അതീവ ഗുരുതരമായ ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളെയാണ് പക്ഷാഘാതം ബാധിക്കുന്നത്. പ്രതിവർഷം 1.8 ദശലക്ഷത്തോളം ആളുകൾക്ക് പക്ഷാഘാതം സംഭവിക്കുന്നുണ്ട് എന്നാണ് ജിൻഡാൽ നേച്ചർക്യൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. ജി പ്രകാശ് പറയുന്നത്. ഇന്ത്യയിലെ പ്രധാന മരണകാരണങ്ങളിൽ ഒന്നുകൂടിയാണ് പക്ഷാഘാതമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. തലച്ചോറിന്റെ ഭാഗത്തേക്കുള്ള രക്തവിതരണം കുറയുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്. സ്ട്രോക്ക് വന്ന ആളുകളിൽ മസ്തിഷ്ക ക്ഷതവും മറ്റ് സങ്കീർണതകളും വരാതിരിക്കാൻ സമയബന്ധിതമായി മെഡിക്കൽ സഹായം നേടേണ്ടത് നിർണായകമാണ്.
രോഗം വന്നിട്ട് ചികിത്സിക്കുന്നതിലലും നല്ലത്, വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്, പക്ഷാഘാതത്തിന്റെ കാര്യത്തിലും ഇതേറെ പ്രധാനമാണ്. ജീവിതശൈലിയിൽ കുറച്ചുകൂടി ശ്രദ്ധ നൽകിയാൽ ഒരുപരിധി വരെ പക്ഷാഘാതം വരാതെ തടയാം. “അടുത്ത ബന്ധുക്കളെ പോലെയാണ് ഹൃദ്രോഗവും പക്ഷാഘാതവും. രണ്ടും പാരമ്പര്യം (ജീനുകൾ), ശീലങ്ങൾ, വളർന്നുവരുന്ന രീതികൾ, വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ (വ്യായാമം, പുകവലി, മദ്യപാനം) എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നമ്മളിൽ ഭൂരിഭാഗം പേരിലും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ് പക്ഷാഘാതത്തിനുള്ള കാരണമായി മാറുന്നത്, ആയുർവേദ വിദഗ്ധ ഡോ. ദിക്സ ഭവ്സർ പറയുന്നതിങ്ങനെ.
“ആരോഗ്യകരമായ ജീവിതശൈലിയ്ക്ക് ഒരാളിൽ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയെ 80 ശതമാനം കുറയ്ക്കാൻ കഴിയും. മരുന്നിനേക്കാളും മറ്റെന്തിനേക്കാളും പ്രധാനം അതാണ്,” സ്‌ട്രോക്കിൽ നിന്ന് സ്വയം പ്രതിരോധിക്കുന്നതിനുള്ള ലളിതമായ നുറുങ്ങുകൾ പങ്കിട്ടുകൊണ്ട് ദിക്സ കുറിച്ചു.
പക്ഷാഘാതത്തെ പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- ശരീരഭാരം കുറയ്ക്കുക
- രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കുക
- ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്തുക
- പ്രമേഹം നിയന്ത്രിക്കുക
- പുകവലി ഉപേക്ഷിക്കുക
- മദ്യപാനം പരിമിതപ്പെടുത്തുക
- സ്ഥിരമായി വ്യായാമം ചെയ്യുക
നാഷണൽ സ്ട്രോക്ക് അസോസിയേഷൻ വികസിപ്പിച്ച ഫാസ്റ്റ് (FAST), സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ സഹായകമാണെന്നും അവർ കൂട്ടിച്ചേർത്തു. മുഖം (Face), കൈകൾ (Arms), സംസാരം (Speech), സമയം (Time) എന്നിവയുടെ ചുരുക്കെഴുത്താണ് ഫാസ്റ്റ് (FAST).
ഫാസ്റ്റിൽ പറയുന്ന താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്ട്രോക്കോ/സ്ട്രോക്കിനുള്ള സാധ്യതയോ പ്രാഥമികമായി വിലയിരുത്താനാവും.
- മുഖം: പുഞ്ചിരിക്കുമ്പോൾ നിങ്ങളുടെ മുഖത്തിന്റെ ഒരു വശം താഴുന്നുണ്ടോ?
- കൈകൾ: രണ്ട് കൈകളും തലയ്ക്ക് മുകളിലൂടെ ഉയർത്തുക, ഒന്ന് താഴേക്ക് തെന്നി വീഴുന്നുണ്ടോ?
- സംസാരം: ശബ്ദം മങ്ങിയതായോ സംസാരം വിചിത്രമായോ തോന്നുന്നുണ്ടോ??
- സമയം: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ സമയം കളയാതെ മെഡിക്കൽ സഹായം നേടുക.
“ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടാൽ, മൂന്ന് മണിക്കൂറിനുള്ളിൽ വൈദ്യസഹായം നേടാൻ കഴിഞ്ഞാൽ, സ്ഥിരമായ വൈകല്യത്തിലേക്കോ മരണത്തിലേക്കോ പോവാതെ രോഗിയെ പക്ഷാഘാതത്തിൽ നിന്നും രക്ഷിച്ചെടുക്കാൻ സാധിക്കും,” ഡോ. ദിക്സ ഭവ്സർ കൂട്ടിച്ചേർത്തു. സ്‌ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രധാനം ചികിത്സ ആരംഭിക്കുന്നതിനു മുന്‍പ് പാഴാക്കുന്ന സമയമാണ്. ചികിത്സ വൈകുന്ന ഓരോ മിനിറ്റിലും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിക്കുന്നത്.