/indian-express-malayalam/media/media_files/2025/05/15/O6Ta06H2gTzXlRmNOFYt.jpg)
Source: Freepik
ഇന്ത്യയിലെ കാൻസർ രോഗബാധയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടുത്തുന്നതും എന്നാൽ പ്രത്യാശ നൽകുന്നതുമായ വിവരങ്ങൾ പുറത്ത്. രാജ്യത്തെ പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന കാൻസർ കേസുകളിൽ വലിയൊരു ശതമാനവും കൃത്യമായ ജീവിതശൈലി മാറ്റങ്ങളിലൂടെയും മുൻകരുതലുകളിലൂടെയും തടയാനാകുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെയും കാൻസർ ഗവേഷണത്തിനായുള്ള അന്താരാഷ്ട്ര ഏജൻസിയുടെയും പുതിയ വിശകലനമനുസരിച്ച്, ലോകമെമ്പാടുമുള്ള പത്തിൽ നാല് കാൻസർ കേസുകളും പ്രതിരോധിക്കാൻ സാധിക്കുന്നവയാണ്.
പുകയില, മദ്യം, അമിതവണ്ണം, ശാരീരിക പ്രവർത്തനങ്ങളുടെ കുറവ്, വായുമലിനീകരണം, അൾട്രാവയലറ്റ് വികിരണം എന്നിവയുൾപ്പെടെ പ്രതിരോധിക്കാൻ കഴിയുന്ന 30 കാരണങ്ങളെക്കുറിച്ചാണ് പഠനം പരിശോധിച്ചത്. ഇതിൽ ആദ്യമായി ൻസറിന് കാരണമാകുന്ന ഒമ്പത് തരം അണുബാധകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് പുറത്തുവിട്ട ഈ റിപ്പോർട്ട് പ്രകാരം, 2022-ലെ പുതിയ കാൻസർ കേസുകളിൽ 37 ശതമാനവും (ഏകദേശം 7.1 ദശലക്ഷം കേസുകൾ) പ്രതിരോധിക്കാൻ കഴിയുന്ന കാരണങ്ങളുമായി ബന്ധപ്പെട്ടതാണ്.
Also Read: ആർത്തവ വേദന അലട്ടുന്നുണ്ടോ? പൈനാപ്പിളും കറുവാപ്പട്ടയും പരീക്ഷിച്ചു നോക്കൂ
185 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളും 36 തരം കാൻസറുകളെയും ആസ്പദമാക്കി നടത്തിയ ഈ പഠനം, ലോകമെമ്പാടും തടയാവുന്ന കാൻസർ കേസുകളിൽ പ്രധാന കാരണം പുകയില ഉപയോഗമാണെന്ന് വ്യക്തമാക്കുന്നു. പുതിയ കാൻസർ കേസുകളിൽ 15% പുകയില മൂലമാണ് ഉണ്ടാകുന്നത്. ഇതിന് പിന്നാലെ അണുബാധകൾ (10%), മദ്യപാനം (3%) എന്നിവയാണ് മറ്റ് പ്രധാന കാരണങ്ങൾ.
ഇന്ത്യയിൽ ഏകദേശം പത്തിൽ നാല് പേർക്ക് (37.1%) വീതം വരുന്നത് തടയാനാകുന്ന തരം കാൻസറുകളാണ്. സ്ത്രീകളിലും പുരുഷന്മാരിലുമായി ഇത് ഏകദേശം 5,20,000 കേസുകൾ വരും. ആകെ കാൻസർ കേസുകളുടെ 13.4 ശതമാനത്തിന് കാരണം അണുബാധകളാണ്. പുകയില ഉപയോഗം ആകെ കേസുകളുടെ 10.5 ശതമാനത്തിന് കാരണമാകുന്നു. പുകയില്ലാത്ത പുകയില ഉൽപ്പന്നങ്ങളും അടയ്ക്കയുടെ ഉപയോഗവും ആകെ കാൻസർ കേസുകളുടെ 5 ശതമാനത്തിന് കാരണമാകുന്നു.
പുരുഷന്മാരുടെ ഇടയിൽ തടയാൻ സാധിക്കുന്ന അർബുദങ്ങളുടെ തോത് വളരെ കൂടുതലാണ്; ഏകദേശം 44.7% കേസുകളും (3,05,000-ലധികം കേസുകൾ) ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ ഒഴിവാക്കാവുന്നവയാണ്. അതായത് പത്തിൽ നാല് പേർക്ക് ഇത്തരത്തിൽ അർബുദം ബാധിക്കുന്നു. സ്ത്രീകളിൽ ഇത് പത്തിൽ മൂന്ന് പേർക്ക് എന്ന നിലയിലാണ് (30.5%; ഏകദേശം 2,18,000 കേസുകൾ).
Also Read: രാത്രിയിൽ പല്ല് തേക്കാറില്ലേ? നിങ്ങളുടെ ഹൃദയം അപകടത്തിലായേക്കാം
ഇന്ത്യയിലെ പുരുഷന്മാരിലും സ്ത്രീകളിലുമായി പ്രധാനമായും കണ്ടുവരുന്ന അർബുദങ്ങൾ
1. സ്തനാർബുദം: ഇന്ത്യൻ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസറാണിത്. നഗരപ്രദേശങ്ങളിലെ സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. സ്തനങ്ങളിൽ കാണപ്പെടുന്ന മുഴകൾ, മുലക്കണ്ണുകളിൽ നിന്നുള്ള അസാധാരണമായ സ്രവം, സ്തനത്തിന്റെ ആകൃതിയിലോ വലിപ്പത്തിലോ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയാണ് ലക്ഷണങ്ങൾ. കാൻസർ പ്രതിരോധത്തിന് 40 വയസിന് മുകളിലുള്ള സ്ത്രീകൾ കൃത്യമായ ഇടവേളകളിൽ മാമോഗ്രാം പരിശോധന നടത്തുന്നത് ഉചിതമാണ്.
2. ഓറൽ കാൻസർ: പുരുഷന്മാരിലാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്. പുകയിലയുടെ ഉപയോഗമാണ് ഇതിന്റെ പ്രധാന കാരണം. വായിൽ ദീർഘകാലമായി സുഖപ്പെടാത്ത വ്രണങ്ങൾ, വെളുത്തതോ ചുവന്നതോ ആയ പാടുകൾ, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ശബ്ദത്തിലുണ്ടാകുന്ന മാറ്റം എന്നിവയാണ് ലക്ഷണങ്ങൾ. പുകയില, പാൻ മസാല എന്നിവയുടെ ഉപയോഗം പൂർണമായും ഒഴിവാക്കുന്നതിലൂടെ കാൻസർ പ്രതിരോധിക്കാനാകും.
3. സെർവിക്കൽ കാൻസർ: ഇന്ത്യൻ സ്ത്രീകളിൽ രണ്ടാമതായി ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസറാണിത്. ഹ്യൂമൻ പാപ്പിലോമ വൈറസ് ബാധയാണ് ഇതിന് പ്രധാന കാരണം. ആർത്തവ ചക്രത്തിന് പുറമെ ഉണ്ടാകുന്ന രക്തസ്രാവം, ലൈംഗിക ബന്ധത്തിന് ശേഷമുള്ള രക്തസ്രാവം, അസാധാരണമായ വെള്ളപോക്ക് തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. പെൺകുട്ടികൾക്ക് എച്ച്.പി.വി വാക്സിനേഷൻ നൽകുന്നതും കൃത്യമായ ഇടവേളകളിൽ പാപ് സ്മിയർ (പരിശോധന നടത്തുന്നതും രോഗം തടയാൻ ഫലപ്രദമാണ്.
4. ശ്വാസകോശ കാൻസർ: പുകവലിക്കുന്നവരിലും പുകവലിക്കാത്തവരിലും ഒരുപോലെ കണ്ടുവരുന്ന മാരകമായ ഒന്നാണിത്. വായു മലിനീകരണവും ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മാറാത്ത ചുമ, ചുമയ്ക്കുമ്പോൾ രക്തം വരിക, ശ്വാസംമുട്ടൽ, നെഞ്ചുവേദന എന്നിവയാണ് ലക്ഷണങ്ങൾ. പുകവലി ഉപേക്ഷിക്കുക, മലിനമായ അന്തരീക്ഷത്തിൽ മാസ്ക് ധരിക്കുക തുടങ്ങിയവയാണ് പ്രതിരോധ മാർഗങ്ങൾ.
Also Read: ഗ്യാസും വയറിലെ അസ്വസ്ഥതയും മാറ്റാൻ മരുന്ന് വേണ്ട; ഇതാ 6 സിംപിൾ വഴികൾ
5. കൊളോറെക്റ്റൽ കാൻസർ: വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന ഈ കാൻസർ അടുത്ത കാലത്തായി ഇന്ത്യയിൽ വർധിച്ചു വരുന്നു. തെറ്റായ ഭക്ഷണരീതികളും ജീവിതശൈലിയുമാണ് ഇതിന് പിന്നിൽ. മലവിസർജ്ജന ശീലങ്ങളിൽ ഉണ്ടാകുന്ന മാറ്റം, മലത്തോടൊപ്പം രക്തം പോകുക, വിട്ടുമാറാത്ത വയറുവേദന, പെട്ടെന്ന് ഭാരം കുറയുക എന്നിവയാണ് ലക്ഷണങ്ങൾ. നാരുകൾ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക, ചുവന്ന മാംസത്തിന്റെ ഉപയോഗം കുറയ്ക്കുക, വ്യായാമം ശീലമാക്കുക എന്നിവ വഴി രോഗം പ്രതിരോധിക്കാം.
ഇന്ത്യയിൽ പ്രതിവർഷം ലക്ഷക്കണക്കിന് പുതിയ കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിൽ ഭൂരിഭാഗവും ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ കൊണ്ട് ഒഴിവാക്കാവുന്നതാണെന്നത് പൊതുജനാരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും. സർക്കാരും ആരോഗ്യ സംഘടനകളും നടത്തുന്ന ബോധവൽക്കരണ പരിപാടികൾക്കൊപ്പം വ്യക്തിപരമായ ജാഗ്രതയും കൂടി ഉണ്ടെങ്കിൽ കാൻസറിനെ നമുക്ക് അതിജീവിക്കാനാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മലബന്ധം അകറ്റാൻ പപ്പായയ്ക്ക് കഴിയുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us