നമ്മളിൽ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് ഒരു കപ്പ് ചൂടുള്ള കാപ്പിയോ ചായയോ കുടിച്ചുകൊണ്ടാണ്. പക്ഷേ, രാവിലെ ഉറക്കം ഉണരുമ്പോൾ തന്നെ അവ കുടിക്കുന്നത് അത്ര നല്ലതല്ലെന്ന് പോഷകാഹാര വിദഗ്ധ എൻമാമി അഗർവാൾ പറഞ്ഞു. ഒരു ഗ്ലാസ് പാൽ ഉപയോഗിച്ച് ഒരു ദിവസം അവസാനിപ്പിക്കാമെന്ന് അവർ പറഞ്ഞു.
ചില ഭക്ഷണങ്ങളും അവ കഴിക്കേണ്ട മികച്ച സമയവും ഏതാണെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിശദീകരിച്ചിരിക്കുകയാണ് അവർ. ചായയും കാപ്പിയും രാവിലെ തന്നെ കുടിക്കാത്ത ഒരു ദിവസത്തെക്കുറിച്ച് ചിലർക്ക് ചിന്തിക്കാൻ പോലും ആകില്ല. എന്നാൽ ശരിയായ സമയത്ത് അവ കുടിച്ചില്ലെങ്കിൽ ശരീരത്തെ ദോഷകരമായി ബാധിക്കുകയും ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.
ചായ/കാപ്പി എന്നിവ ഒരാളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും മാനസികവും ശാരീരികവുമായി ഉണർത്താനും സഹായിക്കും. ഇവയിൽ കഫീൻ കൂടുതൽ അടങ്ങിയിരിക്കുന്നതിനാലാണിത്. പക്ഷേ, ഇവ രണ്ടും രാവിലെ ആദ്യം തന്നെ വേണ്ടായെന്ന് അവർ നിർദേശിച്ചു.
പാൽ രാത്രിയിൽ കുടിക്കുന്നതാണ് നല്ലത്, കാരണം അതിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും കൂടുതൽ നേരം ശാന്തമായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.
ആപ്പിൾ രാവിലെ കഴിക്കുന്നതാണ് നല്ലത്, കാരണം അവ ഉപാചയപ്രവർത്തനം വർധിപ്പിക്കും. അതേസമയം, മെലറ്റോണിൻ അടങ്ങിയ ചെറി ഉറക്കത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനാൽ രാത്രിയിൽ കഴിക്കണം.