സോയാബീൻ, ചെറുപയർ, ബീൻസ് തുടങ്ങിയ പയർവർഗ്ഗ കുടുംബത്തിൽ പെട്ടതാണ് ഗ്രീൻ പീസ് അഥവാ പച്ച പട്ടാണി. ഇവയിൽ താരതമ്യേന കലോറി കുറവാണ്, എന്നാൽ വിറ്റാമിനുകൾ എ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, ആന്റിഓക്സിഡന്റുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് ഗ്രീൻ പീസ്.
കാഴ്ചശക്തി വർധിപ്പിക്കും
ഗ്രീൻപീസിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ കരോട്ടിനോയിഡുകൾ നല്ല കാഴ്ചശക്തി നൽകുന്നതിനൊപ്പം തിമിരം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കമ്പ്യൂട്ടർ, ടിവി, മൊബൈൽ സ്ക്രീനുകൾ എന്നിവയിൽ നിന്ന് പുറപ്പെടുവിക്കുന്ന ഹാനികരമായ നീല വെളിച്ചം കണ്ണിനേൽപ്പിക്കുന്ന ക്ഷതങ്ങളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാനും ഇവയ്ക്ക് സാധിക്കും.
ദഹനം എളുപ്പമാക്കും
ഗ്രീൻ പീസിൽ അടങ്ങിയിട്ടുള്ള നാരുകൾ മെച്ചപ്പെട്ട ദഹനം സാധ്യമാക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന കൂമെസ്ട്രോൾ ആമാശയ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ഗ്രീൻ പീസിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ ഇൻഫ്ളമേഷൻ കുറയ്ക്കുകയും രക്തക്കുഴലുകളുടെ ഭിത്തിയിൽ അനാരോഗ്യകരമായ പ്ലാഗുകൾ അടിയുന്നത് തടയുകയും ചെയ്യും. ഗ്രീൻ പീസിലുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. .
പ്രതിരോധശേഷി വർധിപ്പിക്കും
ഗ്രീൻപീസിലുള്ള വിറ്റാമിൻ സി, ഇ, സിങ്ക്, കാറ്റെകിൻ, എപ്പികാടെകിൻ എന്നിവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കുന്നു. ഒപ്പം, ഹൃദ്രോഗം, പ്രമേഹം, സന്ധിവാതം തുടങ്ങിയ ഇൻഫ്ളാമേറ്ററി അവസ്ഥകളെ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് ഗ്രീൻ പീസിൽ ധാരാളമായി അടങ്ങിയ വിറ്റാമിൻ എ, ബി, കൊളസ്ട്രോൾ, ഫെറുലിക്, കൂമെസ്ട്രോൾ എന്നിവ.