”ഓരോ സ്ത്രീയുടെയും ജീവിതത്തിലെ പ്രധാന കാലമാണ് 40 എന്നു പറയാം. ഈ പ്രായത്തിനുശേഷം അവരുടെ പോഷക ആവശ്യങ്ങളും മെറ്റബോളിസവും ക്രമേണ മാറാൻ തുടങ്ങുന്നു. ഓരോ സ്ത്രീയും 40-കളിൽ പ്രവേശിച്ചുകഴിഞ്ഞാൽ, ആരോഗ്യത്തോടെയും രോഗങ്ങളില്ലാതെയും തുടരാൻ ദൈനംദിന ഭക്ഷണക്രമം ശ്രദ്ധിക്കുന്നത് നല്ലതാണ്, ” ന്യൂട്രി ആക്ടിവാനിയയുടെ സ്ഥാപകനും പോഷകാഹാര വിദഗ്ധനും വെൽനസ് കോച്ചും സർട്ടിഫൈഡ് ഡയബറ്റിക് അധ്യാപകനുമായ അവ്നി കൗൾ പറഞ്ഞു.
ശരിയായ ഭക്ഷണം തിരഞ്ഞെടുക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നതിന്, 40 വയസ്സ് കഴിഞ്ഞ ഒരു സ്ത്രീ തന്റെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ചായ, കോഫി എന്നിവയ്ക്കു പകരം ഗ്രീൻ ടീ തിരഞ്ഞെടുക്കുക
പുരുഷന്മാരുടെയും സ്ത്രീകളുടെയും ബോഡി മെറ്റബോളിസത്തെ ഒപ്റ്റിമം ലെവലിൽ നിലനിർത്തുന്ന ഒരു മികച്ച ഡിറ്റോക്സിക്കേറ്റഡ് സൂപ്പർ ഡ്രിങ്ക് ആണ് ഗ്രീൻ ടീ. ഇതിലെ എപ്പികാറ്റെച്ചിൻസ് (ഇസി), എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (ഇജിസിജി), എപിഗല്ലോകാറ്റെച്ചിൻ (ഇജിസി) എന്നിവയിലെ കാറ്റെച്ചിനുകൾ ആന്റി ഓക്സിഡന്റുകളാണ്, ഇത് ഹാനികരമായ ഓക്സിജൻ റാഡിക്കലുകളെ തുരത്താനും കോശങ്ങൾ, ഡിഎൻഎ, സെല്ലുലാർ ഫംങ്ഷനുകൾ എന്നിവയിലെ ഓക്സിഡേറ്റീവ് നാശത്തെ പ്രതിരോധിക്കാനും സഹായിക്കുന്നു. 40 വയസ്സിനു ശേഷം, ഊർജം, ശരീരഭാരം കുറയ്ക്കൽ എന്നിവയ്‌ക്കൊപ്പം മെറ്റബോളിസം വർധിപ്പിക്കുന്നതിന് സാധാരണ പാൽ ചായയോ കാപ്പിയോ എന്നിവയ്ക്കുപകരം ഗ്രീൻ ടീ കുടിക്കാൻ ശ്രമിക്കുക.
ആപ്പിൾ
40 വയസ്സിനു ശേഷം, സ്ത്രീകളും പുരുഷന്മാരും അവരുടെ ദൈനംദിന ഭക്ഷണത്തിൽ സീസണൽ പഴങ്ങൾ ഉൾപ്പെടുത്തണം. ശരീരത്തിന്റെ വീക്കം നിയന്ത്രിക്കുക, മെറ്റബോളിക് റേറ്റ് മെച്ചപ്പെടുത്തുക, എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുക, ലിപിഡ് പ്രൊഫൈലും ഇൻസുലിൻ സെൻസിറ്റിവിറ്റിയും മെച്ചപ്പെടുത്തുന്ന മികച്ച ആന്റിഓക്‌സിഡന്റ് ഭക്ഷണങ്ങളിലൊന്നാണ് ആപ്പിൾ. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
40-ൽ നിന്ന് 50-ലേക്ക് കടക്കുമ്പോൾ, സ്ത്രീകൾക്ക്, അവളുടെ ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് 0.8 ഗ്രാം പ്രോട്ടീൻ പ്രതിദിനം ആവശ്യമാണ്. പ്രത്യേകിച്ച് അവൾക്ക് ഉദാസീനമായ ജീവിതശൈലി ഉണ്ടെങ്കിൽ, മസിൽ പ്രോട്ടീൻ സിന്തസിസ് കുറയുന്നു. അതിനാൽ, 40-ന് ശേഷം പ്രതിദിനം ആവശ്യമായ പ്രോട്ടീൻ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. 40 വയസ്സ് കഴിഞ്ഞ ഓരോ സ്ത്രീയും അവരുടെ ദൈനംദിന ഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. മാംസം മത്സ്യം, പയർവർഗ്ഗങ്ങൾ, ബീൻസ്, കൂൺ, സോയ തുടങ്ങിയവ പ്രോട്ടീന്റെ നല്ല ഉറവിടങ്ങളിൽ ചിലതാണ്.
ജങ്ക് ഫുഡ് കഴിക്കുന്നത് നിയന്ത്രിക്കുക
എല്ലാ പ്രായത്തിലുമുള്ളവരും ജങ്ക്, ഫാസ്റ്റ് ഫുഡ് എന്നിവ നിയന്ത്രിക്കേണ്ടതാണെങ്കിലും, 40 വയസ്സിനു ശേഷം ശരീരത്തിലെ മെറ്റബോളിസം മന്ദഗതിയിലാകാൻ തുടങ്ങുന്നതിനാൽ, ഫാസ്റ്റ്, പ്രോസസ്ഡ്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക. നിങ്ങൾ കുറച്ച് ജങ്ക് ഫുഡ് കഴിക്കുമ്പോൾ, നിങ്ങളുടെ ശരീരം കൊഴുപ്പ് സംഭരിക്കുന്നത് നിർത്തുകയും വീക്കവും സമ്മർദ്ദവും കുറയ്ക്കുകയും കോശങ്ങളെ അവയുടെ പ്രവർത്തനങ്ങൾ നിർവഹിക്കാൻ സഹായിക്കുകയും ചെയ്യും.
ഉലുവ
40 വയസ്സിന് ശേഷം നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ കഴിയുന്ന ഒരു അത്ഭുത ഘടകമുണ്ടെങ്കിൽ അത് ഉലുവയാണ്. ശരീരത്തിലെ അഡിപ്പോസ് ടിഷ്യു കുറയ്ക്കുകയും ദഹന എൻസൈമുകൾ, രക്തത്തിലെ ഗ്ലൂക്കോസ് അളവ്, ആന്റിഓക്‌സിഡന്റുകൾ, ഇൻസുലിൻ സെൻസിറ്റിവിറ്റി എന്നിവ വർധിപ്പിക്കുന്നതിലൂടെ മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് കൗൾ പറഞ്ഞു.
കറുവപ്പട്ട
കേക്കുകളുടെയും പാൻകേക്കുകളുടെയും രുചി കൂട്ടാനാണ് സാധാരണയായി കറുവപ്പട്ട ഉപയോഗിക്കുന്നത്. മെറ്റബോളിക് നിരക്ക് വർധിപ്പിച്ച സ്വാഭാവിക ശരീരഭാരം കുറയ്ക്കാനുള്ള ഏജന്റ് കൂടിയാണിത്. ഇൻസുലിൻ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും കറുവപ്പട്ട സഹായിക്കുന്നു.
Read More: ഉറങ്ങുന്നതിനു എത്ര മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കണം?