മനുഷ്യൻറെ ജീവൻ അപകടത്തിലാക്കാൻ കെല്പുള്ളതാണ് തലയ്ക്കേൽക്കുന്ന പരുക്കുകൾ. മിക്കപ്പോഴും മനുഷ്യരെ മരണത്തിലേക്കും വൈകല്യങ്ങളിലേക്കും തള്ളിവിടുന്നത് തലയിലേൽക്കുന്ന പരുക്കുകളാണ്. വീഴ്ചയിലൂടെയോ അപകടത്തിലൂടെയോ കളികൾക്കിടയിലോ പലതരത്തിൽ നമ്മുടെ തലക്ക് പരുക്കേൽക്കാനുള്ള സാധ്യതകളുണ്ട്.
ഈ പരുക്കുകൾ ചിലപ്പോൾ നിസാരമായതാകാം, മറ്റു ചിലപ്പോൾ ഗുരുതരവും. ചില പരുക്കുകൾ ചെറിയ മുറിവോ, വീക്കമോ, തടിപ്പോ ആയി മാത്രം മാറുമ്പോൾ ചിലത് തലയോട്ടിയെ തകർക്കുന്നതും ആന്തരിക രക്തസ്രാവത്തിനും തലച്ചോറിന് ക്ഷതമേല്കുന്നതിനു ഇടയാക്കുന്നതുമാകാം. ”ഡിപ്രസ്ഡ് സ്കൾ ഫ്രാക്ചർ, എപിഡ്യൂറൽ ഹെമറ്റോമ, സബ്ഡ്യൂറൽ ഹേമറ്റോമ എന്നിവയാണ് തലയെ ബാധിക്കുന്ന ഉടനടി ചികിത്സ വേണ്ടുന്ന പരുക്കുകൾ,” മുംബൈ ഗ്ലോബൽ ഹോസ്പിറ്റലിലെ ഹെഡ് ക്രിട്ടിക്കൽ കെയർ യൂണിറ്റ് തലവൻ ഡോ. പ്രശാന്ത് പറയുന്നു.
Read Also: 1825 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1917 പേർക്ക് രോഗമുക്തി
രോഗലക്ഷണങ്ങൾ
തലയ്ക്കേൽക്കുന്ന പരുക്കിന്റെ തീവ്രതയനുസരിച്ച് ലക്ഷണങ്ങളിലും മാറ്റം വരും. ചെറിയ പരുക്കുകൾ സംഭവിക്കുന്നവർക്കു തലവേദന, തലകറക്കം, ഛർദി, ക്ഷീണം, ഉറക്കമില്ലായ്മ, കാഴ്ച മങ്ങൽ, ബാലൻസില്ലായ്മ എന്നീ പ്രശ്നങ്ങളുണ്ടാവും. ഗുരുതരമായ പരുക്കുകൾ സംഭവിക്കുന്നവർക്ക് സംസാരിക്കുമ്പോൾ കുഴഞ്ഞു പോകുക, ബോധം നഷ്ടപ്പെടുക, നടക്കാൻ കഴിയാതിരിക്കുക, ഒരുവശം തളർന്നുപോകുക, വിയർക്കുക, അപ്സമാരം വരിക, ചെവിയിൽനിന്ന് രക്തം വരിക, കോമയിലേക്കു പോവുക, തലയോട്ടിയിൽ വലിയ മുറിവ് സംഭവിക്കുക എന്നീ ഗുരുതര പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.
രോഗനിർണയവും ചികിത്സയും
തലയ്ക്കു പരുക്കേറ്റ് ആശുപത്രിയിലെത്തുന്ന രോഗിയുടെ എക്സ്റേ, സിടി സ്കാൻ, അല്ലെങ്കിൽ എംആർഐ ആണ് ഡോക്ടർമാർ ആദ്യം എടുക്കുക. തലയുടെ എവിടെയാണ് പരുക്കേറ്റിരിക്കുന്നതെന്നും എത്ര ഗുരുതരമാണെന്നും തിരിച്ചറിയാൻ ഇത് സഹായിക്കും. പിന്നീട് രോഗിയുടെ പ്രായം, പരുക്കിന്റെ സ്വഭാവം, പരുക്കേറ്ര സ്ഥലം എന്നിവയ്ക്കനുസരിച്ച് ഡോക്ടർമാർ ചികിത്സ നിർദേശിക്കും.
നിസാര പരുക്കുകൾക്ക് ഐസ് വയ്ക്കുകയോ കുറച്ചുനേരം ഒബ്സെർവേഷനിൽ കിടത്തി പറഞ്ഞുവിടുകയോ ചെയ്യുമ്പോൾ ഗുരുതരമായവയ്ക്കു സ്റ്റിച്ചിടുകയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും അത്യാവശ്യമെങ്കിൽ സർജറി ചെയ്യുകയും ചെയ്യും. തലയ്ക്ക് ഏതെങ്കിലും തരത്തിൽ പരുക്കേറ്റാൽ ചികിത്സ വൈകിപ്പിക്കരുത്.