അസിഡിറ്റിയുള്ളവർ ഭക്ഷണകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അസിഡിറ്റി അനുഭവിക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയുന്നതിന് ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ന്യൂട്രീഷ്യനിസറ്റ് ലവ്നീത് ബത്ര പറയുന്നു. അസിഡിറ്റിയുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരിക്കുകയാണ് ബത്ര.
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ
കൊഴുപ്പുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ സമയമെടുക്കും. ഇത് എൽഇഎസിലെ സമ്മർദ്ദം കുറയ്ക്കുകയും ആമാശയം ശൂന്യമാക്കുന്നത് വൈകിപ്പിക്കുകയും അതുവഴി റിഫ്ലക്സ് ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
കഫീൻ
കാപ്പിയിലെ സജീവ ഘടകമായ കഫീൻ, ആസിഡ് ഉത്പാദനം വർധിപ്പിക്കുകയും ശരീരത്തിൽ റിഫ്ലക്സിന് കാരണമാവുകയും ചെയ്യുന്നു. അതിനാൽ, ഗ്രീൻ ടീ പോലുള്ള വീര്യം കുറഞ്ഞ ചായകളിലേക്ക് മാറാൻ ശ്രമിക്കുക.
അമിതമായ ഉപ്പ്
സോഡിയം കൂടുതലുള്ള ഭക്ഷണക്രമം അസിഡിറ്റിക്ക് കാരണമാകുമെന്നും ഇത് വയറ്റിലെ അമ്ലം തിരിച്ച് അന്നനാളത്തിലേക്കു പോകുന്ന രോഗാവസ്ഥയായ ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസിന് (GERD) കാരണമാകുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
തക്കാളി
തക്കാളിയിലും തക്കാളി ഉൽപന്നങ്ങളിലും മാലിക്, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും ആമാശയത്തിൽ വളരെയധികം ഗ്യാസ്ട്രിക് ആസിഡ് ഉൽപ്പാദിപ്പിക്കും. തക്കാളി ഗ്യാസ്ട്രിക് ആസിഡിന്റെ അളവ് ഉയർത്തും.
സിട്രസ് പഴങ്ങൾ
സിട്രസ് പഴങ്ങളിൽ (ഓറഞ്ച്, കിവി, നാരങ്ങ) മറ്റ് പഴങ്ങളേക്കാൾ കൂടുതൽ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങളെ വഷളാക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഈ മൂന്നു ഭക്ഷണങ്ങൾ കഴിക്കൂ, അസിഡിറ്റി മാറും