scorecardresearch

ലോകസുന്ദരി ഷെറികയുടെ ജീവൻ കവർന്നത് ഗർഭാശയ കാൻസർ, കൂടുതലറിയാം

26കാരിയായ ഷെറിക രണ്ടുവർഷമായി സെർവിക്കൽ കാൻസറുമായുള്ള പോരാട്ടത്തിലായിരുന്നു

26കാരിയായ ഷെറിക രണ്ടുവർഷമായി സെർവിക്കൽ കാൻസറുമായുള്ള പോരാട്ടത്തിലായിരുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sherika De Armas | Former Miss World Uruguay Sherika De Armas death | cervical cancer

ഷെറിക ഡി അർമാസ്

2015ലെ ലോക സുന്ദരി മത്സരത്തിൽ ഉറുഗ്വേയെ പ്രതിനിധീകരിച്ച മുൻ മിസ്സ് ഉറുഗ്വേ ഷെറിക ഡി അർമാസ് കാൻസർ ബാധയെ തുടർന്ന് മരണപ്പെട്ടു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. 26കാരിയായ ഷെറികയുടെ മരണം ഗർഭാശയ കാൻസറിനെ തുടർന്നായിരുന്നു.

Advertisment

രണ്ടു വർഷമായി കീമോ തെറാപ്പിയിലൂടെയും റേഡിയോ തെറാപ്പിയിലൂടെയും കാൻസറിനോട് പോരാടുകയായിരുന്നു ഷെറിക. ഷെറിക മരണപ്പെട്ടെന്ന ദുഃഖകരമായ വാർത്ത സാമൂഹ്യ മാദ്ധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത് സഹോദരൻ മെയ്ക് ഡി അർമാസാണ്.

എന്താണ് ഗർഭാശയ ക്യാൻസർ?

ഗർഭാശയത്തിന്റെ താഴ്ഭാഗത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭാഗമാണ് സെർവിക്സ്. ഇവിടെ ഉണ്ടാകുന്ന അർബുദമാണ് ഗർഭാശയ കാൻസർ (Cervical cancer) എന്ന് അറിയപ്പെടുന്നത്. "പ്രത്യുൽപ്പാദന വ്യവസ്ഥയിൽ സെർവിക്സിനു നിർണായക പങ്കുണ്ട്. കാരണം ഇവിടെയാണ് മ്യൂക്കസ് ഉത്പാദനം നടക്കുന്നത്. ഇത് യോനിയിൽനിന്ന് ഗർഭാശയത്തിലേക്കുള്ള ബീജത്തിന്റെ ചലനം സുഗമമാക്കുന്നു," ഷാലിമാർബാഗ് ഫോർട്ടിസ്സ് ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ  ഡോ. മോനിഷ ഗുപ്ത പറയുന്നു.

"സെർവിക്കൽ കോശങ്ങളിൽ അസാധാരണമായ രീതിയിൽ മാറ്റങ്ങൾ സംഭവിക്കുകയും അനിയന്ത്രിതമായ രീതിയിൽ വളർച്ചയുണ്ടാകുന്നതുമാണ്  ഗർഭാശയ കാൻസർ. ഇതിന്റെ പ്രധാന കാരണം ഹ്യൂമൺ പാപ്പിലോമ വൈറസ്സാണ് (HPV). സാധാരണമായി ലൈംഗികബന്ധത്തിലൂടെ പകരുന്ന വൈറസ്സാണ് ഇത്," ഡോ. മോനിഷ ഗുപ്ത ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഗർഭാശയ കാൻസറിനുള്ള കാരണങ്ങൾ

Advertisment

സെർവിക്കൽ കാൻസർ സാധ്യത വികസിപ്പിക്കുന്ന നിരവധി അപകട ഘടകങ്ങളുണ്ട്. അവ ഏതെന്നു നോക്കാം.

എച്ച്പിവി അണുബാധ
എച്ച്പിവി അണുബാധയാണ് ഏറ്റവും അപകടകരമായ ഘടകം. ലൈംഗികമായി പകരുന്ന ഒരു വൈറസ്സാണിത്.

പുകവലി
സ്ത്രീകളിലെ പുകവലി ഗർഭാശയ കാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.

ദുർബലമായ പ്രതിരോധശേഷി
എച്ച്പിവി/എയ്ഡസ് പോലുള്ള രോഗങ്ങളുടെ ഫലമായി പ്രതിരോധശേഷി കുറയുന്നതും മരുന്നുകളുടെ പാർശ്വഫലമായി പ്രതിരോധശേഷി കുറയുന്നതും രോഗസാധ്യത വർദ്ധിപ്പിക്കുന്നു.

ഒന്നിലധികം വ്യക്തികളുമായി ലൈംഗിക ബന്ധം പുലർത്തുന്നത്
ഒന്നിലധികം വ്യക്തികളായുള്ള ലൈംഗികബന്ധവും  രോഗസാധ്യത വർദ്ധിപ്പിക്കുന്ന ഘടകമാണെന്ന് വിദഗ്ധർ പറയുന്നു.

വളരെ ചെറുപ്പത്തിലെ ലൈംഗികബന്ധം തുടങ്ങുന്നത്
വളരെ ചെറുപ്രായത്തിൽ തന്നെ ലൈംഗിക ബന്ധം ആരംഭിക്കുന്നതും രോഗസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

കുടുംബ പശ്ചാത്തലം
ഗർഭാശയ കാൻസർ ഉള്ള രോഗി കുടുംബത്തിൽ ഉണ്ടെങ്കിൽ പാരമ്പര്യമായി രോഗം ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇത് വളരെ അപൂർവമാണ്.

ഹ്യൂമൻ പാപ്പിലോമ വൈറസിൽ നിന്നുള്ള തുടർച്ചയായ അണുബാധ ഗർഭാശയ കാൻസറിലേക്ക് നയിക്കുന്നു. അസാധാരണമായ രീതിയിൽ യോനിയിൽ രക്തസ്രാവം ഉണ്ടാവുക, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന അനുഭവപ്പെടുക, ദുർഗന്ധം വമിക്കുന്ന യോനി  ഡിസ്ചാർജ് എന്നിവയെല്ലാം ഗർഭാശയ കാൻസറിന്റെ ലക്ഷണമാവാമെന്ന് ഡോ. മോനിഷ പറയുന്നു. എന്നാൽ പ്രാരംഭഘട്ടത്തിൽ ഇത്തരം ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല.

ഗർഭാശയ കാൻസർ തടയുന്നതിനായി എച്ച്പിവി വാക്സിൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നൽകിവരുന്നു. പാപ് സ്മിയർ,  എച്ച്പിവി പരിശോധനകളിലൂടെ പ്രാരംഭഘട്ടത്തിൽ തന്നെ  രോഗനിർണയം സാധിച്ചാൽ ചികിത്സ നിർണായകമാവും. ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുന്നതും സുരക്ഷിതവും ആരോഗ്യപരവുമായ ലൈംഗിക ബന്ധം പുലർത്തുന്നതും രോഗ സാധ്യത കുറയ്ക്കുന്നു.

ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി തുടങ്ങിയവയാണ് ഗർഭാശയ കാൻസറിനെതിരായ ചികിത്സ രീതികൾ. ഇത് രോഗതീവ്രതയെ ആശ്രയിച്ചിരിക്കുന്നു. കാൻസർ കോശങ്ങൾ ശരീരത്തിൽ നിന്നും നീക്കം ചെയ്യുന്നതിന് ഹിസ്റ്ററിക്ടമി പോലുള്ള ശസ്ത്രക്രിയകൾ ആവശ്യമായേക്കം.

പ്രാരംഭഘട്ടത്തിലുള്ള  സെർവിക്കൽ കാൻസർ  ചികിത്സയിലൂടെ ഭേദമാക്കാൻ സാധിക്കും. എന്നാൽ രോഗം മൂർച്ഛിച്ച ശേഷമുള്ള ചികിത്സ സങ്കീർണമാണ്. നിലവിൽ ലഭ്യമായ ആധുനിക രോഗനിർണയ സംവിധാനങ്ങൾ രോഗനിർണയം എളുപ്പമാക്കുന്നുണ്ട്. ഗർഭാശയ കാൻസർ നിർണയിക്കുന്നതിനും ചികിത്സിക്കുന്നതിനും വിദഗ്ധ ഡോക്ടർമാരുടെ സേവനം തേടേണ്ടത് വളരെ പ്രധാനമാണ്.

Uruguay Cancer Miss World

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: