പഴയതു പോലെ സെക്‌സ് ആസ്വദിക്കാൻ കഴിയുന്നില്ലെന്ന പരാതി ദമ്പതികളിൽ സ്വാഭാവികമായി ഉണ്ടാവുന്ന ഒന്നാണ്. ദാമ്പത്യത്തിന്റെ തുടക്കകാലങ്ങളിലെ ലൈംഗിക ഉത്തേജനം നിലനിർത്താൻ കഴിയാതെ പോവുമ്പോഴാണ് പലപ്പോഴും ഇത്തരം വിരക്തികൾ കടന്നു വരുന്നത്. എന്നാൽ, പതിവു ശീലങ്ങളിൽ മാറ്റം വരുത്തി, പുതിയൊരു കാഴ്ചപ്പാടോടെ നോക്കി കണ്ടാൽ ഒഴിവാക്കാവുന്നതേയുള്ളൂ ഈ വിരക്തി.
ഒരുപാടു കാലം ഒന്നിച്ചു ജീവിക്കുമ്പോൾ ഉണ്ടാവുന്ന അമിത പരിചയം പങ്കാളികൾക്ക് പരസ്പരമുള്ള ആകർഷണത്തിൽ കുറവുണ്ടാക്കാറുണ്ട്. നേരിട്ട് ലൈംഗികബന്ധത്തിലേക്കു കടക്കാതെ, സ്നേഹവും കാമവും നിറഞ്ഞ സ്പർശനങ്ങളാൽ (ഫോർപ്ലേ) പരസ്പരം ഉണർത്തിയെടുത്തതിനു ശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കുന്നത് സെക്സ് ആസ്വാദ്യകരമാക്കാൻ സഹായിക്കും. യോനീബന്ധത്തിൽ ഏർപ്പെടും മുൻപ് ഇണയെ ചുംബിച്ചും തലോടിയും പരസ്‌പരമുള്ള അടുപ്പം വർധിപ്പിക്കുന്നത് നല്ല ലെെംഗികവേഴ്‌ചയിലേക്ക് നയിക്കുന്നു. ലൈംഗിക ജീവിതത്തിൽ ഫോർ പ്ലേയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.
Read more: സ്ത്രീ ശരീരത്തിൽ ഏറ്റവും ലെെംഗിക സുഖം ലഭിക്കുന്ന സ്ഥലം? ജി-സ്‌പോട്ടിനായി തിരച്ചിൽ!
ജീവിതത്തിൽ പലവിധ പ്രശ്നങ്ങളിലും സംഘർഷങ്ങളിലൂടെയും കടന്നുപോവുന്നവരാണ് ഇന്ന് ആണും പെണ്ണും. സംഘർഷമേറിയ മാനസികാവസ്ഥയോടെ കിടപ്പറയിലെത്തുമ്പോൾ സെക്സ് പലപ്പോഴും യാന്ത്രികമായി മാറും. ഇതൊഴിവാക്കാനും, കൂടുതൽ ആസ്വാദ്യകരമാക്കാനും ഫോർ പ്ലേ ദമ്പതികളെ സഹായിക്കും. ഫോർ പ്ലേയ്ക്കും കൃത്യമായ നിയമങ്ങളൊന്നും പറഞ്ഞു വച്ചിട്ടില്ല. ലൈംഗികാവയവങ്ങളും ചുണ്ടും സ്തനങ്ങളും മാത്രമല്ല മനുഷ്യശരീരത്തിലെ ഉത്തേജന കേന്ദ്രങ്ങൾ. ഭൂരിഭാഗം പേർക്കും ചെവിയുടെ പിറകിലോ കഴുത്തിലോ ഉമ്മ വയ്ക്കുന്നതും കാൽവിരൽ തുമ്പുകളിൽ മൃദുവായി സ്പർശിക്കുന്നതുമെല്ലാം ഉത്തേജനം നൽകുന്ന കാര്യമാണ്. ഓരോ വ്യക്തിയെ സംബന്ധിച്ചും ഈ ഉത്തേജനകേന്ദ്രങ്ങൾ വ്യത്യസ്തമായിരിക്കും. തന്റെ പങ്കാളിയെ നന്നായി മനസ്സിലാക്കി പെരുമാറുക എന്നതാണ് പ്രധാനം. ഫോർ പ്ലേയ്‌ക്ക് സെക്‌സിൽ വലിയ പ്രാധാന്യമുണ്ടെന്ന് മനസിലാക്കണം. പ്രത്യേകിച്ച് സ്‌ത്രീകളിൽ ലെെംഗിക ഉത്തേജനം രൂപപ്പെടുത്താൻ ഫോർ പ്ലേയ്‌ക്ക് സാധിക്കും.
വ്യക്തി ശുചിത്വത്തിന് ലൈംഗികതയിൽ ഏറെ പ്രാധാന്യമുണ്ട്. വിയർപ്പു നാറ്റം, വായ് നാറ്റം തുടങ്ങിയ കാര്യങ്ങൾ പലപ്പോഴും പങ്കാളികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ വൃത്തിയായ ശരീരത്തോട് കൂടി വേണം കിടപ്പറയിലേക്ക് പ്രവേശിക്കാൻ. കുളിച്ച് സുഗന്ധ ലേപനങ്ങൾ പുരട്ടി കിടപ്പറയിലേക്ക് പ്രവേശിക്കുന്നത് ഫ്രെഷ്നെസ്സ് നൽകും. പതിവു വസ്ത്രങ്ങളിൽ നിന്നുമാറി അൽപ്പം സെക്സിയായ, ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതിലും തെറ്റില്ല. പങ്കാളികൾക്ക് പരസ്പരം ഇഷ്ടമാകുന്ന വസ്ത്രങ്ങൾ കിടപ്പറയിലേക്കായി തിരഞ്ഞെടുക്കാം.
എപ്പോഴും പുതുമകൾ തേടുന്നവരാണ് മനുഷ്യർ. അതിനാൽ തന്നെ ഒരേ രീതികൾ അവരെ മടുപ്പിക്കുക സ്വാഭാവികം. സ്ഥിരം ബെഡ് റൂമിൽ നിന്നും മാറി പുതിയ കിടപ്പുമുറികൾ സെക്സിനായി തിരഞ്ഞെടുക്കുന്നതും അധികം ശീലിച്ചിട്ടില്ലാത്ത സെക്സ് പൊസിഷനുകൾ പരീക്ഷിക്കുന്നതുമെല്ലാം വിരസത അകറ്റാൻ സഹായിക്കുന്ന കാര്യങ്ങളാണ്.
ലൈംഗികത നിറഞ്ഞ സംഭാഷണവും മറ്റും പങ്കാളിയിൽ ഉത്തേജനം ഉണർത്തുന്ന കാര്യങ്ങളാണ്. എന്നാൽ അത്തരം സംഭാഷണങ്ങൾ അമിതമാവാതെ ശ്രദ്ധിക്കണം. പോൺ വീഡിയോകൾ കണ്ട് അനുകരിക്കുന്നതും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന കാര്യമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എപ്പോഴും ഫോർപ്ലേകൾ സെക്സിൽ എത്തണമെന്ന് നിർബന്ധം പിടിക്കേണ്ട ആവശ്യമില്ല. രണ്ടുപേർക്കും ഉത്തേജനം വരുന്ന അവസ്ഥയിൽ മാത്രം സെക്സിലേക്ക് കടക്കാം.
സെക്സിന് അങ്ങനെ ടൈം ടേബിൾ ഒന്നുമില്ല.. ഇത്ര നേരമേ ചെയ്യാവൂ, ഈ സമയത്തെ ചെയ്യാവൂ എന്നൊന്നും നിയമങ്ങളുമില്ല. പങ്കാളികൾ ആഗ്രഹിക്കുന്ന സമയങ്ങളിൽ, സാഹചര്യങ്ങൾ ഒത്തുവന്നാൽ സെക്സ് ആവാം. ഇരുവർക്കും തൃപ്തി വരുന്നതുവരെ സെക്സ് കൊണ്ടുപോവാൻ രണ്ടുപേരും ശ്രദ്ധിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ സെക്സിന്റെ അനുഭവം പൂർണമാകൂ.
സ്ത്രീകളിൽ പ്രായമേറുമ്പോൾ യോനീയിൽ വരൾച്ചയുണ്ടാവാനുള്ള സാധ്യതയേറെയാണ്. ഇത് ലൈംഗിക ബന്ധം സ്ത്രീകളിൽ വേദന നിറഞ്ഞ അനുഭവമാവാൻ കാരണമാവും. ഇത്തരം ഘട്ടങ്ങളിൽ ലൂബ്രിക്കന്റുകൾ ഉപയോഗിക്കുന്നത് സെക്സ് ലൈഫിനെ ആസ്വാദ്യകരമാക്കാൻ സഹായിക്കും.
Read more: ഏതാനും നിമിഷത്തെ സന്തോഷം മാത്രമല്ല സെക്സ്; ഗുണങ്ങൾ അതുക്കുംമേലെ