scorecardresearch

ഗർഭിണികൾക്ക് ജീരക വെള്ളം കുടിക്കാമോ?

ആരോഗ്യപരമായ ഗുണങ്ങൾക്ക് പേരുകേട്ടതാണ് ജീരക വെള്ളം. എന്നാൽ ഗർഭകാലത്ത് ജീരക വെള്ളം കുടിക്കുന്നത് സുരക്ഷിതമാണോ?.

jeera water, health, ie malayalam

ഇന്ത്യൻ അടുക്കളകളിൽ സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധ വ്യജ്ഞനമാണ് ജീരകം. ഭക്ഷണ പദാർത്ഥങ്ങൾ രുചികരമാക്കുക മാത്രമല്ല, അവയെ ആരോഗ്യപരമാക്കുകയും ചെയ്യുന്നു. രാത്രി മുഴുവൻ ജീരകം കുതിർത്ത വെള്ളം പിറ്റേ ദിവസം രാവിലെ കുടിക്കുന്ന നിരവധി പേരുണ്ട്. ദഹനത്തെ സഹായിക്കുന്നതും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതും ജലാംശം പ്രോത്സാഹിപ്പിക്കുന്നതും ഉൾപ്പെടെയുള്ള ആരോഗ്യപരമായ ഗുണങ്ങൾക്ക് പേരുകേട്ടതാണ് ഈ വെള്ളം. എന്നാൽ ഗർഭകാലത്ത് ജീരക വെള്ളം കുടിക്കുന്നത് സുരക്ഷിതമാണോ?.

തലമുറകളായി ഇന്ത്യൻ കുടുംബങ്ങളിൽ പിന്തുടരുന്ന ഒരു പുരാതന ആചാരമാണ് ജീരക വെള്ളം കുടിക്കുന്നത്. ഗർഭിണികൾക്ക് മാത്രമല്ല, എല്ലാവർക്കും ഇത് ഉപയോഗപ്രദമാണെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുകയാണ് ഗൈനക്കോളജിസ്റ്റ് ഡോ.രമ്യ കബിലൻ. ”എൻസൈമുകളും പിത്തരസവും ഉത്പാദിപ്പിക്കാൻ പാൻക്രിയാസിനെ ഉത്തേജിപ്പിക്കുന്ന തൈമോൾ എന്ന രാസവസ്തു ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. ഗർഭാവസ്ഥയുടെ അവസാന ആഴ്ചകളിൽ അനുഭവപ്പെടുന്ന സാധാരണ അസ്വസ്ഥതകളായ ദഹനം, വയർവീർക്കൽ, ഗ്യാസ് എന്നിവ കുറയ്ക്കാൻ ജീരക വെള്ളം സഹായിക്കുന്നു,” അവർ പറഞ്ഞു.

ഗർഭാവസ്ഥയിൽ ജീരക വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി മിതമായ അളവിൽ കുടിക്കുന്നത് ഗർഭിണികൾക്ക് സുരക്ഷിതമായി കണക്കാക്കപ്പെടുന്നുവെന്ന് റായ്പൂരിലെ രാംകൃഷ്ണ കെയർ ഹോസ്പിറ്റൽസിലെ സീനിയർ ഡയറ്റീഷ്യൻ പ്രിയങ്ക ശുക്ല ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. ഗർഭിണികൾ ജീരക വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അവർ പറഞ്ഞിട്ടുണ്ട്.

  1. മലബന്ധം അകറ്റും

ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കുന്ന ഹോർമോൺ മാറ്റങ്ങൾ കാരണം പല ഗർഭിണികൾക്കും മലബന്ധം അനുഭവപ്പെടുന്നു. സ്വാഭാവിക പോഷകഗുണങ്ങൾ കാരണം ജീരക വെള്ളം മലബന്ധം ഒഴിവാക്കാൻ സഹായിക്കും.

  1. വയർവീർക്കൽ കുറയ്ക്കുന്നു

ജീരക വെള്ളം ഗർഭകാലത്ത് വയർ വീർക്കുന്നതും ഗ്യാസ് പ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

  1. ജലാംശം വർധിപ്പിക്കുന്നു

ഗർഭാവസ്ഥയിൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ അമ്നിയോട്ടിക് ദ്രാവകത്തിന്റെ അളവ് നിലനിർത്തുന്നതിനും കുഞ്ഞിന്റെ വളർച്ചയ്ക്കും അത്യാവശ്യമാണ്. ദിവസം മുഴുവൻ ജലാംശം നിലനിർത്താൻ ജീരക വെള്ളം നല്ലൊരു മാർഗമാണ്.

ഗർഭകാലത്ത് ജീരക വെള്ളം മിതമായ അളവിൽ കുടിക്കേണ്ടതും പ്രധാനമാണ്. അമിതമായ ഉപയോഗം നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് തുടങ്ങിയ ചില പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് ശുക്ല പറഞ്ഞു. ഗർഭകാലത്ത് സമീകൃതാഹാരത്തിന് ജീരക വെള്ളം ആരോഗ്യകരമായ ഒരു കൂട്ടിച്ചേർക്കലായിരിക്കാം. എന്നാൽ ഇത് മിതമായ അളവിലും ഡോക്ടറുടെ നിർദേശപ്രകാരവും ആയിരിക്കണം.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Health benefits of jeera water for pregnant women