scorecardresearch
Latest News

വായ് നാറ്റം തടയാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

ദിവസത്തിൽ രണ്ടുതവണ പല്ല് തേക്കുക, മൗത്ത് വാഷ് ഉപയോഗിക്കുക എന്നിവ ഉൾപ്പെടെയുള്ള നല്ല ദന്ത ശുചിത്വ ദിനചര്യയും പിന്തുടരണം

വായ് നാറ്റം തടയാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

വായ് നാറ്റം ചിലരെങ്കിലും നേരിടുന്നൊരു പ്രശ്നമാണ്. ചില ഭക്ഷണങ്ങൾ വായ് നാറ്റത്തിന് കാരണമാകുമെന്ന് നിങ്ങൾക്കറിയാമോ? “നല്ല ദന്തശുചിത്വമാണ് വായ് നാറ്റം അകറ്റുന്നതിനുള്ള ആദ്യപടി. എങ്കിലും, ഏതൊക്കെ ഭക്ഷണങ്ങളാണ് വായ്നാറ്റം ഉണ്ടാക്കുന്നതെന്നും ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്നുമുള്ള അറിവ് ഇത് അകറ്റി നിർത്താൻ സഹായിക്കും,” ഡയറ്റീഷ്യനും ഫിറ്റെലോ ഫിറ്റ്‌നസ് ആപ്പിന്റെ സഹസ്ഥാപകനുമായ മാക് സിങ് പറഞ്ഞു.

വായ് നാറ്റത്തിന് കാരണമാകുന്ന ഭക്ഷണങ്ങൾ

  1. ഉള്ളി, വെളുത്തുള്ളി എന്നിവയാണ് ആദ്യത്തെ രണ്ട് ഭക്ഷണ പദാർത്ഥങ്ങൾ. ഇവയിൽ ഉയർന്ന അളവിൽ സൾഫർ ഉണ്ട്. സൾഫർ നമ്മുടെ ശരീരത്തിലെ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ശ്വാസം വിടുമ്പോൾ പുറത്തുവിടുകയും ചെയ്യുന്നു. ഇത് വായ്നാറ്റത്തിന് കാരണമാകുന്നു.
  2. അടുത്തത് ചീസ് ആണ്. ഇതിലെ അമിനോ ആസിഡുകൾ വായിൽ സ്വാഭാവികമായി ഉണ്ടാകുന്ന ബാക്ടീരിയകളുമായി ഇടപഴകി സൾഫർ സംയുക്തങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. അവസാനമായി, ഹൈഡ്രജൻ സൾഫൈഡ് ഉത്പാദിപ്പിക്കുന്നു, ഇത് ദുർഗന്ധമുണ്ടാക്കുന്നു.
  3. കാപ്പി, മദ്യം തുടങ്ങിയ പാനീയങ്ങളാണ് അടുത്തതായി ശ്രദ്ധിക്കേണ്ടവ. ഇവ രണ്ടും ഒരാളുടെ വായിൽ ജലാംശം കുറയ്‌ക്കുകയും ദുർഗന്ധം വമിക്കുന്ന ബാക്ടീരിയകൾ വളരാൻ അനുവദിക്കുകയും ചെയ്യുന്നു.
  4. ഉയർന്ന അളവിലുള്ള പഞ്ചസാരയാണ് വായ് നാറ്റത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങളുടെ പട്ടികയിൽ അടുത്തത്. ഇത് വായിലെ കാൻഡിഡ യീസ്റ്റിന്റെ അളവ് വർധിപ്പിക്കുന്നു.

വായ് നാറ്റം തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

  1. ആദ്യ ഇനം ഗ്രീൻ ടീ ആണ്. ഇത് ആന്റിഓക്‌സിഡന്റുകൾ നൽകുന്നു, വായ്‌നാറ്റത്തെ ചെറുക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ ഇതിലുണ്ട്.
  2. പുതിനയില കഴിക്കുന്നത് വായ്നാറ്റം തടയാൻ സഹായിക്കുന്നു. ഇതിൽ പ്രകൃതിദത്തമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.
  3. അടുത്തത് ഗ്രാമ്പൂ ആണ്. ഗ്രാമ്പൂ ആന്റി ബാക്ടീരിയൽ ആണ്. ഗ്രാമ്പൂ കഷ്ണങ്ങൾ ചവയ്ക്കുകയോ അതുപയോഗിച്ച് ചായ ഉണ്ടാക്കുകയോ ചെയ്യാം.
  4. തൈര് പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ ഒരാളുടെ വായിലെ നല്ല ബാക്ടീരിയകളെ പുനഃസന്തുലിതമാക്കാൻ സഹായിക്കുന്നു. വായ്നാറ്റത്തിനെതിരെ പോരാടുന്നതിൽ ഇവ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

”ദിവസത്തിൽ രണ്ടുതവണ പല്ല് തേക്കുക, മൗത്ത് വാഷ് ഉപയോഗിക്കുക എന്നിവ ഉൾപ്പെടെയുള്ള നല്ല ദന്ത ശുചിത്വ ദിനചര്യയും പിന്തുടരണം. ഭക്ഷണക്രമത്തിലും ദന്ത ശുചിത്വത്തിലും മാറ്റങ്ങൾ വരുത്തിയതിന് ശേഷവും ഒരാൾക്ക് വായ് നാറ്റം മോണരോഗങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഒരു ദന്തരോഗവിദഗ്ദ്ധനെ സന്ദർശിക്കണം,” അദ്ദേഹം പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഐസ് ഇട്ട തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണോ?

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Foods to eat and avoid to prevent bad breath