ഹൃദ്രോഗത്തെ വരെ അകറ്റും; മുട്ടയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

സാധാരണക്കാര്‍ക്ക് അറിയാത്ത പല ഗുണങ്ങളുമുള്ള ഭക്ഷ്യ വസ്തുവാണ് മുട്ട

Egg, Health Benefits

മുട്ട കഴിക്കുന്നതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും നിരവധിയാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് അറിയാത്ത പല ഗുണങ്ങളുമുള്ള ഭക്ഷ്യ വസ്തുവാണ് മുട്ട. ഡോക്ടറും പോഷകാഹാര വിദഗ്ധയുമായ രോഹിണി പാട്ടീലിന്റെ അഭിപ്രായത്തില്‍ മുട്ട ഒരു സൂപ്പര്‍ ഫുഡാണ്. പുഴുങ്ങിയ മുട്ടയില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

  • വിറ്റാമിൻ എ – ആറ് ശതമാനം
  • വിറ്റാമിൻ ബി 5 – ഏഴ് ശതമാനം
  • വിറ്റാമിൻ ബി 12 – ഒന്‍പത് ശതമാനം
  • ഫോസ്ഫറസ് – ഒന്‍പത് ശതമാനം
  • വിറ്റാമിൻ ബി 2 – 15 ശതമാനം
  • സെലിനിയം – 22 ശതമാനം

മുട്ടയുടെ ഗുണങ്ങള്‍

  • ശരീരത്തിന്റെ ഉന്മേഷം വര്‍ധിപ്പിക്കുന്നു

“ഉയര്‍ന്ന സംതൃപ്തി സൂചികയുള്ള ഭക്ഷ്യവസ്തുവാണ് മുട്ട. വലിയ ഒരു മുട്ടയില്‍ ആറു ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീനുകളും വിറ്റാമിന്‍ സി ഒഴികയുള്ള പോഷകങ്ങളും അടങ്ങുന്നു. ഇതിനാലാണ് പഴം അല്ലെങ്കില്‍ ഓറഞ്ച് ജ്യൂസ്, മുട്ട, ഗോതമ്പ് ബ്രെഡ് എന്നിവ പ്രഭാതഭക്ഷണത്തിന് ഏറ്റവും അനുയോജ്യമായവയെന്ന് പറയുന്നത്,” ഡോ പാട്ടീല്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

“ശരീരത്തിന് സ്വയം ഉത്പാദിപ്പിക്കാൻ കഴിയാത്ത പ്രോട്ടീന്റെ നിർമ്മാണ ഘടകമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളാലും സമ്പന്നമാണ് മുട്ട,” ഭാട്ടിയ ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ സക്കീന ദിവാൻ പറഞ്ഞു.

മുട്ടയിൽ ഫോളേറ്റ്, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. “ഈ വിറ്റാമിനുകളെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുട്ടിയുടെ വളർച്ചയെ സഹായിക്കുന്നു. അതുപോലെ, വിറ്റാമിൻ ഡി അസ്ഥികളുടെ ബലത്തിന് നല്ലതാണ്. വിറ്റാമിൻ എ കണ്ണുകൾക്കും, വിറ്റാമിൻ ബി-6 തലച്ചോറിന്റെ വളർച്ചയ്ക്കും, ബി-12 വിളർച്ച കുറയ്ക്കുന്നതിനും നല്ലതാണ്,” ദിവാൻ കൂട്ടിച്ചേര്‍ത്തു.

  • ഹൃദയ സംബന്ധമായ രോഗങ്ങളെ അകറ്റി നിർത്തുന്നു

ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം, അകാല മരണം എന്നിവയ്ക്കുള്ള സാധ്യതയുമായി ബന്ധമില്ല എന്നാണ് 2020 ജനുവരിയിൽ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്. ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച 2018 ലെ മറ്റൊരു പഠനത്തിൽ പറയുന്നത് ദിവസവും ഒരു മുട്ട കഴിക്കുന്ന ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ്.

  • തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നു

ഗര്‍ഭസ്ഥ ശിശുവിലും നവജാത ശിശുവിലും മസ്തിഷ്ക വികസനം സുഗമമാക്കുന്നതും വാർദ്ധക്യത്തിൽ ഓർമ്മശക്തി സഹായിക്കുന്നതുമായ കോളിൻ എന്ന പോഷകം മുട്ടയില്‍ അടങ്ങിയിരിക്കുന്നു. ദിവാന്റെ അഭിപ്രായത്തിൽ മുട്ടയുടെ വെള്ളയിൽ പകുതിയോളം പ്രോട്ടീനാണ്. കൊളസ്ട്രോളിന്റേയും കൊഴുപ്പിന്റേയും അളവ് കുറവാണ്.

മുട്ട ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കണ്ണുകൾക്ക് ഗുണം ചെയ്യുന്ന ആന്റിഓക്‌സിഡന്റുകൾ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്, ദിവാൻ വിശദമാക്കി.

Also Read: കഠിനമായ വ്യായാമത്തിന് വിട; ശരീരഭാരം കുറയ്ക്കാന്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Health benefits of boiled egg

The moderation of comments is automated and not cleared manually by malayalam.indianexpress.com