scorecardresearch
Latest News

രക്തത്തിലെ പഞ്ചസാരയും പ്രമേഹവും നിയന്ത്രിക്കാൻ സഹായിക്കും, ദഹനം മെച്ചപ്പെടുത്തും; ഗ്രീൻ പീസിന്റെ ആരോഗ്യ ഗുണങ്ങൾ

സസ്യാഹാരികൾക്ക് പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ഗ്രീൻ പീസ്. മിക്ക പയറുവർഗങ്ങളെയും പോലെ ഗ്രീൻ പീസ് പോഷകപ്രദവും ആരോഗ്യകരവുമാണ്

green peas, health, ie malayalam

ഗ്രീൻ പീസിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞവർ ഒരിക്കലും ഡയറ്റിൽ ഉൾപ്പെടുത്താതിരിക്കില്ല. നാരുകൾ, അന്നജം, പ്രോട്ടീൻ, വിറ്റാമിനുകൾ, ഗുണം ചെയ്യുന്ന ഫൈറ്റോകെമിക്കലുകൾ എന്നിവയാൽ അവ നിറഞ്ഞിരിക്കുന്നു. സസ്യാഹാരികൾക്ക് പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ഗ്രീൻ പീസ്. മിക്ക പയറുവർഗങ്ങളെയും പോലെ ഗ്രീൻ പീസ് പോഷകപ്രദവും ആരോഗ്യകരവുമാണ്.

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയുടെ മികച്ച ഉറവിടമാണ് ഗ്രീൻ പീസ്. സെലിനിയം, സിങ്ക്, ഫൈറ്റോ ന്യൂട്രിയന്റുകൾ, കരോട്ടിൻ, ല്യൂട്ടിൻ-സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമാണ്. ഗ്രീൻ പീസിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

രക്തത്തിലെ പഞ്ചസാരയും പ്രമേഹവും നിയന്ത്രിക്കാൻ സഹായിക്കും

ഗ്രീൻ പീസിന്റെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. കാരണം അവയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ കാർബോഹൈഡ്രേറ്റുകൾ തകർക്കുന്നതിനെ മന്ദഗതിയിലാക്കുന്നു. അതിനാൽ, പഞ്ചസാര വർധനവ് അനുഭവപ്പെടില്ല. കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ ടൈപ്പ് 2 പ്രമേഹം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഗുണം ചെയ്യും. ഗ്രീൻപീസ് കഴിക്കുന്നതിന്റെ പ്രമേഹ വിരുദ്ധ ഫലങ്ങൾ മനസിലാക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

ദഹനത്തെ മെച്ചപ്പെടുത്തും

ഇവയിൽ പ്രീബയോട്ടിക് പഞ്ചസാരയും നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് ദഹനപ്രക്രിയയിൽ ഗുണം ചെയ്യും. ഇവയിലെ ഗാലക്ടോസ് ഒലിഗോസാക്രറൈഡുകൾ വൻകുടലിലെ ദഹനത്തെ സഹായിക്കുമെന്ന് കണ്ടെത്തി. പ്രീബയോട്ടിക് പഞ്ചസാര ദഹന സമയത്ത് പ്രോബയോട്ടിക് ബാക്ടീരിയകൾക്ക് തീറ്റയായി മാറുന്നു. ഈ പഞ്ചസാര ഉപയോഗിക്കാനും ശരീരത്തിന് ഗുണം ചെയ്യുന്ന ഉൽപ്പന്നങ്ങളാക്കി മാറ്റാനും ഇത് നല്ല ബാക്ടീരിയകളെ സഹായിക്കുന്നു. ദഹനനാളത്തിലൂടെയുള്ള ഭക്ഷണത്തിന്റെ ചലനത്തിന് നാരുകൾ സഹായിക്കുന്നു. ശരിയായ ദഹനത്തിനും വിഷ പദാർത്ഥങ്ങളുടെ പുറന്തള്ളലിനും ഇത് അത്യന്താപേക്ഷിതമാണ്.

രക്തത്തിലെ കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കും

കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കും. ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ എൽഡിഎൽ അധികമാകുന്നത് ശരീരത്തിന് ഹാനികരമാണ്. ഇത് ധമനികളെ അടയ്ക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. ഗ്രീൻ പീസിലെ ലയിക്കുന്ന നാരുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കും.

വീക്കം കുറയ്ക്കാൻ സഹായിക്കും

വിട്ടുമാറാത്ത വീക്കം, ഓക്സിഡേറ്റീവ് സമ്മർദം എന്നിവ ഹൃദയ സംബന്ധമായ തകരാറുകൾ, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ്, കാൻസർ എന്നിവയിലേക്ക് നയിച്ചേക്കാം. അതിനാൽ, വീക്കം നിയന്ത്രിക്കുന്നതിന് പ്രായമാകുമ്പോൾ നമ്മുടെ ഭക്ഷണക്രമത്തിൽ ആന്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. ഗ്രീൻ പീസിലെ ശക്തമായ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഓക്‌സിഡേറ്റീവ് നാശത്തെ ചെറുക്കുകയും കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

കാൻസർ സാധ്യത കുറയ്ക്കും

പയർവർഗങ്ങൾ കാൻസർ വിരുദ്ധ സംയുക്തങ്ങളാൽ സമ്പന്നമാണ്. വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ഇൻഹിബിറ്ററുകൾ ഗ്രീൻ പീസ് അടങ്ങിയിട്ടുണ്ട്. ഗ്രീൻ പീസ് ലെക്റ്റിനുകൾ, സാപ്പോണിനുകൾ തുടങ്ങിയ മറ്റ് പല സംയുക്തങ്ങളും കാൻസർ വിരുദ്ധ പ്രവർത്തനം പ്രകടമാക്കിയിട്ടുണ്ട്. ഗ്രീൻപീസിൽ അടങ്ങിയ ഐസോഫ്ലേവോണുകളും ഫിനോളിക് സംയുക്തങ്ങളും കരൾ, വൻകുടൽ, ശ്വാസകോശം, സ്തനാർബുദ കോശങ്ങൾ എന്നിവയിൽ കാൻസർ വിരുദ്ധ പ്രഭാവം ചെലുത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Health benefits of green peas