നമ്മുടെ പാചകത്തില്‍ എരിവിനായി ഉപയോഗിക്കുന്നവയാണ് പച്ച മുളകും ചുവന്ന അല്ലെങ്കില്‍ ഉണക്ക മുളകും. കറികളുടെ നിറവും സ്വഭാവവും അനുസരിച്ച് ഇതില്‍ എതു ഉപയോഗിക്കണം എന്ന് തീരുമാനിക്കും. രണ്ടിനും രണ്ടു രുചിയുമാണ് എന്നിരിക്കെ തന്നെ ഇതില്‍ എതാണ് ആരോഗ്യത്തിനു നല്ലത് എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടിയും ന്യൂട്രിഷ്യനിസ്റ്റുമായ ഭാഗ്യശ്രീ മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തന്റെ കണ്ടെത്തലുകള്‍ ഭാഗ്യശ്രീ പങ്കു വച്ചത്.
ചുവന്ന മുളകിനെക്കാള്‍ താന്‍ പ്രിഫര്‍ ചെയ്യുന്നത് വീട്ടില്‍ തന്നെ വളര്‍ത്തുന്ന ചെടിയില്‍ നിന്നുള്ള പച്ച മുളകാണ് എന്നാണ് ഭാഗ്യശ്രീ പറയുന്നത്. അതിനു കാരണങ്ങളായി അവര്‍ വിശദീകരിക്കുന്നത് ഇങ്ങനെ.
- മറ്റനേകം ഗുണങ്ങള്‍ക്ക് പുറമേ പച്ച മുളകില്‍ നിറയെ വിറ്റമിന്‍ സി, ആന്റി ഓക്സിഡന്റ്സ് എന്നിവയുണ്ട്.
- അതിലുള്ള ബീറ്റാകരോട്ടീന്‍ കണ്ണുകള്‍ക്കും ചര്‍മ്മത്തിനും നല്ലതാണ്.
- അതിലെ കാപ്സൈസിന്, ഡൈഹൈഡ്രോകാപ്സൈസിന് എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുന്നതിനും സഹായിക്കുന്നു.
- അതിലെ വിറ്റമിന്‍ കെ, രക്തം കട്ടി പിടിക്കുന്നത് തടയുന്നു.
- കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു.
ചുവന്ന മുളകിനും ഏതാണ്ട് സമാനമായ ഗുണങ്ങളുണ്ടെങ്കിലും അവ ‘raw’ ആയി കഴിക്കുന്നത് വളരെ അപൂർവമാണെന്നും പൊടി രൂപത്തിൽ എത്തുമ്പോള്‍ അതില്‍ കലർത്തലും മായം ചേർക്കലും സാധാരണമാണ് എന്നും അവർ കൂട്ടിച്ചേർത്തു. ‘കൂടുതൽ ചുവന്ന മുളക് കഴിക്കുന്നത് ആമാശയത്തിലെ അൾസറിനും നെഞ്ചെരിച്ചലിനും കാരണമാകും’ എന്നും ഭാഗ്യശ്രീ പറഞ്ഞു.
‘പച്ചയും ചുവന്ന മുളകും തമ്മിൽ കാര്യമായ വ്യത്യാസമില്ല, പക്ഷേ പച്ചമുളക് കഴിക്കുന്നത് ആരോഗ്യകരമാണ്, കാരണം ചുവന്ന മുളക് പൊടിയുമായി താരതമ്യപ്പെടുത്തുമ്പോൾ അവ കൂടുതല്‍ മൈല്‍ഡ് ആണ്. അസിഡിറ്റിക്ക് കാരണമാകില്ല എന്നുമുണ്ട്,’ ഈ വിഷയത്തെക്കുറിച്ച് ഡോ. അഗര്‍വാള്‍ പറഞ്ഞു.
പച്ചമുളക് ഫ്രഷ് ആണ്, ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടവും. സന്തോഷത്തിന്റെ ഹോർമോണായ എൻഡോർഫിൻ ഉൽപാദനത്തെ സഹായിക്കുന്നത് വഴി നാഡികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്നും ഡോ. അഗര്‍വാള്‍ കൂട്ടിച്ചേർത്തു.
ഗ്യാസ്ട്രിക് ജ്യൂസിന്റെ സ്രവണത്തിനു സഹായിക്കുകയും അത് വഴി ദഹനം എളുപ്പമാക്കുകയും ചെയ്യുന്നതിനാൽ ഭക്ഷണത്തിൽ പച്ച പച്ചമുളക് ചേർക്കണമെന്നും അവർ നിർദ്ദേശിച്ചു.