/indian-express-malayalam/media/media_files/2025/07/14/belly-fat-fi-06-2025-07-14-10-58-23.jpg)
Source: Freepik
പ്രായം 30 കടന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത്. ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പലരെയും ആശങ്കപ്പെടുത്താറുണ്ട്. ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥിയുടെ അഭിപ്രായത്തിൽ, നമ്മുടെ ശരീരത്തിലെ സ്വാഭാവികമായ ചില മാറ്റങ്ങളാണ് ഇതിന് പിന്നിൽ. ഇതിന്റെ പ്രധാന കാരണങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
Also Read: തണുപ്പുകാലത്ത് പാൽ കുടിക്കാമോ? ചായ എങ്ങനെ ആസ്വദിക്കാം?
1. പേശികളുടെ അളവ് കുറയുന്നു
30 വയസിന് ശേഷം ഓരോ പത്ത് വർഷത്തിലും പേശികളുടെ അളവിൽ 3 മുതൽ 8 ശതമാനം വരെ കുറവുണ്ടാകുന്നു. ശരീരത്തിലെ 70-80 ശതമാനം ഗ്ലൂക്കോസും ഉപയോഗിക്കുന്നത് പേശികളാണ്. പേശികൾ കുറയുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് വേണ്ടവിധം ഉപയോഗിക്കപ്പെടാതെ വരികയും അത് കൊഴുപ്പായി വയറിന് ചുറ്റും അടിഞ്ഞുകൂടുകയും ചെയ്യുന്നു.
2. ഇൻസുലിൻ സെൻസിറ്റിവിറ്റി കുറയുന്നു
പ്രായം കൂടുന്തോറും ശരീരത്തിന്റെ ഇൻസുലിൻ സെൻസിറ്റിവിറ്റി ഓരോ പത്ത് വർഷത്തിലും 4-5 ശതമാനം വീതം കുറയുന്നു. ഇത് നമ്മൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റുകൾ പെട്ടെന്ന് കൊഴുപ്പായി മാറാൻ കാരണമാകുന്നു.
3. ഹോർമോൺ വ്യതിയാനങ്ങൾ
മുപ്പതുകൾക്ക് ശേഷം ഗ്രോത്ത് ഹോർമോൺ, ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നിവയുടെ അളവ് കുറയുകയും സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ കൂടുകയും ചെയ്യുന്നു. ഈ സാഹചര്യം വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും.
Also Read: ദിവസവും ഒരു ആപ്പിൾ ശീലമാക്കാം; 'ഡോക്ടറെ അകറ്റി നിർത്താൻ' 5 കാരണങ്ങൾ
വിസറൽ ഫാറ്റ് എന്തുകൊണ്ട് അപകടകാരി?
വയറിലെ കൊഴുപ്പ് രണ്ട് തരത്തിലുണ്ട്. ചർമ്മത്തിന് തൊട്ടുതാഴെയുള്ള കൊഴുപ്പും, ആന്തരാവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പും (വിസറൽ ഫാറ്റ്). ഇതിൽ വിസറൽ ഫാറ്റ് ആണ് കൂടുതൽ അപകടകാരി. ഇത് കരൾ, കുടൽ തുടങ്ങിയ അവയവങ്ങൾക്ക് ചുറ്റും അടിഞ്ഞുകൂടുകയും വീക്കം, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ പുരുഷന്മാർക്ക് 90 സെന്റിമീറ്ററിലും സ്ത്രീകൾക്ക് 80 സെന്റിമീറ്ററിലും കൂടുതൽ അരക്കെട്ടിന്റെ അളവ് ഉണ്ടെങ്കിൽ അത് അമിതമായ വിസറൽ ഫാറ്റിന്റെ സൂചനയാകാം. പ്രായം കൂടുന്നതിനനുസരിച്ചുള്ള പേശികളുടെ കുറവ് തടയാനാവില്ലെങ്കിലും ശരിയായ ജീവിതശൈലിയിലൂടെ ഇതിനെ നിയന്ത്രിക്കാം.
Also Read: ഹൃദയാഘാതം സംഭവിച്ചാൽ ആദ്യം ചെയ്യേണ്ടത് എന്ത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആഴ്ചയിൽ രണ്ടോ നാലോ തവണ മസിൽ ബലപ്പെടുത്തുന്ന സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുന്നത് ഗുണകരമാണ്. ഇത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും. പേശികളുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പയർവർഗങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ, മുട്ട, മത്സ്യം, കൊഴുപ്പ് കുറഞ്ഞ ഇറച്ചി എന്നിവ കഴിക്കാം. മാനസിക സമ്മർദം കുറയ്ക്കുന്നതും കൃത്യമായ ഉറക്കവും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ അത്യാവശ്യമാണ്.
ഭക്ഷണക്രമത്തിലെ നിയന്ത്രണത്തോടൊപ്പം പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ 30-ന് ശേഷമുള്ള ഈ ശാരീരിക മാറ്റങ്ങളെ നമുക്ക് ഫലപ്രദമായി പ്രതിരോധിക്കാം. ഏതെങ്കിലും പുതിയ ഡയറ്റോ വ്യായാമമോ തുടങ്ങുന്നതിന് മുൻപ് ഒരു വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 60 ദിവസം ഒരു കഷ്ണം ഇഞ്ചി ചവച്ചു നോക്കൂ; ശരീരത്തിൽ കാണാം ഈ മാറ്റങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us