പലവിധ രോഗങ്ങൾക്കുമുളള മരുന്നുകൾ നമ്മുടെയൊക്കെ വീട്ടിൽ തന്നെയുണ്ട്. ഇവയെല്ലാം തന്നെ നമ്മുടെ അടുക്കളയിൽനിന്നും വളരെ എളുപ്പത്തിൽ കണ്ടെത്താം. ഈ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ചേർക്കാൻ വേണ്ടി മാത്രമുളളതാണെന്നു കരുതരുത്. അവയൊക്കെ രോഗപ്രതിരോധ ശേഷിയുള്ള യോദ്ധാക്കളാണ്.
സുഗന്ധവ്യഞ്ജനങ്ങൾ നമ്മുടെ രക്ഷകരാണെന്ന് പലർക്കും അറിയില്ല. നമ്മുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിലൂടെ നിരവധി വൈറസുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ടാറ്റ ന്യൂട്രികോർണറിലെ ന്യൂട്രീഷ്യൻ വിദഗ്ധയായ കവിത ദേവ്ഗൺ ചൂണ്ടിക്കാണിക്കുന്നു. പനിയെ പ്രതിരോധിക്കാൻ സഹായിക്കുന്ന 5 സുഗന്ധ വ്യജ്ഞനങ്ങൾ ഇതാ.
Read Also: CoronaVirus Covid 19: കൊറോണ: കരുതല്, പ്രതിരോധം: അറിയേണ്ടതെല്ലാം
മഞ്ഞൾ
കുർക്കുമിനാൽ സമ്പുഷ്ടമാണ് മഞ്ഞൾ. ആൻറിവൈറൽ ഗുണങ്ങൾ ഉള്ളതിനാൽ പനിയെ പ്രതിരോധിക്കാൻ സഹായിക്കും. നിങ്ങളുടെ ശരീരത്തിലെ ഇൻഫ്ലാമേറ്ററി എൻസൈമുകളുടെ (അണുബാധ മൂലമുണ്ടാകുന്ന) അളവ് കുറയ്ക്കുന്നതിനും രക്തത്തെ ശുദ്ധീകരിക്കുന്നതിനും കുർക്കുമിൻ സഹായിക്കുന്നു. ”ഇത് ആന്റി ഓക്സിഡൻറുകൾ, ആന്റി ഫംഗസ്, ആന്റി മൈക്രോബയൽ, ആന്റി ബാക്ടീരിയൽ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. അണുബാധ തടയാൻ സഹായിക്കുന്നു. സ്വാഭാവിക എണ്ണകളാൽ സമ്പുഷ്ടമായതും കുറഞ്ഞത് മൂന്ന് ശതമാനം കർകുമിൻ അളവുള്ളതുമായ മഞ്ഞൾപ്പൊടി പനിയെ പ്രതിരോധിക്കാനായി എല്ലായ്പ്പോഴും തിരഞ്ഞെടുക്കുക” ദേവ്ഗൺ പറഞ്ഞു.
ജീരകം
ജീരകത്തിൽ നിറയെ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിന്റെ അവിഭാജ്യ ഘടകമായ ഇത് ശ്വാസകോശത്തിൽ നിന്ന് ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും ഓക്സിജനെ എത്തിക്കാൻ സഹായിക്കുന്നു. ഊർജ ഉൽപാദനത്തിനും ഉപാപചയ പ്രവർത്തനത്തിനും ആവശ്യമായ ഇത് രോഗപ്രതിരോധ ശേഷി ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.
കുരുമുളക്
കുരുമുളക് ഒരു ആന്റിഓക്സിഡന്റും ആന്റി ബാക്ടീരിയൽ ഏജന്റുമാണ്, അതിനാൽ മൊത്തത്തിലുള്ള ആരോഗ്യത്തെ ഇത് സഹായിക്കുമെന്ന് ദേവ്ഗൺ പറയുന്നു. ഇതിൽ വിറ്റാമിൻ സിയുമുണ്ട്. ഇത് സ്വാഭാവികമായും പ്രതിരോധശേഷി വർധിപ്പിക്കുകയും മികച്ച ആന്റിബയോട്ടിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നു.
ഗ്രാമ്പൂ
ഗ്രാമ്പൂ ഒരു ഓർഗാനിക് എക്സ്പെക്ടറന്റാണ്. ഇത് തൊണ്ടയിലെയും അന്നനാളത്തിലെയും കഫം ഇല്ലാതാക്കാൻ സഹായിക്കുകയും ശ്വാസകോശ അണുബാധ തടയാൻ സഹായിക്കുകയും ചെയ്യുന്നു. ”നിങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ എല്ലായ്പ്പോഴും ഒരു ഗ്രാമ്പൂ നിങ്ങളുടെ നാവിനടിയിൽ വയ്ക്കുക (എന്നിട്ട് സാവധാനം നുണയുക). ഗ്രാമ്പൂ ചായ കുടിക്കുന്നതും ഒരു മികച്ച ആശയമാണ്” ദേവ്ഗൺ നിർദേശിക്കുന്നു.
അയമോദകം
അടുക്കളയിൽ എളുപ്പത്തിൽ കാണപ്പെടുന്ന അയമോദകവും ജലദോഷവും മൂക്കടപ്പും എളുപ്പത്തിൽ ഒഴിവാക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.