നിരവധി ആരോഗ്യ ഗുണങ്ങളുള്ളതാണ് വെളുത്തുള്ളി. പ്രമേഹം നിയന്ത്രിക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനുവരെ കഴിയും. എന്നാൽ, മികച്ച ആരോഗ്യ ആനുകൂല്യങ്ങൾ ലഭിക്കാൻ വെളുത്തുള്ളി എങ്ങനെ കഴിക്കണമെന്ന് അറിഞ്ഞിരിക്കണം. ഭക്ഷണത്തിന് സ്വാദും മണവും കിട്ടാനായി ഇന്ത്യൻ അടുക്കളകളിൽ വെളുത്തുള്ളി സാധാരണയായി ഉപയോഗിക്കാറുണ്ട്.
ദിവസവും രാവിലെ വെളുത്തുള്ളി കഴിച്ച് ദിവസം തുടങ്ങിയാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വെറും വയറ്റിൽ കഴിക്കുമ്പോൾ വെളുത്തുള്ളി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. രാവിലെ ആദ്യം തന്നെ ഇത് കഴിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, അതിൽ അടങ്ങിയിരിക്കുന്ന നിരവധി ഗുണങ്ങൾ നോക്കുമ്പോൾ ഒഴിവാക്കാതിരിക്കുന്നതാണ് നല്ലത്.
- പ്രതിരോധശേഷി കുറവുള്ളവർക്ക് വെറും വയറ്റിൽ കഴിക്കുമ്പോൾ വെളുത്തുള്ളി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
- ജലദോഷമുള്ളവർക്ക് ഏറെ ഗുണം ചെയ്യും. ജലദോഷത്തിനും ചുമയ്ക്കും കാരണമാകുന്ന വൈറസിനെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.
- വെറും വയറ്റിൽ കഴിക്കുമ്പോൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വെളുത്തുള്ളി സഹായിക്കും. മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റുന്നു.
- വെളുത്തുള്ളിക്ക് ശരീരത്തിന്റെ മൊത്തത്തിലുള്ള സ്റ്റാമിന വർധിപ്പിക്കാൻ കഴിയും.
വെളുത്തുള്ളി നിരവധി ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ്. അവയിൽ ചിലത് ഇനി പറയുന്നവയാണ്.
ആന്റിഓക്‌സിഡന്റുകൾ
ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ നിറഞ്ഞ വെളുത്തുള്ളി വീക്കം ചികിത്സിക്കാൻ വളരെ നല്ലതാണ്. ആയുർവേദ പ്രകാരം, വെളുത്തുള്ളിയിൽ പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. റിയാക്ടീവ് ഓക്സിജൻ സ്പീഷീസുകളെ (ROS) നീക്കം ചെയ്യാനും ലിപിഡ് പെറോക്സൈഡുകളും ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (LDL) ഓക്സിഡേഷനും കുറയ്ക്കാൻ അതിന് കഴിയും. തൊണ്ടയിലെ അണുബാധ, ജലദോഷം, അവയവങ്ങളുടെ വീക്കം മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവർ വെളുത്തുള്ളി ഉപയോഗിക്കാൻ വിദഗ്ധർ നിർദേശിക്കുന്നു.
കൊളസ്ട്രോളിനെ നേരിടാൻ സഹായിക്കുന്നു
ഉയർന്ന കൊളസ്ട്രോൾ ഉള്ളവരാണെങ്കിൽ ദൈനംദിന ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുക. വെളുത്തുള്ളിക്ക് എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയുന്ന ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു.
ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു
ഭക്ഷണത്തിൽ വെളുത്തുള്ളി ചേർക്കുന്നതിലൂടെ രക്തസമ്മർദം നിയന്ത്രണത്തിലാക്കാൻ സഹായിക്കും. ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ ഉപയോഗിക്കുന്ന അറ്റെനോലോൾ എന്ന മരുന്ന് പോലെ വെളുത്തുള്ളി ഫലപ്രദമാണെന്ന് ഒരു പഠനത്തിൽ കണ്ടെത്തി.
ജലദോഷം അകറ്റുന്നു
ജലദോഷം, ചുമ എന്നിവയ്‌ക്കെതിരെയുള്ള ഒരു മികച്ച പ്രതിവിധിയാണ് വെളുത്തുള്ളി. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.