രോഗ ചികിത്സയ്ക്കും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വർഷങ്ങളായി ജീരകം ഉപയോഗിക്കുന്നു. കൊഴുപ്പ് ഇല്ലാതാക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക, കരളിലെ വിഷാംശം ഇല്ലാതാക്കുക, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കുക, ജലദോഷം, പനി എന്നിവയ്ക്കെതിരെ പോരാടുക എന്നിവ ജീരകത്തിന്റെ ആരോഗ്യ ഗുണങ്ങളാണ്.
ആൽക്കലോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, ടെർപെനോയിഡുകൾ തുടങ്ങി നിരവധി ബയോ ആക്ടീവ് സംയുക്തങ്ങളുടെ ശക്തികേന്ദ്രമാണ് ജീരകം. ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ്, വിറ്റാമിനുകൾ എ, ഇ, ബി 1 എന്നിവയുടെ മികച്ച ഉറവിടമാണിത്. ജീരകത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരിക്കുകയാണ് ലൈഫ്സ്റ്റൈൽ കോച്ച് ലൂക്ക് കൊട്ടീൻഞ്ഞോ.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു
ചീത്ത കൊളസ്ട്രോൾ അല്ലെങ്കിൽ ലോ ഡെൻസിറ്റി-ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) ആഗിരണം ചെയ്യാൻ കഴിയുന്ന സസ്യ രാസവസ്തുക്കളായ ഫൈറ്റോസ്റ്റെറോളുകളാൽ സമ്പുഷ്ടമാണ് ജീരകം. ഇത് ട്രൈഗ്ലിസറൈഡുകളെ വിഘടിപ്പിച്ച് മനുഷ്യശരീരത്തിൽ നിന്ന് പുറന്തള്ളുന്നു.
ഇരുമ്പിന്റെ കുറവ് നികത്തുന്നു
ഒരു ടീസ്പൂൺ ജീരകം വെള്ളത്തിൽ കലർത്തി കഴിക്കുകയോ ഭക്ഷണത്തിൽ ചേർക്കുകയോ ജീരക ചായ ഉണ്ടാക്കുകയോ ചെയ്യുന്നത് ഇരുമ്പിന്റെ അളവ് വർധിപ്പിക്കും.
സന്ധി വേദനയും മറ്റു വേദനയും ഒഴിവാക്കുന്നു
ജീരകം സന്ധിവേദനകൾക്കും മറ്റു വേദനകൾക്കും, പ്രത്യേകിച്ച് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ള ആളുകൾക്ക് മികച്ചതാണ്.
ഉറക്കം നൽകുന്നു
നല്ല ഉറക്കം നൽകാൻ ജീരകത്തിന് കഴിയും. പുരാതന ഈജിപ്തുകാർ ഒരു ടീസ്പൂൺ ജീരകം വെള്ളത്തിൽ തിളപ്പിച്ച് പകുതിയായി കുറച്ച്, ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് കുടിക്കാറുണ്ട്. നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ജീരക ചായ ഇന്ത്യൻ വേദങ്ങളിലും കാണപ്പെടുന്നു. നിങ്ങൾക്ക് ഉറക്കം വരാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, ഇത് പരീക്ഷിച്ച് നോക്കുക.
പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നു
പ്രമേഹം നിയന്ത്രിക്കുന്നതിലും ജീരകത്തിന് സ്ഥാനമുണ്ട്. മിക്ക ഇന്ത്യക്കാർക്കും ഇതിനെക്കുറിച്ച് അറിയാം. ജീരകം ചവയ്ക്കുക. ഭക്ഷണത്തിൽ ജീരകപ്പൊടി ചേർക്കാം. ഭക്ഷണത്തിന് 30 മിനിറ്റ് കഴിഞ്ഞ് ഒരു കപ്പ് ജീരക ചായ കുടിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് ശക്തമായി പ്രവർത്തിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
ഭക്ഷണത്തിന് ശേഷം ജീരകം കഴിക്കുന്നത് ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ തകർക്കാൻ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. പോഷകങ്ങൾ നന്നായി സ്വാംശീകരിക്കാനും സഹായിക്കുന്നു.
കരൾ ശുദ്ധീകരിക്കുന്നു
കരളിനെ ശുദ്ധീകരിക്കാൻ ജീരകം സഹായിക്കും.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
നമ്മുടെ പൂർവികർ ജീരകം പ്രതിരോധശേഷി വർധിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. ജീരകത്തിൽ തൈമോൾ എന്ന ഘടകം അടങ്ങിയിട്ടുണ്ട്, ഇത് ഉയർന്ന ആന്റിബയോട്ടിക്, ആന്റിമൈക്രോബയൽ എന്നിവയാണ്. മനുഷ്യശരീരത്തിൽ നിന്ന് വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസ് എന്നിവയെ തുരത്താനും പ്രതിരോധശേഷി സംരക്ഷിക്കാനും ഇതിന് കഴിയും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.