ആരോഗ്യവും തിളക്കമുള്ളതുമായ മുടി പലരുടെയും സ്വപ്നമാണ്. എന്നാൽ ആരോഗ്യമുള്ള മുടിക്ക് വളരെയധികം പരിശ്രമവും ക്ഷമയും അർപ്പണബോധവും ആവശ്യമാണ്. ചർമ്മസംരക്ഷണം പോലെ തന്നെ പ്രധാനമാണ് കേശസംരക്ഷണവും. ബാഹ്യമായി ഉപയോഗിക്കാവുന്ന ഉത്പന്നങ്ങൾ മാത്രമല്ല, മതിയായ പോഷണം നൽകുന്ന ഭക്ഷണവും മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ആരോഗ്യകരമായ മുടിക്ക് എന്തു ഭക്ഷണമാണ് കഴിക്കേണ്ടത് എന്ന് നിർദ്ദേശിക്കുകയാണ് ഹെൽത്ത്-ബ്യൂട്ടി വിദഗ്ധയായ പൂജ മഖിജ.
മുടി വളർച്ചയ്ക്ക് കഴിക്കേണ്ട ഭക്ഷണങ്ങൾ
- മുട്ട- ഒരു മുട്ട മുഴുവനായും കഴിക്കുക. ഒപ്പം മൂന്നു മുട്ടയുടെ വെള്ളയും.
മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ബയോട്ടീനും ചേരുമ്പോൾ മുടി വളർച്ച വർധിക്കും. - നട്സ്- രാത്രി വെള്ളത്തിലിട്ട് തൊലി കളഞ്ഞ ബദാം (2 എണ്ണം), വാൾനട്ട് (2 എണ്ണം)
ഇവ കഴിക്കുന്നതു വഴി വിറ്റാമിൻ ഇ, വിറ്റാമിൻ ബി, സിങ്ക്, അവശ്യമായ ഫാറ്റി ആസിഡുകൾ എന്നിവ ലഭ്യമാകും. - ഒരു ടീസ്പൂൺ സൂര്യകാന്തി വിത്ത്, 1 ടീസ്പൂൺ ഫ്ളാക്സ് സീഡ്സ്, 1 ടീസ്പൂൺ ചിയ സീഡ്സ് എന്നിവ ചേർത്ത് കഴിക്കുക. “വലിയ പോഷകാഹാരമാണ് ഇതിഷ അടങ്ങിയിരിക്കുന്നത്. വളരെ കുറച്ച് കലോറി മാത്രമേ ഈ ഭക്ഷണപദാർത്ഥങ്ങളിൽ ഉള്ളൂ. ഇവ മുടിക്ക് സെലിനിയം, ഒമേഗ 3, സിങ്ക്, ബി വിറ്റാമിനുകൾ, വിറ്റാമിൻ ഇ എന്നിവയുടെ ഗുണങ്ങൾ ഏകുന്നു,” പൂജ മഖിജ പറയുന്നു.
- ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടിക്ക് വെറും വയറ്റിൽ 1 ടീസ്പൂൺ വെർജിൻ വെളിച്ചെണ്ണ കുടിക്കുന്നതും നല്ലതാണെന്ന് പൂജ മഖിജ പറയുന്നു.
ഹാർവാർഡ് ഹെൽത്ത് പബ്ലിഷിംഗ് അനുസരിച്ച്, ബി വിറ്റാമിനുകൾ ഉൾപ്പെടെ പ്രത്യേക വിറ്റാമിനുകൾ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പറയുന്നു. ബി വിറ്റാമിനുകളിൽ ബി-1 (തയാമിൻ), ബി-2 (റൈബോഫ്ലേവിൻ), ബി-7 (ബയോട്ടിൻ) എന്നിവയെല്ലാം മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നവയാണ്. ധാന്യങ്ങൾ, അരി, ബ്ലാക്ക് ബീൻസ്, ട്യൂണ എന്നിവയിൽ B-1 കാണാം. ഓട്സ്, തൈര്, പാൽ, ബീഫ്, കക്കയിറച്ചി, ബദാം, ചീസ് എന്നിവയിൽ ബി-2 കാണപ്പെടുന്നു. മുട്ട ബി-7ന്റെ നല്ലൊരു ഉറവിടമാണ്.
തലയോട്ടിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന സ്വാഭാവിക എണ്ണയായ ‘സെബ’വും മുടിയ്ക്ക് സ്വാഭാവികമായ തിളക്കം നൽകും. മുടിസംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ നിങ്ങൾ എത്ര തവണ മുടി കഴുകുന്നു എന്നതിനെ ആശ്രയിച്ചാണ് ഉപയോഗിക്കേണ്ടതെന്നാണ് ജോൺസ് ഹോപ്കിൻസ് ഓൾ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ വിദഗ്ധർ പറയുന്നത്. “നിങ്ങൾ ദിവസവും മുടി കഴുകുകയാണെങ്കിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക. അതല്ല മൂന്നോ നാലോ ദിവസം കൂടുമ്പോഴാണ് മുടി കഴുകുന്നതെങ്കിൽ കൂടുതൽ ശക്തമായ ഷാംപൂ ഉപയോഗിക്കുക.”
“മുടിക്ക് പ്രോട്ടീനും ബയോട്ടിനും ആവശ്യമാണ്, അതിനാൽ ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടിക്ക് ധാരാളം പ്രോട്ടീനും ബയോട്ടിനും അടങ്ങിയ ഭക്ഷണം കഴിക്കുക. ബയോട്ടിൻ, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. നിങ്ങൾക്ക് മത്സ്യവും ഡയറ്റിൽ ഉൾപ്പെടുത്താം. നിങ്ങൾ വെജിറ്റേറിയൻ ആണെങ്കിൽ അവോക്കാഡോ, അണ്ടിപ്പരിപ്പ്, ഫ്ളാക്സ് സീഡുകൾ പോലുള്ള ധാരാളം വിത്തുകൾ കഴിക്കുന്നതും ഗുണം ചെയ്യും. എണ്ണയായി പുരട്ടുക മാത്രമല്ല, തേങ്ങ കഴിക്കുന്നതും മുടിയ്ക്ക് നല്ലതാണ്,” ന്യൂട്രീഷനിസ്റ്റും ഹെൽത്ത് കോച്ചുമായ കരിഷ്മ ഷാ പറയുന്നു.
നല്ല മുടി, ആരോഗ്യം, സൗന്ദര്യം എന്നിവയിലേക്കുള്ള പാതയിൽ പഴങ്ങളും പച്ചക്കറികളും ഒഴിച്ചുകൂടാനാവാത്തതാണ്. പ്രാദേശികമായി ലഭിക്കുന്ന പ്രകൃതിദത്ത ഭക്ഷണങ്ങൾ എപ്പോഴും മികച്ചവയാണ്. “പഴങ്ങളും പച്ചക്കറികളും പ്രധാനമാണ്. ഒപ്പം പ്രോട്ടീനും. പയറുവർഗ്ഗങ്ങൾ മുളപ്പിച്ചു കഴിക്കുന്നതും നല്ലതാണ്. വിത്തുകളും നട്സുമാണ് മുടിയുടെ വളർച്ച വർധിപ്പിക്കുന്ന മറ്റു ഭക്ഷണ പദാർത്ഥങ്ങൾ,” ചർമ്മരോഗവിദഗ്ധയായ ഡോ.വന്ദന പഞ്ചാബി പറഞ്ഞു.