ദഹനപ്രശ്നങ്ങൾ നേരിടുന്ന ഒരാളാണെങ്കിൽ, കഴിക്കുന്ന ഭക്ഷണസാധനങ്ങളാണ് അതിന്റെ പ്രധാന കാരണമെന്ന് തിരിച്ചറിയുക. കുടലിന്റെ ആരോഗ്യം നിലനിർത്തുന്നതിന് ആരോഗ്യകരമായ ചില ഓപ്ഷനുകൾ പരിഗണിക്കേണ്ടതുണ്ട്. ഒന്നിനു പകരം മറ്റേതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് അറിഞ്ഞിരിക്കണം.
ചില ഭക്ഷണ പാനീയ ഓപ്ഷനുകൾ കൂടുതൽ ജനപ്രിയമാണെങ്കിലും, ദഹനാരോഗ്യത്തിനായി അവ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും അവയ്ക്കു പകരം മറ്റു ചില തിരഞ്ഞെടുപ്പുകൾ നടത്തണമെന്നും ന്യൂട്രീഷ്യനിസ്റ്റ് ഭക്തി കപൂർ അടുത്തിടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചു. ചില ഉദാഹരണങ്ങളും അവർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
തണുത്ത ശീതളപാനീയങ്ങൾ രക്തക്കുഴലുകൾ സങ്കോചിപ്പിക്കുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. തണുത്ത വെള്ളം കുടിക്കുമ്പോൾ, ദഹന സമയത്ത് പോഷകങ്ങൾ ആഗിരണം ചെയ്യുന്ന സ്വാഭാവിക പ്രക്രിയ തടസ്സപ്പെടുമെന്ന് അവർ പറഞ്ഞു. തണുത്ത വെള്ളത്തിനു പകരം നാരങ്ങയും ഇഞ്ചിയും ചേർത്ത ചൂടൂള്ള ചായ കുടിക്കുക. ദഹനക്കേട് മൂലമുണ്ടാകുന്ന ചെറിയ വയറുവേദന ഒഴിവാക്കാൻ സഹായിക്കുന്ന സസ്യ രാസവസ്തുക്കൾ നാരങ്ങയിലും ഇഞ്ചിയിലും അടങ്ങിയിട്ടുണ്ട്.
അതുപോലെ,ഇൻഫ്ലാമേറ്ററി (ശുദ്ധീകരിച്ച) എണ്ണയ്ക്കു പകരം കോൾഡ് പ്രസ്ഡ് ഓയിൽ ഉപയോഗിക്കുക. ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, വിറ്റാമിൻ സി, മറ്റ് ഗുണം ചെയ്യുന്ന കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ കോൾഡ് പ്രസ്ഡ് ഓയിൽ തിരഞ്ഞെടുക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പാസ്ത / ശുദ്ധീകരിച്ച ധാന്യങ്ങൾക്ക് പകരം, വെജിറ്റബിൾ നൂഡിൽസ് തിരഞ്ഞെടുക്കുക. നല്ലൊരു ഗ്ലൂറ്റൻ ഫ്രീ ഓപ്ഷനാണ് വെജ് നൂഡിൽസ്. വിറ്റാമിൻ എ, സി, ഇ, കെ പോലുള്ള പോഷകങ്ങളും നാരുകളും (ദഹനത്തിനും ഹൃദയാരോഗ്യത്തിനും നല്ലതാണ്) അവ നൽകുന്നു.
ജ്യൂസുകൾക്ക് പകരം സ്മൂത്തികൾ കഴിക്കുക. വിറ്റാമിൻ സമ്പുഷ്ടമായ നാരുകളുള്ള പൾപ്പ് ഒഴിവാക്കാത്തതിനാൽ സ്മൂത്തികളിൽ ചില അധിക പോഷകങ്ങളുണ്ട്. പ്രധാന പോഷകങ്ങൾ, ധാതുക്കൾ, ഫൈറ്റോകെമിക്കൽസ് എന്നിവയുടെ മികച്ച ഉറവിടമാണ് സ്മൂത്തികൾ. പലതരം പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് സ്മൂത്തികൾ തയ്യാറാക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.