിഴങ്ങ് അന്നജം നിറഞ്ഞതാണ്, എന്നാൽ അതിൽ ഏത് തരത്തിലുള്ള അന്നജം ഉണ്ടെന്ന് നിങ്ങൾക്കറിയാമോ?. ഉരുളക്കിഴങ്ങിൽ നാരുകൾ പോലെ പ്രവർത്തിക്കുകയും കുടലിൽ നല്ല ബാക്ടീരിയകൾ വളരാൻ സഹായിക്കുകയും ചെയ്യുന്ന പ്രതിരോധശേഷിയുള്ള അന്നജം നിറഞ്ഞിരിക്കുന്നു,” സിങ് വ്യക്തമാക്കി.
ഉരുളക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ
രക്തസമ്മർദ്ദം കുറയ്ക്കുന്നത് മുതൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതുവരെ ഉരുളക്കിഴങ്ങിന്റെ വിവിധ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഡോ.സുഷമ പറഞ്ഞിട്ടുണ്ട്.
മെച്ചപ്പെട്ട ദഹനം: ഉരുളക്കിഴങ്ങിൽ ഗണ്യമായ അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
കുറഞ്ഞ രക്തസമ്മർദം: ഉരുളക്കിഴങ്ങിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്തസമ്മർദം നിയന്ത്രിക്കാനും ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ഹൃദയാരോഗ്യം വർധിപ്പിക്കും: ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
പ്രതിരോധശേഷിയുള്ള അന്നജം: ഉരുളക്കിഴങ്ങിൽ പ്രതിരോധശേഷിയുള്ള അന്നജം അടങ്ങിയിട്ടുണ്ട്, ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സംതൃപ്തി വർധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും കഴിയും.
ഉരുളക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ അവഗണിക്കാൻ കഴിയില്ലെങ്കിലും, പ്രമേഹരോഗികൾ ഉരുളക്കിഴങ്ങ് ജാഗ്രതയോടെ കഴിക്കണം, കാരണം അവയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ കഴിയും. കാർബോഹൈഡ്രേറ്റുകൾ സന്തുലിതമാക്കാൻ പ്രോട്ടീനും കൊഴുപ്പും സംയോജിപ്പിച്ച് കഴിക്കാനും സിങ് നിർദേശിച്ചു.