കറുത്ത മുന്തിരിയുടെ ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ അവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആരും മടിക്കില്ല. പല ഇനങ്ങൾ മുന്തിരി ലഭ്യമാണെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെടുന്ന ഇനങ്ങളിൽ ഒന്നാണിത്. ശക്തമായ ആന്റിഓക്സിഡന്റുകളാൽ നിറഞ്ഞതാണ് കറുത്ത മുന്തിരി. പ്രമേഹം നിയന്ത്രിക്കുന്നത് മുതൽ കാൻസർ സാധ്യത കുറയ്ക്കുന്നതുവരെയുള്ള ആരോഗ്യ ഗുണങ്ങൾ ഇവയ്ക്കുണ്ട്.
കറുത്ത മുന്തിരിയുടെ തൊലിയിൽ കഫീക് ആസിഡ് പോലെ ഫിനോളിക് ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങളാണ് പഴത്തിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി കാൻസർ, കാർഡിയോപ്രൊട്ടക്റ്റീവ്, ആന്റി ഡയബറ്റിക് ഗുണങ്ങൾക്ക് കാരണം. കറുത്ത മുന്തിരിയിലെ ഏറ്റവും പ്രധാനപ്പെട്ട സംയുക്തം റെസ്വെറാട്രോൾ ആണ്. റെസ്വെറാട്രോൾ ഒരു ശക്തമായ ആന്റിഓക്സിഡന്റാണ്. ഇതിന് വീക്കത്തിനെതിരെ പോരാടാനും ഹൃദ്രോഗം തടയാനും ട്യൂമറുകളെ വരെ ചെറുക്കാനും കഴിയുമെന്ന് ഗവേഷണങ്ങൾ പറയുന്നു.
- പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും
കറുത്ത മുന്തിരിയിലെ റെസ്വെറാട്രോൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തും. ഇത് ശരീരത്തിന് ഗ്ലൂക്കോസ് ഉപയോഗിക്കാനുള്ള കഴിവ് വർധിപ്പിക്കുകയും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും. മുന്തിരിക്ക് പൊതുവെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. ജിഐ കുറവുള്ള ഭക്ഷണക്രമം പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. മുന്തിരിയിലെ മറ്റൊരു സംയുക്തമായ ടെറോസ്റ്റിൽബീൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
- ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
കറുത്ത മുന്തിരിയിലെ പോളിഫെനോൾസ് ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. ഈ സംയുക്തങ്ങൾ രക്താതിമർദ്ദം, വീക്കം എന്നിവ ചികിത്സിക്കാൻ സഹായിക്കുന്നു. അവ രക്തക്കുഴലുകളുടെ പ്രവർത്തനവും മെച്ചപ്പെടുത്തുന്നു. കറുത്ത മുന്തിരിയിൽ ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡുകൾ, റെസ്വെറാട്രോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയ സംബന്ധമായ മരണനിരക്ക് കുറയ്ക്കും. ഈ സംയുക്തങ്ങൾക്ക് ആന്റി പ്ലേറ്റ്ലെറ്റ് ഇഫക്റ്റുകളും ഉണ്ട്. അവ പ്ലേറ്റ്ലെറ്റുകളുടെ അഗ്രഗേഷൻ തടയുന്നു (പ്ലേറ്റ്ലെറ്റുകൾ കട്ടപിടിക്കുന്നത്), അതുവഴി ഹൃദയാഘാതം തടയുന്നു. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.
- കാൻസർ തടയാം
കാൻസർ പ്രതിരോധത്തിൽ മുന്തിരിയുടെ സ്വാധീനത്തെക്കുറിച്ച് വ്യാപക ഗവേഷണം നടക്കുന്നുണ്ട്. മുന്തിരിയിലെ ചില സംയുക്തങ്ങൾ വിവിധ തരത്തിലുള്ള കാൻസറിനെ തടയുന്നതായി കണ്ടെത്തി. അത്തരത്തിലുള്ള ഒരു സംയുക്തം റെസ്വെറാട്രോൾ ആണ്. കറുത്ത മുന്തിരിയുടെ തൊലിയിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഈ സംയുക്തം റിയാക്ടീവ് ഓക്സിജൻ സ്പീഷീസുകളെ നിർവീര്യമാക്കുന്നു. ഇത് കാൻസർ കോശങ്ങളെ നശിപ്പിക്കുകയും കാൻസർ പടരുന്നത് തടയുകയും ചെയ്യുന്നു.
- തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും
കറുത്ത മുന്തിരിയിലെ റെസ്വെറാട്രോൾ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും പ്രായവുമായി ബന്ധപ്പെട്ട ഓർമ്മ കുറവ് തടയുകയും ചെയ്യും. മുന്തിരിയിൽ റൈബോഫ്ലേവിൻ അടങ്ങിയിട്ടുണ്ട്, ഇത് മൈഗ്രെയ്ൻ ഉള്ളവർക്ക് ഗുണം ചെയ്യും.
- ഉറക്കത്തെ സഹായിക്കും
ഇക്കാര്യത്തിൽ വളരെക്കുറച്ച് ഗവേഷണങ്ങളേ നടന്നിട്ടുള്ളൂ. മുന്തിരി, പൊതുവേ, മെലറ്റോണിന്റെ (ഉറക്ക ഹോർമോൺ) നല്ല ഉറവിടങ്ങളാണ്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കറുത്ത മുന്തിരി കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.