വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വ്യായാമം ചെയ്തതുകൊണ്ടു മാത്രം കാര്യമില്ല. ഡയറ്റീഷ്യൻ ഗരിമ ഗോയലിന്റെ അഭിപ്രായത്തിൽ വയറിലെ കൊഴുപ്പ് കുറയ്ക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം, അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് ഇടയാക്കും. പതിവായുള്ള വ്യായാമം ആവശ്യമാണെങ്കിലും, ഭക്ഷണശീലത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വയറിലെ കൊഴുപ്പ് എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ചു കാര്യങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി. നിങ്ങൾ പിന്തുടരേണ്ട ചില ഭക്ഷണ ശീലങ്ങൾ ഇവയാണ്.
- ഗോതമ്പ്, ഓട്സ്, ചോളം തുടങ്ങിയ ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
- വൈറ്റ് റൈസ്, വൈറ്റ് ബ്രെഡ്, കേക്ക്, പിസ തുടങ്ങിയ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുക. അവ ഹോർമോൺ ബാലൻസ് തടസപ്പെടുത്തുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യുന്നു.
- 40 വയസ്സ് കഴിയുമ്പോൾ കാർബോഹൈഡ്രേറ്റിന്റെ അളവ് 40% കുറയ്ക്കുക. പ്രായമാകുന്തോറും കാർബോഹൈഡ്രേറ്റ് എരിച്ചു കളയുവാനുള്ള ശരീരത്തിനുള്ള കഴിവ് കുറയുന്നു, ഇത് വയറിന് ചുറ്റും ഭാരം വർധിപ്പിക്കുന്നു.
- ചെറിയ അളവിൽ ഉച്ചഭക്ഷണം കഴിക്കുക. ചെറിയ അളവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങൾ സാധാരണ കഴിക്കുന്ന ഭക്ഷണത്തിന്റെ പകുതിയാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും വയർവീർക്കൽ കുറയ്ക്കുകയും ചെയ്യുന്നു.
- ഓരോ നാല് മണിക്കൂറിലും ഭക്ഷണം കഴിക്കുക.
വയറിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള ചില നുറുങ്ങു വഴികളും ഗോയൽ പങ്കുവച്ചിട്ടുണ്ട്.
കാർബോഹൈഡ്രേറ്റും ഷുഗറും കുറയ്ക്കുക: വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ പ്രധാന കാരണം പഞ്ചസാരയുടെയും കാർബോഹൈഡ്രേറ്റിന്റെയും വർധനവാണ്. “ഒരു ഗ്രാം കാർബോഹൈഡ്രേറ്റ് നാല് ഗ്രാം വെള്ളം സംഭരിക്കുന്നു. അതിനാൽ, കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൽ വെള്ളം നിലനിർത്തുന്നത് കുറയ്ക്കുന്നു. പഞ്ചസാര ശരീരത്തിന്റെ ഉപാപചയ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്നു. പഞ്ചസാര ഗ്ലൂക്കോസും ഫ്രക്ടോസും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഫ്രക്ടോസ് ശരീരത്തിലെത്തുമ്പോൾ കരൾ അതിനെ കൊഴുപ്പാക്കി മാറ്റുന്നു.
കഴിയുന്നത്ര ശാരീരികമായി സജീവമായിരിക്കുക: നിങ്ങൾ എത്രത്തോളം ചലിക്കുന്നുവോ അത്രയധികം നിങ്ങളുടെ ഉപാപചയ നിരക്ക് മെച്ചപ്പെടുന്നു.
വിനാഗിരി ഉപയോഗിക്കുക: അസറ്റിക് ആസിഡിന്റെ ഉള്ളടക്കം കാരണം നേർപ്പിച്ച ആപ്പിൾ സിഡെർ വിനാഗിർ പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് വിവിധ മൃഗ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കുറഞ്ഞ പ്രോട്ടീനും ഉയർന്ന നാരുകളുമുള്ള ഭക്ഷണത്തിലേക്ക് മാറുക: 25-30% പ്രോട്ടീൻ കലോറി കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു, കൂടാതെ ദിവസവും 20-25 ഗ്രാം ഡയറ്ററി ഫൈബർ കഴിക്കുന്നത് അമിതവണ്ണത്തെ നേരിടാൻ സഹായിക്കുന്നു.