/indian-express-malayalam/media/media_files/2026/01/26/dinner-time-2026-01-26-11-16-46.jpg)
Image Source: Freepik
നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ നാം എപ്പോഴും ശ്രദ്ധിക്കുന്നത് ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും അളവിലുമാണ്. എന്നാൽ 'എന്ത്' കഴിക്കുന്നു എന്നതിനോളം തന്നെ പ്രധാനമാണ് 'എപ്പോൾ' കഴിക്കുന്നു എന്നതെന്ന് വ്യക്തമാക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി. രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ എങ്ങനെയെല്ലാം ബാധിക്കുമെന്നും നേരത്തെയുള്ള അത്താഴം നൽകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
Also Read: മലബന്ധം അകറ്റാനും ഹൃദയാരോഗ്യത്തിനും; ദിവസവും 10 ഉണക്കമുന്തിരി കഴിച്ചു തുടങ്ങാം
അത്താഴം വൈകിയാൽ സംഭവിക്കുന്നത്?
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ഉറങ്ങാൻ തയ്യാറെടുക്കുന്ന സമയത്ത് ശരീരം ദഹനപ്രക്രിയയിൽ ഏർപ്പെടുന്നത് സ്വാഭാവികമായ 'ഡീറ്റോക്സിഫിക്കേഷൻ' (വിഷാംശം നീക്കം ചെയ്യൽ) തടസപ്പെടുത്തുന്നു. രാത്രി 8 മണിക്കൂർ ഉറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന ക്ഷീണം, വയർ വീർക്കൽ, ശരീരത്തിന് തോന്നുന്ന ഭാരം എന്നിവയ്ക്ക് പ്രധാന കാരണം വൈകിയുള്ള അത്താഴമാണ്.
സൂര്യാസ്തമയത്തിന് ശേഷം ശരീരത്തിൽ മെലാടോണിൻ ഹോർമോണിന്റെ അളവ് വർധിക്കുകയും ഇൻസുലിൻ ഉൽപാദനം കുറയുകയും ചെയ്യും. ഈ സമയത്ത് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാനും അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടാനും കാരണമാകുന്നു.
Also Read: കരുത്തുറ്റ ഹൃദയം വേണോ? ഈ ഒരു കാര്യം പൂർണമായും ഒഴിവാക്കണമെന്ന് ഡോക്ടർ
നേരത്തെയുള്ള അത്താഴം: ഗുണങ്ങൾ ഏറെ
രാത്രി 7 മണിക്ക് മുൻപായി ഭക്ഷണം കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന മാറ്റങ്ങൾ അത്ഭുതകരമാണ്. പ്രമേഹമുള്ളവരിലോ പ്രമേഹ സാധ്യതയുള്ളവരിലോ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഷുഗർ ലെവൽ 30 മുതൽ 50 ശതമാനം വരെ ഉയരാൻ കാരണമാകും. അത്താഴം നേരത്തെയാക്കുന്നത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഷുഗർ നിയന്ത്രിക്കാനും സഹായിക്കുന്നു.
Also Read: ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും?
കരളിന്റെ ആരോഗ്യത്തിനും നേരത്തെയുള്ള ഭക്ഷണം അത്യന്താപേക്ഷിതമാണ്. രാത്രിയിൽ ശരീരം വിശ്രമിക്കുമ്പോൾ കരളിന് അതിന്റെ സ്വാഭാവികമായ ശുദ്ധീകരണ പ്രക്രിയ സുഗമമായി നടത്താൻ സാധിക്കും. അത്താഴത്തിനും ഉറക്കത്തിനുമിടയിൽ കൃത്യമായ ഇടവേള നൽകുന്നത് ഗാഢനിദ്ര ഉറപ്പാക്കുന്നു. ദഹനപ്രക്രിയ പൂർത്തിയായ ശേഷം ശരീരം വിശ്രമത്തിലേക്ക് മാറുന്നത് വഴി ഉറക്കത്തിന്റെ ഗുണനിലവാരം വർധിക്കുന്നു. ഒരേ കാലറി ഭക്ഷണമാണെങ്കിൽ പോലും വൈകി കഴിക്കുന്നവരേക്കാൾ നേരത്തെ കഴിക്കുന്നവർക്ക് ശരീരഭാരം കുറയ്ക്കാൻ എളുപ്പമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
നമ്മുടെ ശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് പ്രകൃതിയുടെ താളത്തിനനുസരിച്ചാണ്. സൂര്യാസ്തമയത്തോടെ ദഹനപ്രക്രിയ മന്ദഗതിയിലാകുന്നത് അതുകൊണ്ടാണ്. ഈ സ്വാഭാവിക താളത്തിനനുസരിച്ച് ഭക്ഷണക്രമം ക്രമീകരിക്കുന്നത് വഴി ജീവിതശൈലീ രോഗങ്ങളെ ഒരു പരിധിവരെ അകറ്റി നിർത്താൻ നമുക്ക് സാധിക്കും. രാത്രി ഏഴ് മണിക്ക് മുൻപായി അത്താഴം കഴിച്ച് ശീലിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ശാരീരികവും മാനസികവുമായ ഉന്മേഷം നൽകുമെന്നുറപ്പാണ്.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ശരീര ഭാരം കുറയ്ക്കണോ? ഈ 10 തെറ്റുകൾ ഇന്ന് തന്നെ തിരുത്താം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us