വർഷത്തിൽ ഏതു സമയത്തും സുലഭമായി ലഭിക്കുന്ന പഴങ്ങളിൽ ഒന്നാണ് ആപ്പിൾ. പ്രായഭേദമില്ലാതെ ആപ്പിൾ ദിവസവും കഴിക്കുന്നത് രോഗങ്ങളിൽനിന്നും അകറ്റി നിർത്തും. നിറയെ പോഷകഗുണങ്ങളുള്ള ആപ്പിൾ രണ്ടു നിറത്തിൽ ലഭ്യമാണ്. പച്ച നിറമുള്ളതും ചുവന്ന നിറമുള്ളതും. ഈ രണ്ടു നിറത്തിലുള്ള ആപ്പിളും ഇഷ്ടമുള്ളവരുണ്ട്. എന്നാൽ, അവർക്ക് ഇതിൽ ഏതാണ് ആരോഗ്യത്തിന് മികച്ചതെന്നറിയാമോ?.
ഡയറ്റീഷ്യൻ ശിഖ കുമാരി ഈ രണ്ടു നിറമുള്ള ആപ്പിളിന്റെയും ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. ”പച്ച ആപ്പിളിന് ചെറിയ പുളിയും കട്ടിയുള്ള തൊലിയും ഉണ്ട്. മറിച്ച്, ചുവന്ന നിറത്തിലുള്ള ആപ്പിളുകൾ മധുരമുള്ളവും തൊലി കട്ടിയില്ലാത്തതുമാണ്. മധുരമുള്ളതിനാൽ ആളുകൾ കൂടുതലായും പച്ച ആപ്പിളിനു പകരം ചുവന്ന ആപ്പിളാണ് തിരഞ്ഞെടുക്കുന്നത്,” കുമാരി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
ഈ ആപ്പിളുകളിലെ പോഷക ഗുണങ്ങളിൽ വ്യത്യാസമുണ്ടോ?
രണ്ടു നിറത്തിലുള്ള ആപ്പിളുകളിലെയും പോഷക ഗുണങ്ങളിൽ നേരിയ വ്യത്യാസമേയുള്ളൂ. ചുവന്ന ആപ്പിളുമായി താരതമ്യം ചെയ്യുമ്പോൾ പച്ച ആപ്പിളിൽ വിറ്റാമിനുകളായ എ, ബി, സി, ഇ, കെ എന്നിവയുടെ ഉള്ളടക്കം കൂടുതമാണ്. മാത്രമല്ല, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീൻ എന്നിവയും കൂടുതൽ അടങ്ങിയിട്ടുണ്ട്. അതുപോലെ, ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പച്ച ആപ്പിളാണ് മികച്ചതെന്ന് ചില പഠനങ്ങൾ പറയുന്നുണ്ടെന്നും കുമാരി വ്യക്തമാക്കി.
”മൊത്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ, പച്ച ആപ്പിളിലേക്ക് മാറുന്നതാണ് നല്ലത്. ചുവന്ന ആപ്പിളിൽ നിറയെ ആന്റിഓക്സിഡന്റുകളുണ്ട്. കൂടുതൽ രുചികരവുമാണ്,” കുമാരി അഭിപ്രായപ്പെട്ടു.
പച്ചയോ ചുവന്ന ആപ്പിളോ, ഏതാണ് ആരോഗ്യകരം?
ആരോഗ്യപരമായി പച്ച ആപ്പിൾ ചുവന്ന ആപ്പിളിനേക്കാൾ കൂടുതൽ പ്രയോജനകരം അല്ലെങ്കിൽ തുല്യമാണ്. വീട്ടിലെ പ്രധാന ഭക്ഷണമാണ് ചുവന്ന ആപ്പിളുകൾ, അതിനാൽ അവ കഴിക്കാനുള്ള സാധ്യതയും കൂടുതലാണ്. ദീർഘകാലാടിസ്ഥാനത്തിൽ, പച്ച ആപ്പിളിന് കുറച്ച് പോഷക മൂല്യം കൂടുതലുണ്ടെങ്കിലും പച്ചയും ചുവന്ന ആപ്പിളും ശരീരത്തിൽ ഒരേ സ്വാധീനമാണ് ചെലുത്തുന്നതെന്ന് കുമാരി പറഞ്ഞു.
പോഷകാഹാരത്തിൽ ചെറിയ വ്യത്യാസങ്ങൾ മാത്രമുള്ളതിനാൽ ചുവന്ന ആപ്പിളിന് നൽകാൻ കഴിയാത്ത പോഷകഗുണങ്ങൾ ഗ്രീൻ ആപ്പിളിന് ഇല്ലെന്ന് പോഷകാഹാര വിദഗ്ധയും ഫുഡ് കോച്ചുമായ അനുപമ മേനോൻ പറഞ്ഞു. “വിറ്റാമിൻ എയുമായി ബന്ധപ്പെട്ട ആരോഗ്യ ഗുണങ്ങൾ മാത്രമേ ഉള്ളൂ, കാരണം പച്ച ആപ്പിളിൽ ചുവന്ന ആപ്പിളിന്റെ ഏകദേശം ഇരട്ടി വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫലമായി, പച്ച ആപ്പിൾ കാഴ്ചശക്തി വർധിപ്പിക്കുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മുഖക്കുരു സാധ്യത കുറയ്ക്കുന്നതിനും എല്ലുകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും,” മേനോൻ അഭിപ്രായപ്പെട്ടു.