scorecardresearch
Latest News

ഗ്രീൻ ടീയോ കാപ്പിയോ: ഹൃദയാരോഗ്യത്തിന് നല്ലത് ഏതാണ്?

രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാപ്പിയാണോ അതോ ഗ്രീൻ ടീയാണോ നല്ലതെന്ന ചർച്ച പലപ്പോഴും ഉയർന്നു വരാറുണ്ട്

green tea, coffee, ie malayalam

ചായയും കാപ്പിയും ലോകത്തിലെ തന്നെ രണ്ടു പ്രധാന പാനീയങ്ങളാണ്. രണ്ടിലും കഫീനും ആന്റിഓക്സിഡന്റുകളും ഉള്ളതിനാൽ ഏത് തിരഞ്ഞെടുക്കണമെന്നത് പലപ്പോഴും വെല്ലുവിളിയാണ്. ഇവ രണ്ടും ഒഴിവാക്കി ഗ്രീൻ ടീ ആരോഗ്യത്തിന് മികച്ചതാണെന്ന് തിരഞ്ഞെടുക്കുന്നവരുമുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാപ്പിയാണോ അതോ ഗ്രീൻ ടീയാണോ നല്ലതെന്ന ചർച്ച പലപ്പോഴും ഉയർന്നു വരാറുണ്ട്. അടുത്തിടെ നടന്ന ഗവേഷണം ഇതിനുള്ള ഉത്തരം നൽകും.

ജെഎസിസി (ജപ്പാൻ കൊളാബറേറ്റീവ് കോഹോർട്ട് സ്റ്റഡി ഫോർ ഇവാലുവേഷൻ ഓഫ് കാൻസർ റിസ്ക്) ഇതുസംബന്ധിച്ച ഗവേഷണം നടത്തി. പിന്നീട് ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ (JAHA) ഈ പഠനം പ്രസിദ്ധീകരിച്ചു. 12 വർഷത്തിനിടെ നടത്തിയ പഠനത്തിൽ 18,000 പേരെ ഉൾപ്പെടുത്തി. പഠനത്തിൽ പങ്കെടുത്തവരുടെ കാപ്പിയുടെയും ഗ്രീൻ ടീയുടെയും ഉപയോഗം അവരുടെ രക്തസമ്മർദത്തെയും ഹൃദയ സംബന്ധമായ ആരോഗ്യത്തെയും എങ്ങനെ ബാധിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.

കാപ്പിയിൽ 95 മുതൽ 200 മില്ലിഗ്രാം വരെ കഫീൻ അടങ്ങിയിട്ടുണ്ട്, ഗ്രീൻ ടീയിൽ 35 മില്ലിഗ്രാം മാത്രമേയുള്ളൂവെന്ന് പഠനത്തിൽ വ്യക്തമായി. അതായത് ഒരു കപ്പ് ഗ്രീൻ ടീയിലുള്ളതിനേക്കാൾ മൂന്നിരട്ടി കഫീൻ കാപ്പിയിലുണ്ട്. കാപ്പിയേക്കാൾ ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം കുറയ്ക്കാനും ഗ്രീൻ ടീ ഉത്തമമാണെന്നാണ് പഠനം പറയുന്നത്.

ഉയർന്ന രക്തസമ്മർദമുള്ള ആളുകൾക്ക് കാപ്പി കഴിക്കുന്നത് ദോഷകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയാരോഗ്യത്തിനുള്ള മികച്ച പാനീയമാണ് ഗ്രീൻ ടീയെന്ന് പഠനം പറയുന്നു. കഫീന്റെ പ്രതികൂല ഫലങ്ങളെ സന്തുലിതമാക്കുന്ന ഗ്രീൻ ടീയിലെ പോളിഫെനോളുകളാണ് ഇതിന് കാരണം. ധാരാളം ഗുണങ്ങളുള്ള ഒരു ആരോഗ്യകരമായ പാനീയമാണ് ഗ്രീൻ ടീയെന്ന് ഇതിനു മുൻപും പലതവണ തെളിഞ്ഞിട്ടുണ്ട്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Green tea vs coffee which is better for your heart