scorecardresearch
Latest News

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഇതാ അഞ്ച് വഴികൾ

ചായക്കൊപ്പം രുചികരമായ ലഘുഭക്ഷണം ആർക്കാണ് ഇഷ്ടമല്ലാത്തത്?. പക്ഷേ, ഈ ശീലം ദോഷകരമാണ്

വിശപ്പ് അനുഭവപ്പെട്ടു തുടങ്ങിയാൽ പിന്നെ നമ്മളിൽ പലർക്കും പിടിച്ചു നിൽക്കാനാവില്ല. മണിക്കൂറുകളോളം കഴിക്കാതെ, പെട്ടെന്ന് വിശപ്പ് അനുഭവപ്പെടുമ്പോൾ, വിശപ്പ് അകറ്റാനായി ചോക്ലേറ്റുകൾ, ഐസ്ക്രീം, പിസ്സ എന്നിവ കഴിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുക. ചിലരിൽ ഭക്ഷണത്തോടുളള ആസക്തി കൂടുതലായിരിക്കും.

ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനോ അല്ലെങ്കിൽ ശരീര ഭാരം കുറയ്ക്കാനോ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഭക്ഷണത്തോടുളള ആസക്തി നിയന്ത്രിക്കേണ്ടതായുണ്ട്. ”നിങ്ങൾ ആഗ്രഹിക്കുന്ന ഭക്ഷണത്തിൽ പഞ്ചസാര, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കൂടുതലായിരിക്കും. അവ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ താളം തെറ്റിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഇടവരുത്തുകയും ചെയ്യും,” കോസ്മിക് ന്യൂട്രാകോസ് സൊല്യൂഷൻസ് സ്ഥാപകനും ഡയറക്ടറുമായ ഡോളി കുമാർ പറഞ്ഞു.

കലോറി കൂടുതൽ അടങ്ങിയ ഭക്ഷണത്തോടുളള ആസക്തി കുറയ്ക്കുന്നതിനുളള അഞ്ചു വഴികൾ

നിങ്ങളുടെ ഭക്ഷണക്രമം മുൻകൂട്ടി പ്ലാൻ ചെയ്യുക

നിങ്ങൾ കഴിക്കുന്ന ഭക്ഷണം എന്തൊക്കെയാവണം എന്നത് പ്ലാൻ ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല; വാസ്തവത്തിൽ ഇവിടെ ഒരു പഴഞ്ചൊല്ല് ഓർക്കണം: രാജാവിനെപ്പോലെ പ്രഭാതഭക്ഷണം, രാജകുമാരനെപ്പോലെ ഉച്ചഭക്ഷണം, ദരിദ്രനെ പോലെ അത്താഴം.

Read More: മുറിവ് ഉണക്കും, ആരോഗ്യകരമായ ചർമ്മം നിലനിർത്തും; മഞ്ഞളിന്റെ ഗുണങ്ങൾ

”അതിനർത്ഥം പ്രഭാത ഭക്ഷണമാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കുന്നതിനും ദിവസം മുഴുവൻ നിങ്ങളെ ഊർജസ്വലരാക്കുന്നതിനും സഹായിക്കും,” കുമാർ പറഞ്ഞു. വയറു നിറയെയും കൊഴുപ്പുള്ളതുമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ അവർ നിർദേശിച്ചു. ”ജോലിചെയ്യുമ്പോൾ നിങ്ങൾക്ക് ഇത് അലസത ഉണ്ടാക്കും. വീട്ടിൽ പാകം ചെയ്ത ചപ്പാത്തി, വഴറ്റിയ പച്ചക്കറികൾ എന്നിവ കഴിക്കാം. പച്ചക്കറികൾ കൊണ്ടുളള സാലഡും നല്ലതാണ്.”

അത്താഴത്തിന് സാധാരണയായി അമിതമായി ഭക്ഷണം കഴിക്കുന്നവരാണ് കൂടുതലും. അതിന് നിങ്ങൾ തന്നെ ഭക്ഷണത്തിന്റെ അളവ് സ്വയം നിയന്ത്രിക്കേണ്ടതുണ്ട്.

ആരോഗ്യകരമായ ബാലൻസ്

നിങ്ങളുടെ ഭക്ഷണം കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയുടെ ആരോഗ്യകരമായ ബാലൻസ് ആയിരിക്കണം. ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ പോലുള്ള ഫൈബർ നിങ്ങൾ കഴിക്കുന്നുവെന്ന് ഉറപ്പാക്കുക. ഇത് ദഹനത്തെ സഹായിക്കും. പ്രോട്ടീന്റെ മികച്ച ഉറവിടമായതിനാൽ മുട്ടയുടെ വെള്ളയോ സോയയോ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ആരോഗ്യകരമായ ലഘുഭക്ഷണം

ചായക്കൊപ്പം രുചികരമായ ലഘുഭക്ഷണം ആർക്കാണ് ഇഷ്ടമല്ലാത്തത്?. പക്ഷേ, ഈ ശീലം ദോഷകരമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. നിങ്ങൾക്ക് കലോറി കുറയ്ക്കണമെങ്കിൽ, നിങ്ങളുടെ ലഘുഭക്ഷണത്തോടുളള ആസക്തി നിയന്ത്രിക്കാനുള്ള ഏറ്റവും മികച്ച മാർഗം ആരോഗ്യകരമായ ഓപ്ഷനുകളിലേക്ക് മാറുക എന്നതാണ്. ബദാം പോലുളള നട്സോ പഴങ്ങളോ നിങ്ങൾക്ക് കഴിക്കാം. വേവിച്ച ചോളം, പഴങ്ങൾ എന്നിവ കഴിക്കുന്നത് പോലും ഭക്ഷണ ആസക്തിയെ നിയന്ത്രിക്കുമെന്ന് കുമാർ പറയുന്നു.

പഞ്ചസാരയ്ക്കു പകരം സ്റ്റീവിയ

ചിലരിൽ പഞ്ചസാരയുടെ ആസക്തി സാധാരണമാണ്. പഞ്ചസാരയുടെ അളവ് കുറയ്ക്കുകയോ പകരം മറ്റെന്തെങ്കിലും കഴിക്കുകയോ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനും ഭാവിയിൽ പ്രമേഹത്തിനുള്ള സാധ്യത ഇല്ലാതാക്കാനും സഹായിക്കുമെന്ന് അവർ പറഞ്ഞു. പഞ്ചസാരയ്ക്കു പകരം കലോറി രഹിത മധുരപലഹാരമായ സ്റ്റീവിയ ഉപയോഗിക്കുക.

ജീവിത ശൈലിയിലെ മാറ്റം

”നമുക്ക് ആവശ്യമുളള ഭക്ഷണത്തേക്കാൾ കൂടുതലാണ് പലപ്പോഴും നമ്മൾ കഴിക്കാറുളളത്. അതുകൊണ്ടാണ് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് പോലുള്ള ചില അടിസ്ഥാന മാറ്റങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ പരിവർത്തനം ചെയ്യുന്നത്. ചിലപ്പോൾ ഭക്ഷണ ആസക്തിയും മനഃശാസ്ത്രപരമായിരിക്കും. അത്തരം സന്ദർഭങ്ങളിൽ, ഒരു വലിയ ഗ്ലാസ് വെള്ളം കുടിക്കുന്നത് അവയെ നിയന്ത്രിക്കാൻ സഹായിക്കും. ഉറക്കത്തെ ഒരിക്കലും അവഗണിക്കരുത്, ദൈനംദിന ധ്യാനവും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും ഉൾപ്പെടുന്ന ഒരു ദിനചര്യ എല്ലായ്പ്പോഴും പാലിക്കുക,”
കുമാർ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Five ways to help curb your calorie craving