കോവിഡ് എന്ന മഹാമാരി ഓരോ മനുഷ്യനിലും ബാക്കി വയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്. കോവിഡ് മുക്തനായാലും ആരോഗ്യം പഴയപടി വീണ്ടെടുക്കാൻ പലരും ഒരുപാട് സമയമെടുക്കുന്നുണ്ട്. കോവിഡിനു ശേഷവും ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്ക്കാന് സാധ്യതയുള്ള അനുബന്ധമായ ശാരീരിക പ്രശ്നങ്ങളെയാണ് പോസ്റ്റ് കോവിഡ് സിന്ഡ്രോം എന്ന് പറയുന്നത്.
കോവിഡിനു ശേഷം പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ശക്തമായ മുടിക്കൊഴിച്ചിൽ. പോസ്റ്റ് കോവിഡിന്റെ ഭാഗമായി വരുന്ന മുടിക്കൊഴിച്ചിൽ 90 ശതമാനവും ടെലോജെൻ എഫ്ളുവിയം (Telogen Effluvium) എന്ന കണ്ടീഷൻ കൊണ്ട് ഉണ്ടാകുന്നതാണെന്നാണ് ആയുർവേദ ഡോക്ടറായ രേഖ രാധാമണി പറയുന്നത്.
“ശരീരത്തിന് ശാരീരികവും വൈകാരികവുമായ സമ്മദർദ്ദമുണ്ടാവുമ്പോഴാണ് ടെലോജെൻ എഫ്ളുവിയം എന്ന അവസ്ഥയിലേക്കു നയിക്കുന്നത്. താൽക്കാലികമായ മുടി കൊഴിച്ചിലിലിനു പറയുന്ന പേരാണ് ടെലോജെൻ എഫ്ലൂവിയം എന്നത്. സമ്മർദ്ദം, ഷോക്ക്, എന്തെങ്കിലും ആഘാതകരമായ സംഭവങ്ങൾ എന്നിവയുണ്ടാവുമ്പോൾ ഇത് സ്വാഭാവികമായി സംഭവിക്കാം,” ഡോ. രേഖ പറയുന്നു.
എന്നാൽ കോവിഡാനന്തരം ഉണ്ടാവുന്ന ഈ മുടിക്കൊഴിച്ചിൽ കണ്ട് വേവലാതിപ്പെടേണ്ടതില്ലെന്ന് ഡോക്ടർ രേഖ കൂട്ടിച്ചേർക്കുന്നു.”ഈ മുടിക്കൊഴിച്ചിൽ തനിയെ നിൽക്കും, ചിലരിൽ പഴയതുപോലെയാവാൻ കുറച്ചു സമയമെടുക്കുമെന്ന് മാത്രം. മുടിക്കൊഴിച്ചിൽ നിന്ന് പഴയതുപോലെയാവാൻ ശരീരത്തിന് ആവശ്യത്തിന് അയേൺ ആവശ്യമുണ്ട്. അതിനാൽ നിങ്ങൾക്ക് അയേൺ അപര്യാപ്തത ഉണ്ടെങ്കിൽ അതു പരിഹരിക്കാനുള്ള ഭക്ഷണം കഴിക്കുകയാണ് വേണ്ടത്.”
ശരീരത്തിലെ അയേണിന്റെ അളവ് പ്രകൃതിദത്തമായി വർധിപ്പിക്കാനുള്ള ചില വഴികളും രേഖ പറയുന്നു.
- ഒരു ടീസ്പൂൺ നെല്ലിക്കപ്പൊടിയും നെയ്യും ചേർത്ത് ഉച്ചഭക്ഷണത്തിനു മുൻപു കഴിക്കുക.
- പുളിയുള്ളതും ഉപ്പുരസം കൂടിയതുമായ ഭക്ഷണപദാർത്ഥങ്ങൾ കുറയ്ക്കുക.
- മദ്യം ഒഴിവാക്കുക
- നിത്യേന കുറച്ചുസമയമെങ്കിലും വ്യായാമം ചെയ്യുക.
- ചുവന്ന മുന്തിരിയും ഉണക്കമുന്തിരിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- ആപ്പിൾ സിഡർ വിനഗർ, കോഫി, തക്കാളി, ഉരുളക്കിഴങ്ങ് പോലുള്ള ഉൾപ്പുഴുക്കമുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക.
- ഭക്ഷണത്തിൽ ചുക്ക് ഉൾപ്പെടുത്തുക.
- 15 മില്ലി ദ്രാക്ഷാരിഷ്ടം അത്താഴത്തിന് ശേഷം കഴിക്കുക.
ചീര, ബീൻസ്, ചെറുപയർ, സോയാബീൻ പോലുള്ള പഴവർഗ്ഗങ്ങൾ, റെഡ് മീറ്റ്, മത്തങ്ങ വിത്തുകൾ എന്നിവയിലൊക്കെ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.